Loading ...

Home Education

വെട്ടിത്തിളങ്ങുന്ന ഉള്‍ക്കാഴ്ചകള്‍

ഡോ. ആര്‍ സുനില്‍കുമാര്‍

മുന്‍വിധിയുടെ കരാളതകളില്ലാത്ത നിരീക്ഷണങ്ങളാണ് പി സി റോയിയുടെ ‘ഏകാകിയുടെ വിരുന്ന്’ എന്ന സാഹിത്യവിമര്‍ശനഗ്രന്ഥത്തിലുള്ളത്. സാഹിത്യകാരന്മാരെയും കൃതികളെയും കുറിച്ചുള്ള ഉപരിതലസ്പര്‍ശിയായ ധാരണകളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായ നിഗമനങ്ങളിലേക്ക് സ്വതന്ത്രമായി നീങ്ങുന്ന ഒരു നിരൂപകനെ ഈ പുസ്തകത്തില്‍ കാണാം. എഴുത്തിനേക്കാള്‍ സര്‍ഗ്ഗാത്മകമാകാം വായനയെന്ന് സഹൃദയരെ ഓര്‍മ്മിപ്പിക്കുന്ന നിരൂപകമനസ്സ് റോയിയിലുണ്ട്. ജീവിതത്തിലെ ലളിതമല്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യത്തിലേക്ക് സന്നിവേശിപ്പിക്കുന്ന എഴുത്തുകാരോടാണ് ഈ നിരൂപകന് ഐക്യദാര്‍ഢ്യമുള്ളത്. ഒരു പ്രതിവിമര്‍ശനവിചാരപദ്ധതിയുടെ സാദ്ധ്യതകളാണ് ‘ഏകാകിയുടെ വിരുന്നില്‍’ പ്രത്യക്ഷപ്പെടുന്നത്. സാഹിത്യകൃതികളുടെയും എഴുത്തുകാരുടെ മനോഭാവങ്ങളുടെയും മറുപാഠങ്ങളിലേക്കാണ് പി സി റോയിയുടെ ദൃഷ്ടി ചെന്നുപതിക്കുന്നത്.
യാഥാര്‍ത്ഥ്യത്തിന്റെ ഏകശിലാദര്‍ശനം അവതരിപ്പിക്കുകയല്ല, മറിച്ച് വൈരുദ്ധ്യങ്ങളുടെ ബഹുസ്വരതയെയാണ് ‘ഏകാകിയുടെ വിരുന്നി’ലെ ഇരുപത്തിയേഴ് ലേഖനത്തിലും ഈ വിമര്‍ശകന്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നത്. മലയാളത്തിലെ എണ്ണപ്പെട്ട രചനകള്‍ പകര്‍ന്നുതരുന്ന അനുഭവലോകങ്ങളെയും ദാര്‍ശനികമാനങ്ങളെയും അടയാളപ്പെടുത്താനുള്ള വായനാപരിശ്രമങ്ങളാണ് ഈ പുസ്തകത്തിലൂടെ രചയിതാവ് നടത്തുന്നത്. ഒരു കലാസൃഷ്ടിക്ക് ആസ്വാദകനുണ്ടെന്ന തെളിഞ്ഞ നേരാണ് ഈ വിമര്‍ശകന്‍ സാഹിത്യനിരൂപണത്തിലൂടെ ശരിവയ്ക്കുന്നത്. വ്യക്തിപ്രതിഭയിലുള്ള അപാരമായ വിശ്വാസം ഇദ്ദേഹത്തിന് ലക്ഷ്യവും മാര്‍ഗ്ഗവുമാണ്. പാശ്ചാത്യചിന്തകരുടെ ഉദ്ധരണികള്‍ കൊണ്ട് വിമര്‍ശനത്തെ ചൊല്‍ക്കാഴ്ചയാക്കാന്‍ ‘ഏകാകിയുടെ വിരുന്നു’കാരന്‍ ശ്രമിക്കുന്നില്ല. പരമ്പരാഗതമായ തത്ത്വശാസ്ത്രങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള ധീരത പ്രകടിപ്പിക്കുകയും ചെയ്യുന്നു. വിമര്‍ശനത്തില്‍ സ്വന്തം സൈദ്ധാന്തികതയുടെ മാര്‍ഗ്ഗമാണിദ്ദേഹം അവലംബിക്കുന്നത്. വിമര്‍ശനത്തിലെ ഈ സ്വാശ്രയത്വം ‘ഏകാകിയുടെ വിരുന്നി’ലെ ഓരോ ലേഖനങ്ങള്‍ക്കും അവകാശപ്പെടാം.

വി കെ എന്‍ എന്ന കോമിക് ജീനിയസ്സിനെ അഞ്ചുലേഖനത്തിലായാണ് ഈ പുസ്തകത്തില്‍ വിലയിരുത്തുന്നത്. കലയില്‍നിന്നും ജീവിതം കണ്ടെടുത്ത എം വി ദേവന്‍, ജീവിതത്തിലേക്കുതന്നെ കലയെ സന്നിവേശിപ്പിച്ച പ്രതിഭാശാലിയാണ്. ‘ദേവസ്പന്ദനം’ എന്ന കലാവിമര്‍ശന ഗ്രന്ഥം അദ്ദേഹത്തിന്റെ ശാശ്വതസ്മാരകവുമാണ്. മലയാളിയുടെ സ്വത്വാന്വേഷണത്തെ ‘ദേവസ്പന്ദന’വുമായി കൂട്ടിവായിക്കുന്ന ലേഖനമാണ് ‘പെരുന്തച്ചന്റെ രഥവും മാര്‍ഗ്ഗവും’. നവനിരൂപണത്തെ കുറ്റവിചാരണയ്ക്ക് വിധേയമാക്കുന്ന ലേഖനമാണ് ‘ആഷാമേനോനും ആത്മീയതയുടെ സൂപ്പര്‍മാര്‍ക്കറ്റും’. ഭാരതീയ ചിന്തയുടെ ആത്മീയ പാരമ്പര്യത്തെ ശരിയായ അര്‍ത്ഥത്തില്‍ ഗ്രന്ഥകാരന്റെ വിമര്‍ശകമനസ്സ് ഉള്‍ക്കൊള്ളുന്നുവെന്നതിനുദാഹരണമാണ് ഈ ലേഖനം.
സഞ്ചാരത്തെ എല്ലാ അര്‍ത്ഥത്തിലും സര്‍ഗ്ഗാത്മകപ്രക്രിയയാക്കിയ രാജന്‍ കാക്കനാടന്റെയും ആഷാമേനോന്റെയും യാത്രയുടെ താരതമ്യമാണ് ‘അലഞ്ഞുമരിച്ച രാജന്‍ കാക്കനാടന്‍ നേരെമറിച്ചായിരുന്നു’ എന്ന ലേഖനം. എല്ലാ അര്‍ത്ഥത്തിലും ഒരു നൊമാഡിനെപ്പോലെയാണ് രാജന്‍ കാക്കനാടന്‍ ഹിമവാന്റെ മുകള്‍ത്തട്ടിലേക്കും അമര്‍നാഥ് ഗുഹയിലേക്കുമെല്ലാം സഞ്ചരിച്ചത്. ആഷാമേനോന്റെ സഞ്ചാരങ്ങള്‍ എല്ലാവിധ സുരക്ഷിതത്വങ്ങളോടും കൂടിയതായിരുന്നു. താന്‍ നടത്തിയിട്ടുള്ള യാത്രകളെ അതായിത്തന്നെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ ആഷാമേനോന് കഴിഞ്ഞിട്ടില്ലെന്നും അലഞ്ഞുമരിച്ച രാജന്‍ കാക്കനാടന് യാത്ര പൂര്‍ണ്ണമായും അനുഭവമായിരുന്നുവെന്നും ഗ്രന്ഥകാരന്‍ താരതമ്യം ചെയ്യുന്നു. ആഷാമേനോന്‍ കാല്പനികമായി പ്രകൃതിയെ നിരീക്ഷിച്ചപ്പോള്‍, രാജന്‍ കാക്കനാടന്‍ അകാല്പനികമായാണ് പ്രകൃതിയെ ദര്‍ശിച്ചതെന്ന കണ്ടെത്തല്‍ അര്‍ത്ഥവത്താണ്.

ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ സൗമ്യവും കണിശവും വ്യക്തവുമായ സ്വാധീനവും വികാസവും പില്‍ക്കാല സ്ത്രീ എഴുത്തുകാരിലും സ്ത്രീകഥാപാത്രനിര്‍മ്മിതിയിലും കാണാമെന്ന നിരീക്ഷണമാണ് ‘ഇന്ദുലേഖ മുതല്‍ സുരയ്യ വരെ’ എന്ന ലേഖനത്തിലുള്ളത്. മലയാള ഭാവനയിലെ സ്ത്രീ എഴുത്തുകാര്‍ക്ക് പുരുഷനിശ്ചിതമായ പരമ്പരാഗതധാരണകളില്‍ നിന്ന് മോചനം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവമെന്ന് ‘ഉടയാത്ത കണ്ണാടി’ എന്ന ലേഖനം വെളിപ്പെടുത്തുന്നു. രചനകളില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും മാധവിക്കുട്ടിയില്‍ കേന്ദ്രബിംബമായി കന്യാമറിയം ഒളിഞ്ഞിരിപ്പുണ്ടെന്നും അതുകൊണ്ടാണ് ഇത്രയേറെ കുമ്പസാരവും ആത്മപീഡനവും അവരുടെ കൃതികളില്‍ ആവിഷ്‌കരിക്കപ്പെട്ടതെന്നുമുള്ള കണ്ടെത്തലിന് അപൂര്‍വ്വഭംഗിയുണ്ട്.

കുമാരനാശാന്റെ കവിതകളുടെ ഏറ്റവും വലിയ ദുരന്തം അതിന്നും യാഥാസ്ഥിതിക വിമര്‍ശകരുടെ നീരാളിപ്പിടുത്തത്തില്‍ സ്വാതന്ത്ര്യം കാത്തുകിടക്കുന്നുവെന്നതാണ്. ഈ അഭിപ്രായമാണ് ‘നളിനിയിലെ അതിമാനുഷദുരന്ത’മെന്ന എതിര്‍പ്പുകള്‍ പിടിച്ചുപറ്റിയ ലേഖനത്തില്‍ ഗ്രന്ഥകര്‍ത്താവ് ഉറപ്പിച്ചുപറയുന്നത്. അതീതമാനവന്‍ എന്ന ചിന്തയെ ജ്വലിക്കുന്നഭാവനയില്‍ മലയാളത്തിലാവിഷ്‌ക്കരിച്ച ഏക എഴുത്തുകാരനായാണ് കുമാരനാശാനെ പി സി റോയി പരിഗണിക്കുന്നത്. നീഷേയുടെ സങ്കല്പത്തിലുള്ള അതിമാനുഷ ദുരന്തത്തിന്റെ മറ്റൊരു ദൃഷ്ടാന്തകഥയായാണ് നളിനികാവ്യത്തെ മുന്‍നിര്‍ത്തി എഴുത്തുകാരന്റെ വിമര്‍ശകമനസ്സ് വായിച്ചെടുക്കുന്നത്. സാഗരതീരത്തുനിന്നും സാനുക്കളിലേക്കും ഭോഗരഹിതമായ ഹിമതുംഗങ്ങളിലേക്കുമുള്ള ആശാന്റെ യാത്ര അതീതമനുഷ്യനെന്ന മൂല്യസൃഷ്ടിയുടെ പ്രേരണ.

മലയാള നാടകത്തിലെ അഭിരുചിവ്യതിയാനം നമ്മെ നന്നായി ബോദ്ധ്യപ്പെടുത്തുന്ന ലേഖനങ്ങളാണ് ‘നാടകവേദിയില്‍ ഇരുള്‍പരക്കുമ്പോള്‍’, ‘കാണാതെ പോയ നാടകം’, ‘സാകേതവും ലങ്കാലക്ഷ്മിയും-ദര്‍ശനപരമായ പ്രത്യേകതകള്‍’ എന്നിവ. സിജെ, സി എന്‍, ജി ശങ്കരപ്പിള്ള തുടങ്ങിയ ഗിരിശൃംഗങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്ക് നാടകം വളര്‍ന്നില്ലെന്നും ഉള്ള നാടകങ്ങള്‍ തന്നെ നിഴല്‍ച്ചിത്രങ്ങളായിപ്പോയെന്നും മേല്‍പ്പറഞ്ഞ ലേഖനങ്ങളില്‍ കാണാം.
സഹൃദയരെ വായനയിലേക്ക് ഊഷ്മളമായി ക്ഷണിക്കുന്ന ഒരു മാന്ത്രികത ഈ പുസ്തകത്തിലെ ഓരോ ലേഖനത്തെയും അനുഗ്രഹിക്കുന്നുണ്ട്. ആധുനികതാപ്രസ്ഥാനത്തെയാണ് ലേഖനങ്ങള്‍ മുഖ്യമായും അഭിസംബോധന ചെയ്യുന്നതെങ്കിലും ഉത്തരാധുനികതയുടെ ഭാവിചരിത്രത്തിലേക്കും കടന്നുചെല്ലുന്ന ഉള്‍ക്കാഴ്ചകള്‍ ഇതില്‍ കാണാം. സര്‍ഗ്ഗാത്മകസാഹിത്യത്തിന്റെ പരസ്യവിചാരണയ്‌ക്കൊപ്പം ഭാഷയേയും സംസ്‌കാരത്തേയുംപറ്റി ചര്‍ച്ചചെയ്യാനും ഈ ഗ്രന്ഥം ശ്രമിക്കുന്നു. സാഹിത്യകൃതിയുടെ ഉള്ളില്‍ നിന്നു കൊണ്ട് അതിനെ അഴിച്ചുപണിയുന്ന ആവിഷ്‌കരണകൗശലം പല ലേഖനങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഏകാന്തതതന്നെയാണ് എഴുത്തുകാര്‍ സര്‍ഗ്ഗസൃഷ്ടിയാക്കിമാറ്റുന്നതെന്ന സൗന്ദര്യദര്‍ശനമാണ് ഈ വിമര്‍ശനഗ്രന്ഥത്തിന്റെ അടയാളവാക്യം.

Related News