Loading ...

Home peace

ജീവനെ വരവേല്‍ക്കാന്‍ രക്തം ചൊരിയുന്നുവള്‍, സ്ത്രീ

ജോസ് ഡേവിഡ്

ഗബ്രിയേല്‍ ഗില്‍കിച്ചിന്റെ ഒരു കവിതയില്‍ ഇങ്ങനെ പറയുന്നു:

”സഹോദരാ, ഞാന്‍ രക്തം ചൊരിയുന്നുണ്ട്.
നീയും രക്തം ചൊരിയുന്നു. 
ജീവനെ വരവേല്‍ക്കാനും പരിപാലിക്കാനുമാണ് 
ഞാന്‍ എല്ലാ മാസവും രക്തം ചൊരിയുന്നത്.
നീയോ?
നീ രക്തം ചൊരിയുന്നത് യുദ്ധക്കളത്തിലും വര്‍ഗസമരത്തിലുമാണ്.”
ആദിമാതാവ് ഹവ്വ മുതല്‍ ഇന്നോളമുള്ള സ്ത്രീയുടെ പ്രകൃതിദത്തമായ ദൗത്യം ഈ വരികളില്‍ വായിച്ചെടുക്കാം. അവളുടെ സ്തനങ്ങളില്‍നിന്നും ചുരന്നൊഴുകിയിറങ്ങുന്നത് ജീവന്റെ സ്രോതസായ അമൃതധാരയാണ്. സ്ത്രീ പ്രകൃതിയാണ്. അമ്മയാണ്.

അവള്‍ സഹ്യസാനുവിന് അഭിമുഖമായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തോളുരുമ്മി നെഞ്ചുവിരിച്ചു നില്‍ക്കുമ്പോള്‍ അനിര്‍വചനീയമായ ചൈതന്യം ബഹിര്‍ഗമിക്കുന്നു. അതിന്നാട്ടിലെ എല്ലാ പൈതൃകങ്ങളുടെയും ആകെത്തുകയാണ്. എല്ലാ പാരമ്പര്യലംഘനങ്ങളുടെയും കാഹളമൂത്തുമാണ്.

മുല പറിച്ചെറിഞ്ഞവളുണ്ട്. മാറ് മറയ്ക്കാന്‍ കല്ലുമാല വലിച്ചൂരിയെറിഞ്ഞവളുണ്ട്. ചുമന്ന ഉദയസൂര്യന്റെ അതേ നിറമുള്ള കുപ്പായം തുന്നിക്കെട്ടി മാറ് മറച്ചിറങ്ങിയ നമ്മുടെ അമ്മ പെങ്ങന്മാരുണ്ട്. ജാത്യാചാരങ്ങള്‍ ലംഘിച്ച് മേലാളന്റെ കുളത്തില്‍ ചെകിട്ടത്തടി വാങ്ങിക്കൊണ്ടുതന്നെ കുളിക്കാനിറങ്ങിയ പുലയക്കിടാത്തികളുണ്ട്.
അവള്‍ അനുഭവിച്ച എണ്ണിയാലൊടുങ്ങാത്ത ദുഃഖദുരിതങ്ങളുടെ പ്രതികാരമാണ് ഈ മതില്‍. ഹൃദയത്തിനുമേല്‍ ഹൃദയം ചേര്‍ത്തു പൊക്കിയ ഈ മതില്‍ സ്വര്‍ഗത്തിലേക്കുള്ള ചവിട്ടുപടിയാണ്. സ്‌നേഹസോപാനം.

കേരളം അങ്ങനെ ഭൂമിയുടെ നെറുകയിലേക്ക്, ലോക റെക്കോഡിലേക്ക് കടക്കുന്നു. ഇരുളടഞ്ഞ കാലങ്ങള്‍ ഇനി നമുക്കില്ല. ഭ്രാന്താലയമെന്ന് വിളിക്കപ്പെട്ട നാടിനെ നമ്മള്‍ മായ്ച്ചുകളയുന്നു. മാറാലപിടിച്ച എല്ലാ പ്രതിലോമ ആശയങ്ങളും ഈ മതിലില്‍ തട്ടി ചിന്നിച്ചിതറുന്നു.
മതില്‍ മനുഷ്യന്റെ മഹത്തായ ആശയമാണ്. വരാനിരിക്കുന്ന തലമുറകള്‍ ചരിത്രത്തിന്റെ ഈ നിര്‍ണായക നിമിഷത്തില്‍ ഇവിടെ ജീവിച്ചിരുന്ന, ഈ മതിലിനെ ജൈവമായ ഒരു പ്രതിരോധമാക്കിയ എല്ലാ മഹിളകളേയും ഒരുനാള്‍ ആദരപൂര്‍വം ഓര്‍മിക്കും. അവര്‍ കേരളത്തിന് ഒരു പുതിയ അര്‍ഥം രചിച്ചുണ്ടാക്കി എന്ന് ശ്ലാഘിക്കും.
കാരണം മാനവസമൂഹത്തിന്റെ എല്ലാ മുന്നേറ്റങ്ങളും ഒരു രീതിയില്‍ ധിക്കാരമാണ്. നോവില്ലാതെ ഒരു പിറവിയും ഉണ്ടാവുന്നില്ല. ഒരു കുഞ്ഞിന്റെ പിറവിക്ക് നൊമ്പരമുണ്ട്. ഒരു ആശയത്തിന്റെ സാഫല്യത്തിലും എണ്ണിയാലൊടുങ്ങാത്ത പ്രതിബന്ധങ്ങളും വേദനയും ഉള്ളടങ്ങിയിരിക്കും.

മാനവരാശിയുടെ എല്ലാ സാമൂഹ്യ വിപ്ലവങ്ങളും ഒന്നിന്റെ ദയനീയമായ അന്ത്യവും ആ നോവിലൂടെ വിടര്‍ന്ന പുതിയ പ്രഭാതവും കണ്ടിട്ടുണ്ട്. ചരിത്രഗതി അങ്ങനെയാണ്. കേരളക്കരയിലെ മതിലും ചില കോണുകളിലുള്ളവരെയെങ്കിലും അസ്വസ്ഥരാക്കുകയും ഒരുപാടുപേരെ ആര്‍പ്പുവിളിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഈ ദ്വന്ദാത്മകതകൊണ്ടാണ്.

മതിലിന്റെ രാഷ്ട്രീയം സ്വന്തം രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ ഹ്രസ്വമായ കണ്ണടയിലൂടെ നോക്കിക്കണ്ടവരുണ്ട്. മതേതര മതിലിനെ വര്‍ഗീയ മതിലെന്ന് തെറ്റിദ്ധരിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കളുണ്ട്. കാലം അവര്‍ക്ക് മാപ്പ് നല്‍കും.
മതിലിനെ എതിര്‍ത്താല്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുമെന്നാണെങ്കില്‍ ‘ഞങ്ങളിതാ തയ്യാര്‍’ എന്ന് പ്രഖ്യാപിച്ച ഫെമിനിസ്റ്റുകളുണ്ട്. ഫെമിനിസത്തിന്റെ അടിസ്ഥാനധാരകളില്‍ നിന്നും അവര്‍ കാതങ്ങള്‍ അകലെയാണെന്ന് പറയേണ്ടിവരും.
പൊതു ഖജനാവിലെ ധനം മതില്‍ കെട്ടാന്‍ ദുര്‍വ്യയം ചെയ്യുന്നുവെന്ന് ആക്ഷേപിച്ചവരുമുണ്ട്. തോളും തോളും ഉരുമ്മിനില്‍ക്കുന്ന പെങ്ങന്‍മാര്‍ക്ക് ഒരൊറ്റ ഖജനാവേ വേണ്ടു, അത് സ്‌നേഹത്തിന്റെ അക്ഷയഖജനാവാണെന്ന് കാലം ഒരുനാള്‍ അവരെ ഓര്‍മിപ്പിക്കും.
മലയാള നാട്ടിലൂടെ നടന്നുനീങ്ങിയ ഒരുപാട് മഹത്തുക്കളുടെ, അവര്‍ നട്ടുവളര്‍ത്തിയ ആശയങ്ങളുടെ മേല്‍ പടുത്തുയര്‍ത്തിയതാണീ മതില്‍. അത്രയും കനപ്പെട്ട, ഒരിക്കലും ഭേദിക്കാനാവാത്ത അസ്ഥിവാരമാണത്.
ആദിമമനുഷ്യന്‍ മുതല്‍ ഇന്നാട്ടില്‍ അപരന്റെ നന്മയ്ക്കായ് ആരൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതിന്റെയെല്ലാം ആകത്തുക ഈ മതിലിന് അവകാശപ്പെടാം.
അതിനാല്‍ ഇത് ചരിത്രത്തില്‍ നിന്നും ചരിത്രത്തിലേക്ക് മലയാളിമങ്കമാര്‍ കെട്ടിപ്പൊക്കിയ മഹാസൗധമാണ്. ചരിത്രം ഒരുവേള നമിച്ചുനിന്ന നിമിഷങ്ങള്‍.

Related News