Loading ...

Home National

‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’, അനുപം ഖേറിനെതിരെ കേസ്

പട്‌ന: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥയെ ആധാരമാക്കി ഇറങ്ങുന്ന ബോളിവുഡ് ചിത്രം ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ പേരില്‍ നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് കേസ് നല്‍കിയിരിക്കുന്നത്. മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി എട്ടിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ പ്രസ് അഡ്‌വൈസര്‍ സഞ്ജയ് ബാരുവിനെയും അവതരിപ്പിച്ച അനുപം ഖേര്‍, അക്ഷയ് ഖന്ന എന്നിവര്‍ക്കെതിരെയാണ് പരാതി. ‘ഇത് എന്നെയും മറ്റ് പലരേയും വേദനിപ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും ചിത്രത്തില്‍ വ്യക്തിഹത്യ ചെയ്യുന്നു എന്നാണ് സുധീര്‍ കുമാര്‍ ഉന്നയിക്കുന്ന ആരോപണം. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതിനു പിന്നാലെയാണ് ചിത്രത്തെ ചൊല്ലിയുള്ള ബിജെപി കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായത്.

പിന്തുടര്‍ച്ചാവകാശി എത്തും വരെ പ്രധാനമന്ത്രി പദം വഹിച്ച രാജപ്രതിനിധി മാത്രമായിരുന്നോ മന്‍മോഹന്‍സിംഗ് എന്ന് ബിജെപി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വിവാദങ്ങളോട് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചില്ല. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിക്കുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബിജെപിയുടെ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു 2014ല്‍ പ്രസിദ്ധീകരിച്ച ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍: ദി മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഒഫ് മന്‍മോഹന്‍ സിംഗ്’എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. മുന്‍ യുപിഎ സര്‍ക്കാരിലെ രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രം ജനുവരി 11നാണ് തിയേറ്ററുകളിലെത്തുക.

Related News