Loading ...

Home cinema

പ്രകാശന്റെ തിരിച്ചറിവുകള്‍

കെ കെ ജയേഷ്

ലക്ഷ്യബോധമില്ലാതെ നടന്ന വിനോദിനുണ്ടാവുന്ന തിരിച്ചറിവുകളുടെ കഥയായിരുന്നു സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്ര. തേരാപ്പാര കോമാളി രാഷ്ട്രീയ നാടകവും കളിച്ച് നടന്ന അയ്മനം സിദ്ധാര്‍ത്ഥന് ബോധോദയം ഉണ്ടായപ്പോള്‍ അത് ഇന്ത്യന്‍ പ്രണയകഥയായി. സമ്പത്തിന്റെ നല്ല കാലത്ത് നിന്ന് തിരിച്ചടികള്‍ നേരിട്ട ജോമോന് തിരിച്ചറിവുണ്ടായപ്പോള്‍ അത് സത്യന്‍ അന്തിക്കാട് ജോമോന്റെ സുവിശേഷങ്ങളാക്കി. ഈ ബോധോദയങ്ങള്‍ക്കെല്ലാം കാരണക്കാരാവുന്നത് ഓരോ പെണ്‍കുട്ടികളാണ്.

പതിനാറ് വര്‍ഷത്തിന് ശേഷം ശ്രീനിവാസനെയും കൂട്ടിപ്പിടിച്ച് സത്യന്‍ എത്തിയപ്പോഴും സംഗതി ഈ ബോധോദയകഥ തന്നെ. തനി കൂതറയായി നടന്ന പ്രകാശനുണ്ടാവുന്ന തിരിച്ചറിവുകളുടെ കഥയാണ് ഞാന്‍ പ്രകാശന്‍. ഇവിടെയും കാര്യങ്ങളെല്ലാം നേര്‍വഴിക്കെത്തിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ ഇടപെടല്‍ തന്നെ. പുതുമ ഒട്ടും ഇല്ലെങ്കിലും ഫഹദ് ഫാസില്‍ പ്രകാശനെന്ന നായക കഥാപാത്രമായി തകര്‍ത്താടുന്നതും ശ്രീനിവാസന്റെ സമീപകാലത്തെ മടുപ്പിക്കലില്ലാ ത്ത തിരക്കഥയുടെ സൗന്ദര്യവും ലളിത സുന്ദരമായ ആവിഷ്‌ക്കാരവും ചേരുമ്പോള്‍ ‘ഞാന്‍ പ്രകാശന്‍’ പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിക്കാത്ത ചിത്രമായി മാറുന്നു. സത്യന്‍ അന്തിക്കാടിന് ഒപ്പം കുറച്ചുകാലമായി ഉള്ള സാരോപദേശം കാര്യമായി സിനിമയില്‍ ഇല്ലാത്തതും ആശ്വാസം തന്നെ.
njan prakasan 2


ഗ്രാമീണ നന്മയുടെ ചാരുത നിറയുന്ന ചിത്രങ്ങളൊരുക്കി മലയാളികളുടെ ഇഷ്ടം നേടിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഒപ്പമുള്ള സംവിധായകരെല്ലാം കഥയിലും ആവിഷ്‌ക്കാരത്തിലും വേറിട്ട വഴികള്‍ തേടിയപ്പോഴല്ലാം ഇതാണ് തന്റെ വഴിയെന്ന് വ്യക്തമാക്കി പതിവ് നാട്ടിടവഴികളില്‍ ജീവിതങ്ങള്‍ തേടുകയായിരുന്നു അദ്ദേഹം. ലളിത സുന്ദരമായ നര്‍മ്മം നിറഞ്ഞു നിന്ന മഴവില്‍ക്കാവടിയും നാടോടിക്കാറ്റും പൊന്മുട്ടയിടുന്ന താറാവും സന്ദേശവും വരവേല്‍പ്പുമെല്ലാം കൈയ്യടികളോടെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഇതിനിടയില്‍ കഥ പറച്ചിലില്‍ പുതിയ വഴികള്‍ തേടിപ്പോയപ്പോഴെല്ലാം സത്യന്‍ അന്തിക്കാടിന് തിരിച്ചടിയും നേരിട്ടിട്ടുണ്ട്. പിന്‍ഗാമി പോലുള്ള ആക്ഷന്‍സസ്‌പെന്‍സ് ചിത്രം തന്നെ ഉദാഹരണം. ഇന്നും പുതുമ തോന്നുന്ന ഈ ത്രില്ലര്‍ ചിത്രം സത്യന്‍ അന്തിക്കാടില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ചിത്രമായതുകൊണ്ട് തന്നെയാണ് അന്ന് പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞത്.
നാടന്‍ പശ്ചാത്തലത്തിനൊപ്പം ഒരേ ഫോര്‍മാറ്റിലുള്ള സാരോപദേശ, വെളിപാട് കഥകള്‍ മാത്രം ചെയ്തപ്പോഴാണ് സത്യന്‍ അന്തിക്കാടിന്റെയും ചിത്രങ്ങള്‍ ബോറഡിയായി മാറിത്തുടങ്ങിയത്. സ്‌നേഹവീടും ഇന്നത്തെ ചിന്താവിഷയവുമെല്ലാം സാരോപദേശങ്ങളുടെ മടുപ്പിക്കുന്ന ആവിഷ്‌ക്കാരങ്ങളായി മാറി. എന്നാല്‍ ലക്ഷ്യബോധമില്ലാത്ത നായകന്റെ തിരിച്ചറിവുകളുടെ കഥകള്‍ പറഞ്ഞ ഇന്ത്യന്‍ പ്രണയകഥയും ജോമോന്റെ സുവിശേഷങ്ങളുമെല്ലാം പുതുമയില്ലെങ്കിലും രസകരമായ കാഴ്ചാനുഭവങ്ങളാക്കി മാറ്റാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞു. കാലങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ രചനയില്‍ ചിത്രമൊരുക്കുമ്പോള്‍ സ്ഥിരം വഴിയിലൂടെ തന്നെയാണ് സത്യന്‍ സഞ്ചരിക്കുന്നത്. വിനോദിന്റെയും സിദ്ധാര്‍ത്ഥന്റെയും ജോമോന്റെയും മറ്റൊരു രൂപം മാത്രമാണ് പ്രകാശനും. എന്നാല്‍ അടിസ്ഥാന പ്രമേയം ഇത് തന്നെയാണെങ്കിലും ചെറു നര്‍മ്മങ്ങളിലൂടെ മടുപ്പിക്കാത്ത ആവിഷ്‌ക്കാരത്തിലൂടെ പ്രകാശന്റെ ജീവിതം രസകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടിനും സാധിക്കുന്നുണ്ട്. ഉജ്ജ്വല പ്രകടനവുമായി ഫഹദ് ഫാസില്‍ ശക്തമായ പിന്തുണയും നല്‍കുന്നു.

prakasa

കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലായി ജൈവകൃഷിയും ബോധവത്ക്കരണവുമെല്ലാമായി തകര്‍ന്നടിഞ്ഞ ശ്രീനിവാസന്‍ ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട് പ്രകാശനില്‍. ഉപദേശങ്ങളിലേക്ക് കാടുകയറാതെ അദ്ദേഹത്തെ ആരോപിടിച്ചു നിര്‍ത്തിയിട്ടുണ്ടെന്ന് സിനിമ കാണുമ്പോള്‍ വ്യക്തമാവും. അലോപ്പതികൊണ്ട് ഇനി കാര്യമില്ല ഹോമിയോ ഡോക്ടറെ കാണിക്കാം. കുറ്റിപ്പുറത്ത് ഒരു ഇഖ്ബാല്‍ ഡോക്ടറുണ്ട് എന്ന് പ്രകാശനെക്കൊണ്ട് പറയിച്ച് ഹോമിയോ സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ട് ശ്രീനിവാസന്‍. സമാന പ്രമേയം ഇതിന് മുമ്പ് പ്രണയകഥയിലൂടെയും ജോമോനിലൂടെയും സത്യന് സമ്മാനിച്ച ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്, അതേ പ്രമേയം ആവര്‍ത്തിച്ചൊരുക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ നന്ദി വാക്ക് ആവാനും മതി ഈ ഡയലോഗ്. പറയുന്ന കഥയില്‍ പുതുമയില്ലെങ്കിലും കഥാപാത്ര നിര്‍മ്മിതിയിലും സാന്ദര്‍ഭിക ഹാസ്യ രംഗങ്ങളുടെ രൂപപ്പെടുത്തലിലും വൈകാരിക മുഹൂര്‍ത്ത ങ്ങള്‍ ബോറടിയില്ലാതെ അവതരിപ്പിച്ചും ശ്രീനിവാസന്‍ മുന്നേറുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്‍കാല തിരക്കഥകളുടെ കരുത്തില്ലെങ്കിലും ഒരു തിരിച്ചുവരവിനുള്ള സാധ്യത ഇനിയും ഉണ്ടെന്ന് പ്രകാശനിലൂടെ അദ്ദേഹം വ്യകതമാക്കുന്നു. സ്വാഭാവിക അന്തരീക്ഷ സൃഷ്ടിയും, ഹാസ്യവും, സംഭാഷണങ്ങളും, അതിവൈകാരികതയിലേക്ക് കൂപ്പുകുത്താത്ത അവതരണവും ചിത്രത്തിന് കരുത്താവുന്നു.

എളുപ്പവഴികളിലൂടെ ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഒരു യുവാവാണ് പ്രകാശന്‍. പേരിന് പരിഷ്‌ക്കാരം പോരെന്ന് കരുതി ആകാശ് എന്ന് പേര് മാറ്റിയിട്ടുണ്ട് ഇയാള്‍. ജീവിതത്തില്‍ കക്ഷിയ്ക്ക് ആരോടും കടപ്പാടില്ല. പ്രണയിക്കുന്നത് പോലും തനിക്കെന്ത് നേട്ടമുണ്ടാവും എന്ന് നോക്കി മാത്രം. വിനോദയാത്രയിലും ഇന്ത്യന്‍ പ്രണയകഥയിലും ജോമോനിലും നായകന്റെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നത് ഒരു പെണ്‍കുട്ടിയാണ്. ഇവിടെ ജീവിതത്തിലേക്കെത്തുന്ന മൂന്ന് പെണ്‍കുട്ടികളാണ് പ്രകാശന് തിരിച്ചറിവ് സമ്മാനിക്കുന്നത്. പ്രകാശനും ഗോപാല്‍ജി (ശ്രീനിവാസന്‍)യും തമ്മിലുള്ള ബന്ധമെല്ലാം പഴയ ലാല്‍ശ്രീനിവാസന്‍ കഥാപാത്രങ്ങളെപ്പോലെ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പഴയ ഊര്‍ജ്ജം ഇല്ലെങ്കിലും സമീപകാലത്ത് നടനെന്ന നിലയിലും ശ്രീനിവാസന്‍ ഫഹദിനൊപ്പം ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ മലയാള സിനിമയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കാര്യമായി കഥാപാത്രങ്ങളായി എത്തിയിട്ടില്ല. ആന്‍മരിയ കലിപ്പിലാണ്, മസാല റിപ്പബ്ലിക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതവും അവര്‍ മലയാളികളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഇടപെടലുകളും ഞാന്‍ പ്രകാശന്‍ ഭംഗിയായി കാട്ടിത്തരുന്നുണ്ട്. അപ്പോഴും ബംഗാളില്‍ ഭരണം മാറിയപ്പോഴാണ് കേരളത്തിലേക്ക് ബംഗാളികള്‍ കുറഞ്ഞതെന്ന ഗോപാല്‍ജിയുടെ രാഷ്ട്രീയ പരാമര്‍ശം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. യാഥാര്‍ത്ഥ്യം അതല്ലെന്നിരിക്കെ ശ്രീനിവാസന്‍ പതിവ് കൊട്ട് ഇവിടെയും നടത്തുകയാണ്. രോഗവും മരണവുമെല്ലാം നിറഞ്ഞ സെന്റിമെന്റിസ് രംഗങ്ങളിലേക്ക് പോകുമ്പോഴും മിതത്വം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ചിത്രത്തിന്റെ മികവ്. ഇത്തരം ഉടായിപ്പ് കഥാപാത്രങ്ങളായി ഫഹദ് നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്. അയ്മനം സിദ്ധാര്‍ത്ഥനും കാര്‍ബണിലെ സിബിയുമെല്ലാം അത്തരം കഥാപാത്രങ്ങളാണ്. എന്നിരുന്നാലും അസാധാരണമായ ഭാവപ്പകര്‍ച്ച കൊണ്ട് പ്രകാശന്‍ കൈയ്യടി നേടുന്നു.


ശരീരഭാഷ കൊണ്ടും തമാശകളുടെ ടൈമിംഗ് കൊണ്ട് അദ്ദേഹം വിസ്മപ്പിക്കുന്നു. കാട്ടാക്കട തങ്കപ്പന്റെ നോവലിനെക്കുറിച്ച് അയാള്‍ വിവരിക്കുന്നലെല്ലാം കണ്ട് തന്നെ അറിയേണ്ട കാഴ്ചകളാണ്. ആരോടും ആത്മാര്‍ത്ഥതയില്ലാതെ.. കളവുകളിലൂടെ.. തട്ടിപ്പുകളിലൂടെ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് പ്രകാശന്‍. അതിനിടയില്‍ അയാള്‍ക്കുണ്ടാവുന്ന മാറ്റങ്ങളെല്ലാം ഉള്ളില്‍ തട്ടുന്ന രീതിയില്‍ തന്നെ ഫഹദ് അവതരിപ്പിക്കുന്നുണ്ട്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം നിഖിലാ വിമലിന്റെ മികച്ച പ്രകടനമാണ് സലോമിയായി ചിത്രത്തിലേത്. ശ്രീനിവാസന്‍, കെ പി എ സി ലളിത, സബിത ആനന്ദ്, ജയശങ്കര്‍ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ടീന എന്ന കഥാപാത്രമായെത്തിയ ദേവികയാണ് ചിത്രത്തിലെ അദ്ഭുതം. ഫഹദിനൊപ്പം തകര്‍ത്തഭിനയിച്ച് കൈയ്യടി നേടുകയാണ് ദേവിക. പതിവ് സത്യന്‍ ചിത്രങ്ങളിലേതുപോലെ ഉള്ളില്‍ നില്‍ക്കുന്ന പാട്ടുകളൊന്നും ചിത്രത്തിലില്ല. ചേരുവകളെല്ലാം കൃത്യമായി ചേര്‍ന്നതുകൊണ്ട് ഈ പതിവ് വിഭവവും പ്രേക്ഷകര്‍ രുചിച്ചു. അടുത്ത ചിത്രത്തിലെങ്കിലും പുതിയൊരു പ്രമേയം കണ്ടെത്താനുള്ള സന്മനസ്സ് സത്യന്‍ അന്തിക്കാടിനുണ്ടാവണം എന്ന അഭ്യര്‍ത്ഥനയോടെ നിര്‍ത്തുന്നു.

Related News