Loading ...

Home National

ഉത്തര്‍പ്രദേശിലേത് ഫാസിസ്റ്റ് അരാജകവാഴ്ച

‘നിങ്ങള്‍ ആരെങ്കിലുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവനെ അടിച്ചിട്ടു വരിക. കഴിയുമെങ്കില്‍ അയാളെ കൊന്നിട്ടു വരിക. ബാക്കികാര്യം ഞാന്‍ നോക്കിക്കൊള്ളാം.’ ഉത്തര്‍പ്രദേശ് ജൗന്‍പൂരിലെ വീര്‍ ബാഹദൂര്‍ സിങ് പൂര്‍വാഞ്ചല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ രാജാറാം യാദവിന്റെ വാക്കുകളാണിവ. ഗാസിപ്പൂരിലെ സത്യദേവ് ഡിഗ്രി കോളജില്‍ പ്രൊഫസര്‍ യാദവ് വെള്ളിയാഴ്ച ഒരു സെമിനാറില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ആഹ്വാനമാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്. അതേ ദിവസം തന്നെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ സുരേഷ് വാത്‌സ് ആള്‍ക്കൂട്ട അതിക്രമത്തില്‍ കൊല ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയുടെയും, നിയമവാഴ്ച സമ്പൂര്‍ണ അരാജകത്വത്തിന് വഴിമാറുന്നതിന്റെയും കാരണങ്ങളിലേക്കാണ് അക്രമത്തിനും കൊലപാതകങ്ങള്‍ക്കും പ്രൊഫസര്‍ യാദവ് നല്‍കുന്ന ആഹ്വാനം വിരല്‍ചൂണ്ടുന്നത്. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നത് സംജാതമായ അരക്ഷിത ജനജീവിതത്തിന്റെ കാര്യകാരണങ്ങളാണ് മേല്‍വിവരിച്ച പ്രസംഗവും അക്രമ-ഹിംസാ പരമ്പരകളും തുറന്നുകാണിക്കുന്നത്. പൂര്‍വാഞ്ചല്‍ സര്‍വകലാശാല 350തിലധികം കോളജുകള്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉന്നത വിദ്യാപീഠമാണ്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി കരുപ്പിടിപ്പിക്കുന്ന സര്‍വകലാശാലയുടെ അധിപനാണ് പ്രൊഫസര്‍ യാദവ്. സംഘ്പരിവാറിന്റെ വിശ്വസ്ത അനുയായിയായി അറിയെപ്പടുന്ന യാദവിനെ തല്‍സ്ഥാനത്ത് തിരഞ്ഞെടുത്ത് അവരോധിച്ചത് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെയാണ്. വിദ്യാഭ്യാസ മികവിനും യുവതലമുറയുടെ സുരക്ഷിത ഭാവിക്കും അപ്പുറം അക്രമാസക്തവും എത്ര ക്രൂരവും മനുഷ്യത്വഹീനവുമായ ഹിംസയ്ക്കും തയാറുള്ള ഒരു ചാവേര്‍പടയെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്തെടുക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. ഗാസിപ്പൂരില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിന് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങ് സംഘ്പരിവാര്‍ ഗുണ്ടകളാല്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. അത് തികച്ചും ആസൂത്രിതമായി നടന്ന കൊലപാതകമാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
ഡിസംബര്‍ മാസത്തില്‍ യു പിയില്‍ രണ്ട് പൊലീസുകാര്‍ ആള്‍ക്കൂട്ട അതിക്രമത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത് ‘ഒറ്റപ്പെട്ട സംഭവങ്ങ’ളെന്ന് തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രി ആദിത്യനാഥാവട്ടെ അതിനെ ‘രാഷ്ട്രീയ ഗൂഢാലോചന’യുടെ ഭാഗമായി ന്യായീകരിക്കുന്നു. രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ഏറ്റവുമധികം ആള്‍ക്കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിയത് 2018ലാണെന്ന് ഇതിനകം പുറത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിലേറെയും മതത്തിന്റെയും ജാതിയുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരില്‍ അരങ്ങേറിയവയാണ്. അവയില്‍തന്നെ സിംഹഭാഗവും മതന്യൂനപക്ഷങ്ങള്‍ക്കും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരെയായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു. അത്തരം ആള്‍ക്കൂട്ട അതിക്രമങ്ങളുടെ തലസ്ഥാനമായി യു പി മാറിയിരിക്കുന്നു.അക്രമത്തെയും ഹിംസയെയും രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന തീവ്ര ഹിന്ദുത്വ-സംഘ്പരിവാര്‍ തന്ത്രത്തിന്റെ ഭാഗമാണ് അവയെല്ലാം. മത-ജാതിവികാരങ്ങള്‍ കുത്തിയിളക്കി ജനക്കൂട്ട അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമെന്നത് ആദിത്യനാഥ് ഭരണത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് മറുവശത്ത് അക്രമികളെ അമര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ പൊലീസും അര്‍ധ സൈനിക സായുധ പൊലീസ് സേനയും നിരപരാധികളെ ക്രിമിനലുകളായി മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഉന്‍മൂലനം ചെയ്യുന്നു. അത്തരം കൊലപാതകങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടം നിയമപരിരക്ഷ ഉറപ്പുനല്‍കുന്നു. അക്രമവും ഹിംസയും ഭരണയത്തിന്റെ ഭാഗമായിരിക്കെ അതിനോട് പുറംതിരിഞ്ഞുനില്‍ക്കുക പൊലീസ് സേനയ്ക്ക് അസാധ്യമാണ്. അതിനു മുതിര്‍ന്നാല്‍ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട അതിക്രമത്തിന് ഇരയായ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങ്ങിന്റെ അന്ത്യമായിരിക്കും ഗതിയെന്നും അവര്‍ തിരിച്ചറിയുന്നു. ഈ ദുരവസ്ഥയെ ന്യായീകരിക്കുന്ന ശബ്ദങ്ങളാണ് കേന്ദ്രഭരണകൂടത്തില്‍ നിന്നും പുറത്തുവരുന്നത്.
പൊതുതെരഞ്ഞെടുപ്പ് അടുക്കുന്തോറും സമൂഹത്തില്‍ ഭീതിദമായ അരാജകത്വ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന യു പിയില്‍ ഈ തന്ത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ക്രമസമാധാനപാലനത്തിന് ചുമതലയുള്ള പൊലീസ് സേനയെ ഒരു വശത്ത് നിര്‍വീര്യമാക്കുക. മറുവശത്ത് ആള്‍ക്കൂട്ട അതിക്രമങ്ങളുടെ വ്യാപനത്തിലൂടെ എല്ലാത്തരം ഭരണവിരുദ്ധ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും ഇല്ലായ്മ ചെയ്യുക. നിയമലംഘകരെന്ന പേരില്‍ നൂറുകണക്കിന് പ്രതിയോഗികളെ തുറുങ്കിലടച്ചിരിക്കുന്നതിനു പുറമെയാണിത്. ‘ജീവഭയംകൊണ്ട് നിയമലംഘകര്‍ ജയിലിനുള്ളില്‍ നിന്നും പുറത്തുവരാന്‍ മടിക്കുന്നു’വെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്. നിയമവാഴ്ച പാടെ തകര്‍ന്ന ഒരു ഫാസിസ്റ്റ് ഭരണക്രമത്തിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്.

Related News