Loading ...

Home peace

സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശമുയരട്ടെ

വീണ്ടും ഒരു ക്രിസ്മസ്. യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിന് ക്രൈസ്തവ ലോകം എല്ലാവര്‍ഷവും ആഘോഷിക്കുന്ന പുണ്യദിനമാണ് ഡിസംബര്‍ 25. ക്രൈസ്തവ സഭയുടെ ആദ്യശതകങ്ങളില്‍ ഇത് ഒരു പെരുന്നാളായി ആഘോഷിക്കപ്പെട്ടിരുന്നില്ല. വിശുദ്ധ സ്‌നേപ്പാനോസിന്റെ രക്തസാക്ഷിത്വത്തെയും ബെത്‌ലഹേമിലെ പിഞ്ചുശിശുക്കളുടെ വധത്തെയും അനുസ്മരിപ്പിക്കുന്നതിന് പുണ്യദിനങ്ങള്‍ ഇങ്ങനെ ആചരിക്കപ്പെട്ടിരുന്നു. നാലാം ശതാബ്ദം മുതലാണ് ക്രിസ്മസ് ഒരു പെരുന്നാളായി ആഘോഷിക്കപ്പെട്ടു തുടങ്ങിയത്.

റോമാസാമ്രാജ്യത്തില്‍പ്പെട്ട പൗരസ്ത്യ രാജ്യങ്ങളില്‍ ജനനം, ജ്ഞാനസ്‌നാനം എന്നിവ വഴിയുളള ദൈവത്തിന്റെ വെളിപ്പെടുത്തലിന്റെ ഓര്‍മയ്ക്കായി എല്ലാ ആണ്ടിലും ജനുവരി ആറാം തീയതി ഒരു പെരുന്നാളായി ആഘോഷിച്ചു വന്നിരുന്നു. നാലാം ശതാബ്ദത്തില്‍ ഇതിനൊരു മാറ്റം വന്നു. ജന്മദിനമാഘോഷിക്കുന്നതിന് ഡിസംബര്‍ 25 ഉം ജ്ഞാനസ്‌നാനത്തിന്റെ ഓര്‍മയ്ക്ക് ജനുവരി ആറും പ്രത്യേകം നിശ്ചയിക്കപ്പെട്ടു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സംഭവിച്ചത് മറ്റൊരു തരത്തിലാണ്. ക്രിസ്തുവിന്റെ ജനനത്തിന്റെയും പൗരസ്ത്യ ദേശത്ത് നിന്ന് മൂന്നു ജ്യോതിശാസ്ത്രജ്ഞന്മാര്‍ (മേജൈ) ബെത്‌ലഹേമില്‍ എത്തി യേശുവിനെ ആരാധിച്ചതിന്റെയും ഓര്‍മയ്ക്കായി എപിഫനി എന്ന പേരില്‍ ഒരു പെരുന്നാളാണ് അവിടങ്ങളില്‍ ആഘോഷിക്കപ്പെട്ടിരുന്നത്.

ഡിസംബര്‍ 25 റോമിലെ ഒരു അക്രൈസ്തവ ഉത്സവദിനമായിരുന്നു. മകരസംക്രാന്തിയോടുകൂടി സൂര്യന് കൂടുതല്‍ വെളിച്ചമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍, ഡിസംബര്‍ 25, അജയ്യനായ സൂര്യന്റെ ജന്മദിനമായിട്ടാണ് ഒറീലിയന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ആഘോഷിക്കപ്പെട്ടുകൊണ്ടിരുന്നത്. നന്മയുടെ സൂര്യനായ യേശുക്രിസ്തുവിന്റെ ജന്മനാള്‍ കൊണ്ടാടുന്നതിനും ഈ ഡിസംബര്‍ 25 തന്നെയാണ് തെരഞ്ഞെടുത്തത്. എ ഡി 336 നോടടുത്താണ് ഈ ഏര്‍പ്പാട് നിലവില്‍വന്നത്. എന്നാല്‍ അര്‍മേനിയന്‍സഭ ജനുവരി 6-ാം തീയതിയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമസ് സംബന്ധിച്ച ആഘോഷ പരിപാടികളില്‍ അക്രൈസ്തവരുടെ പല ആചാരവിശേഷങ്ങളും കടന്നുവന്നിട്ടുണ്ട്. ഓരോ ക്രിസ്ത്യാനിയെ സംബന്ധിച്ചും തപസിന്റെ കാലമാണിത്.

പ്രളയം തകര്‍ത്ത കേരളം തിരിച്ചുവരവിന്റെ പാതയിലൂടെ നീങ്ങുന്ന വേളയിലാണ് ഇക്കുറി ക്രിസ്മസ്. പ്രളയം നമുക്ക് നല്‍കിയ സാഹോദര്യത്തിന്റെയും മാനുഷികതയുടെയും വലിയ പാഠമുണ്ട്. മരണക്കയത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളിയില്‍ ദൈവത്തിന്റെ മുഖം കണ്ടവര്‍. വിശക്കുന്നവനു മുമ്പില്‍ ആഹാരവുമായി എത്തിയ കൈകളില്‍ ദൈവസ്പര്‍ശം തിരിച്ചറിഞ്ഞവര്‍.

മതവും ജാതിയും കൊടിനിറവും ഒന്നും അന്ന് വേര്‍തിരിവുകളായില്ല. അമ്പലവും പള്ളിയും മോസ്‌ക്കുമെല്ലാം എല്ലാപേര്‍ക്കുമായി തുറന്നിട്ടു. സാഹോദര്യത്തിന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് നാം പ്രളയത്തെ നേരിട്ടു. എന്നാല്‍, എത്ര പെട്ടെന്നാണ് നാം തിരിച്ചുനടന്നത്. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വേര്‍തിരിവുകള്‍ വീണ്ടും. നഷ്ടമാകുന്ന ആ സാഹോദര്യം തിരിച്ചുപിടിക്കുക എന്നതാണ് ഈ ക്രിസ്മസ് നല്‍കുന്ന സന്ദേശം. പ്രത്യാശയുടെ നക്ഷത്രങ്ങള്‍ തെളിച്ച് ക്രിസ്മസിനെ നമുക്ക് വരവേല്‍ക്കാം.

രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ ശക്തമാകുന്ന ഇക്കാലത്തും കേരളം അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. നവോത്ഥാന പ്രസ്ഥാനത്തിന് കേരളത്തില്‍ ശരിയായ തുടര്‍ച്ച ഉണ്ടായി. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയ നാടാണ് കേരളം. അതിന്റെകൂടി പ്രയോജനമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. അതില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നവോത്ഥാന പോരാട്ടങ്ങളെ ഏറ്റെടുക്കാന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി.

ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന പുതിയൊരു തലമുറ രാജ്യത്ത് വിദ്യാഭ്യാസം നേടി വളര്‍ന്നുവരുന്നുണ്ട്. ക്യാമ്പസുകളില്‍ വളരുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം അതിനു തെളിവാണ്. അവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. രാജ്യത്തെ വഴികാട്ടുന്ന പ്രത്യാശയുടെ നക്ഷത്രങ്ങളാകാന്‍ അവര്‍ക്കു കഴിയും.
സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഈ ക്രിസ്മസ് വേളയില്‍ ഉയരട്ടെ. ‘ഭൂമിയില്‍ സന്മനസുള്ളവര്‍ക്കെല്ലാം സമാധാനം’ എന്ന ബൈബിള്‍ വചനം യാഥാര്‍ഥ്യമാകട്ടെ.

Related News