Loading ...

Home cinema

2018 ലെ നല്ല നടന്‍?



സിനിമാരംഗത്ത് മാളയിലെ മാണിക്യമായി തിളങ്ങിനിന്നിരുന്നത് മാള അരവിന്ദനാണ്. അരവിന്ദന്റെ നാട്ടില്‍ നിന്നും 24 വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ഥി ജോജു ജോര്‍ജ്ജ് സിനിമാഭ്രാന്തുപിടിപെട്ട് ലൊക്കേഷനുകള്‍തോറും കയറിയിറങ്ങി. സിനിമയില്‍ മുഖം കാണിക്കാന്‍ വേണ്ടി. ഒടുവില്‍ ആദ്യ സിനിമ എന്നു പറയാന്‍ ‘മാനത്തെ കൊട്ടാരം’ ലഭിച്ചു. ആ സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പദവിയിലെത്തിയത്.’ കുറെ ചിത്രങ്ങളില്‍ ഇങ്ങനെ മുഖം കാണിച്ചും ഒരു ഡയലോഗുപറഞ്ഞും മുഖത്തിന്റെ ക്ലോസപ് കിട്ടിയും ജോജു ജോര്‍ജ്ജ് സന്തോഷത്തോടെ തന്റെ സിനിമാ യാത്ര തുടര്‍ന്നു. കിട്ടിയതെല്ലാം നേട്ടമായി കരുതി. ലക്ഷ്യത്തിലേക്കുളള യാത്ര കല്ലും മുള്ളും പാറകളും നിറഞ്ഞതാണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ പുഞ്ചിരിയോടെ എല്ലാം അതിജീവിച്ചു. എതിരാളികളെ സുഹൃത്തുക്കളാക്കി. തോല്‍ക്കാന്‍ മനസില്ലെന്നു ദൃഢപ്രതിജ്ഞ എടുത്തു. അത്രയ്ക്കും ആത്മവിശ്വാസത്തോടെയാണ് ജോജു സിനിമയെ സമീപിച്ചത്. നാളെ ഒരു ദിനം തനിക്കും വന്നുചേരും പൂര്‍ണ വിശ്വാസം.മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇടയ്ക്കുവച്ച് വഴിമാറിപ്പോകുമായിരുന്നു. എന്നാല്‍ ചെറുതും വലുതുമായ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനാകുകയായിരുന്നു ജോജു ജോര്‍ജ്ജ്.
ഹോട്ടല്‍ കാലിഫോര്‍ണിയ, ബെസ്റ്റ് ആക്ടര്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും തുടങ്ങിയ സിനിമകള്‍ ജോജു ജോര്‍ജ്ജിന്റെ ജീവിതത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കി. ഭാവിയിലേക്ക് ഒരു നല്ല നടന്‍ എന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍ പുതിയ ഒരാള്‍ വരുന്നത് അസൂയയോടെ നോക്കുന്നവര്‍ക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല. വഴിമുടക്കികള്‍ ഉണ്ടായിട്ടും പുഷ്പംപോലെ അതെല്ലാം എടുത്തു മാറ്റി ലക്ഷ്യത്തിലേക്ക് യാത്ര തുടര്‍ന്നു.
ഇതിനിടയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ചാര്‍ലി, മഞ്ജുവാര്യര്‍ നായികയായ ഉദാഹരണം സുജാത എന്നീ സിനിമകളുടെ നിര്‍മാണവുമായി സഹകരിച്ചു. ആ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഒരു നല്ല നടന്റെ എല്ലാ ലക്ഷണങ്ങളും ഉദാഹരണം സുജാതയിലെ ചെറിയ വേഷത്തിനുണ്ടായിരുന്നു.
അതേസമയം ജോജുവിന് അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അവാര്‍ഡ് ലഭിച്ചത് ആരും അറിഞ്ഞില്ല. അതില്‍ പറഞ്ഞിരിക്കുന്ന പേരിലുണ്ടായ തെറ്റിദ്ധാരണയാണ് ജോജു ജോര്‍ജിന്റെ അവകാശം നിഷേധിക്കപ്പെട്ടത്. എവിടെയാണ് തെറ്റുപറ്റിയത്. അതോ ആരെങ്കിലും മനഃപൂര്‍വം പേരുമാറ്റി എഴുതിയതായിരുന്നോ? എന്തായാലും വിവാദങ്ങള്‍ക്ക് പുറകെയായിരുന്നില്ല ജോജു. അതിനുള്ള സമയവും താന്‍ സൂക്ഷിച്ചിരുന്നില്ല. എങ്കിലും തന്റെ പേര് താനറിയാതെ ജോസഫ് ജോര്‍ജ്ജ് എന്ന് അവാര്‍ഡ് പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തതില്‍ ലേശം വേദന തോന്നി. ഈ പേരുകാരന്‍ ജോജു ജോര്‍ജ്ജാണെന്ന് പലരും അറിഞ്ഞില്ല.
എന്നാല്‍ 2018 നവംബര്‍ 16-ാം തീയതി ജോജുവിന്റെ ജീവിതത്തിലും സിനിമാ ജീവിതത്തിലും ഒരു ടേണിങ് പോയിന്റ് സംഭവിച്ചു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന സിനിമ ആദ്യ ഷോ മുതല്‍ ഗംഭീര അഭിപ്രായം നേടി. വാര്‍ത്തയാകാതെ ചിത്രീകരണം തുടങ്ങിയ സിനിമയായിരുന്നു. അതിനു പ്രധാന കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്തതായിരുന്നു. ഇങ്ങനെ ഒരു സിനിമയാണ് 24 വര്‍ഷം ജോജു ജോര്‍ജ്ജ് കാത്തിരുന്നത്. ‘ജോസഫ്’ അതിഗംഭീര അഭിപ്രായം നേടിയപ്പോള്‍ അത് ജോജു ജോര്‍ജ്ജിനുള്ള അംഗീകാരം കൂടിയായി. സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. ജോസഫിനെ അവതരിപ്പിച്ച ജോജു ജോര്‍ജ്ജാണ് 2018 ലെ നല്ല നടന്‍. അപ്പോഴും ജോജു ചിരിച്ചു.
”ജോസഫില്‍ നായകന്‍ ജോജു ആണെന്നറിഞ്ഞപ്പോള്‍ പലരും പിന്മാറിയെന്നു കേട്ടു. അതിലെത്ര സത്യമുണ്ട്?”
അക്കാര്യം പറഞ്ഞ് വിവാദമുണ്ടാക്കാനല്ല എന്റെ ശ്രമം. ഇനിയും നല്ല നല്ല സിനിമകളും വലുതും ചെറുതുമായ കഥാപാത്രങ്ങളുമാണ് എന്റെ ലക്ഷ്യം. ഒരു സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടമാണ്.
”എന്നാലും അതില്‍ എന്തെങ്കിലും സത്യമുണ്ടോ?”
ഞാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പല നടികളും പിന്മാറി. നടിമാര്‍ മാത്രല്ല നടന്മാരും. അതുകൊണ്ട് പുതിയവര്‍ക്ക് അവസരം ലഭിച്ചു. ഈ സിനിമയുടെ വിജയം കാണുമ്പോള്‍ തോന്നുന്നു ഓരോരുത്തര്‍ക്കും വിധിച്ചതേ ലഭിക്കൂ. അല്ലെങ്കില്‍ ഒരൊറ്റ സിനിമ കൊണ്ട് പ്രശസ്തരായവരില്ലേ? എന്റെ 24 വര്‍ഷമാണ് ഞാന്‍ ഈ ഒരു നിമിഷത്തിനുവേണ്ടി നീക്കിവച്ചത്. അതുകൊണ്ട് എന്റെ വിലപ്പെട്ട സമയം സിനിമക്കുവേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയുമാണ്.
‘ജോസഫ്’ ഒരു കുറ്റാന്വേഷണ കഥയാണ്.
ജോസഫ് റിട്ടയേര്‍ഡ് പൊലീസ് കോണ്‍സ്റ്റബിളാണ്. സര്‍വീസിലിരിക്കുമ്പോള്‍ കുറ്റാന്വേഷണങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു ജോസഫ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട തന്റെ ഭാര്യയുടെ മരണത്തിലുണ്ടാകുന്ന സംശയം അതിന്റെ സത്യാന്വേഷണങ്ങളിലേക്ക് തിരിയുവാന്‍ ജോസഫിനെ പ്രേരിപ്പിക്കുന്നു. ഈ സത്യാന്വേഷണത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കയ്യില്‍ കിട്ടിയ നിധിപോലെ ജോസഫിനെ ജോജു സംരക്ഷിച്ചു. ആ നിധി ജോജുവിന്റെ സ്വന്തമായി.
ചാര്‍ലി, ഉദാഹരണം സുജാത എന്നീ സിനിമകള്‍ നിര്‍മിച്ചതുപോലെ ജോസഫും നിര്‍മിച്ചത് ജോജുഅല്ലെ? പിന്നെന്തുകൊണ്ടാണ് നിര്‍മാതാവിന്റെ സ്ഥാനത്ത് പേരു കാണാത്തത്?
ജോസഫ് സിനിമ പെട്ടെന്ന് ഉണ്ടായതല്ല, ഇതിന്റെ കഥയുമായി തിരക്കഥാകൃത്ത് ഷാഫി രണ്ടു വര്‍ഷം മുമ്പാണ് സമീപിച്ചത്. കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ത്രില്‍ അടിച്ചു. ഈ കഥ സിനിമയാക്കാന്‍ പലരേയും സമീപിച്ചു. മാര്‍ക്കറ്റ് ഇല്ലാത്ത നടനായതുകൊണ്ട് എന്നെ വച്ച് സിനിമ ചെയ്യാന്‍ ഒരു നിര്‍മാതാവും തയാറായില്ല. അങ്ങനെ തല്‍ക്കാലം ആ മോഹം ഉപേക്ഷിച്ചു. പിന്നീടാണ് പത്മകുമാറിന്റെയടുത്ത് തിരക്കഥയുമായി ഷാഫി ചെന്നത്. തിരക്കഥ വായിച്ച പത്മകുമാര്‍ ജോസഫിനെ അവതരിപ്പിക്കാന്‍ എന്റെ പേര് നിര്‍ദ്ദേശിച്ചു. മുപ്പത് ദിവസം പിന്നിട്ടപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ ഞാനാ പ്രോജക്ട് ഏറ്റെടുത്തു. അല്ലായിരുന്നെങ്കില്‍ ജോസഫ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യുമായിരുന്നില്ല. കാഴ്ചയില്‍ ഒരു കൊച്ചുപടമാണെന്ന് ജോസഫിനെ വിലയിരുത്തിയവര്‍ ഉണ്ട്. ഒരു വലിയ സിനിമക്കുവേണ്ട ചെലവെല്ലാം ജോസഫിനും വന്നു. ഇപ്പോള്‍ 50 ദിവസം പിന്നിട്ടു. അപ്പോഴും എനിക്കിഷ്ടം അഭിനേതാവിന്റെ പേരില്‍ അറിയപ്പെടാനാണ്.
ഇരുപത്തിനാല് വര്‍ഷം വീട്ടുകാര്‍ എങ്ങനെ സഹിച്ചു?
എനിക്ക് സിനിമ മാത്രമാണ്. ഊണിലും ഉറക്കത്തിലും അല്ലാത്തപ്പോഴും. അതിനുവേണ്ടി ഞാന്‍ സുന്ദര നുണകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടുകാരില്‍ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു കാര്യം കടം വാങ്ങാന്‍ ഞാന്‍ മിടുക്കനാണ്. ആരേയും പറ്റിച്ചിട്ടില്ല. എല്ലാം റോളിങ് ആയിരുന്നു. എന്റെ സ്വഭാവ രീതിയിലുള്ള പ്രത്യേകത കൊണ്ടാകാം സാമ്പത്തിക റോളിങ് യാതൊരു തടസവും ഇല്ലാതെ ഒഴുകി. കടം വാങ്ങി നിശ്ചിതസമയത്തിനുമുമ്പ് മറ്റൊരാളില്‍ നിന്നും കടം വാങ്ങി മുന്‍ കടക്കാരനു എത്തിക്കുമായിരുന്നു. അങ്ങനെ മറ്റുള്ളവരുടെ പണം ബുദ്ധിപരമായി കൈകാര്യം ചെയ്ത് വിശ്വാസം നേടി. വീട്ടിലെ ആവശ്യങ്ങള്‍ നടത്തിയിരുന്നതുകൊണ്ട് അവരുടെ മുന്നിലും നല്ലവനായി.
ചെറുപ്പകാലത്ത് സിനിമയുമായുള്ള ബന്ധം?
ഞങ്ങളുടെ നാട്ടിലെ സിനിമാ തിയേറ്റര്‍. അല്ലാതെ ഒരു ബന്ധവും എനിക്കുണ്ടായിരുന്നില്ല. സിനിമ കണ്ട് കണ്ട് ഞാനും ചിന്തിച്ചു പോയി. ഒരു ദിവസം എന്റെ സിനിമയും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം മുന്ന് പ്രധാന സിനിമകളാണ് എന്റേതായി പ്രദര്‍ശിപ്പിച്ചത്.
ജോസഫ് ആണ് എവിടെയും സംസാരവിഷയം. അത്രക്കും പബ്ലിസിറ്റിയും മൗത്ത് പബ്ലിസിറ്റിയും ജോസഫിനു ലഭിച്ചു. നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന് പ്രേക്ഷകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജോജിക്കെന്തു തോന്നുന്നു?
അമ്മയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു പറയുന്നതുപോലെയാണ് എന്റേയും സ്ഥിതി. നല്ല സിനിമ എന്നു പറഞ്ഞു കേട്ടപ്പോള്‍ സന്തോഷിച്ചു. അതിലെ അഭിനയത്തിനു അവാര്‍ഡ് കിട്ടുമെന്നു കേട്ടപ്പോഴും സന്തോഷിച്ചു. അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. കിട്ടിയാല്‍ ഒന്നും വേണ്ടെന്നു പറയില്ല. അതേസമയം അതിന്റെ പിന്നാലെ നടക്കാനും ഇഷ്ടമല്ല. എനിക്ക് സിനിമയാണ് ഹരം. വലുതും ചെറുതുമായ സിനിമ. അത്തരം കഥാപാത്രങ്ങള്‍. നല്ല നടനെന്ന പേര് എന്നും നിലനിര്‍ത്തത്തക്ക കഥാപാത്രങ്ങളെ അവതരിപ്പിക്കണം.
സെക്‌സി ദുര്‍ഗക്കുശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലായിലും നായകനായി. അതിന്റെ അനുഭവം?
സനല്‍ കുമാര്‍ ശശിധരന്റെ മറ്റൊരു വ്യത്യസ്ത സിനിമയാണ് ‘ചോല’, ഞാന്‍ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും ഞങ്ങള്‍ മൂന്നു പേരാണ് പ്രധാന കഥാപാത്രങ്ങള്‍. ഞാന്‍ നിമിഷ പുതുമുഖം അഖില്‍, വാഗമണ്‍, കാട് എല്ലാം നിറഞ്ഞതാണ് സിനിമ. ഈ സിനിമകളുടെ മറ്റൊരു പ്രത്യേകത, പൂര്‍ണമായും എഴുതി തയാറാക്കിയ തിരക്കഥയോടു കൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ‘ജോസഫ്’ ഷെഡ്യൂള്‍ ബ്രേക്കായപ്പോഴാണ് ‘ചോല’യില്‍ അഭിനയിച്ചത്. ആ സ്‌കൂളിലെ അനുഭവങ്ങളും ജോസഫ് തുടര്‍ന്ന് അഭിനയിച്ചപ്പോള്‍ എനിക്ക് ഏറെ ഗുണം ചെയ്തു.
‘ജോസഫ്’ ആഘോഷിക്കുന്നില്ലെ?
വേണമെന്നാണ് അഭിപ്രായം. ജോസഫിന്റെ ആഘോഷം നടത്തുന്നത് ഏതെങ്കിലും ‘വൃദ്ധസദന’ത്തില്‍ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഇത്രയും വര്‍ഷം താങ്കളെ സഹിച്ച കുടുംബത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ?
സന്തുഷ്ട കുടുംബമാണ് എന്റേത്. അപ്പനും അമ്മയും സഹോദരിയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് എന്റെ സന്തോഷ ഭവനം. മൂന്നു മക്കളില്‍ ആദ്യത്തേത് ഇരട്ടകളാണ്. അവര്‍ക്ക് പത്ത് വയസ്. മൂന്നാമത്തെ മകന് ആറു വയസ്. പുതിയ വര്‍ഷം നല്ല സിനിമകളുടെ ഭാഗമാകാന്‍ തന്നെയാണ് ആഗ്രഹം. ‘ചോല’അടക്കം പല നല്ല സിനിമകളും അടുത്ത വര്‍ഷത്തെ സിനിമകളുടെ ലിസ്റ്റിലാണുള്ളത്.
എന്താണ് പറയാനുള്ളത്?
നല്ല സിനിമകള്‍ ഉപേക്ഷിക്കരുത്. താരമൂല്യം അതില്‍ കുറവാണെങ്കിലും സിനിമ കാണാതെ വിമര്‍ശിക്കരുത്, സിനിമ കണ്ട് വിമര്‍ശിക്കുക, കുറ്റങ്ങളും കുറവുകളും അതിന്റെ ഭാഗമാകട്ടെ.. ഞങ്ങളെപ്പോലുള്ളവര്‍ക്ക് തിരുത്താന്‍ തക്ക നിലവാരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകട്ടെ…

Related News