Loading ...

Home National

ന്യായാധിപന്‍റെ കാളകൂട വിഷംചീറ്റല്‍


യു വിക്രമന്‍

മേഘാലയ ഹൈക്കോടതിയിലെ ന്യായാധിപന്മാരില്‍ ഒരാള്‍ കാളകൂട വിഷം ചീറ്റിയിരിക്കുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്രയും ശപിക്കപ്പെടേണ്ട പരാമര്‍ശം ആരും നടത്തിയിട്ടുണ്ടാവില്ല.
സൈനിക റിക്രൂട്ട്‌മെന്റിനു സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേസില്‍ വിധിപറയുന്നതിനിടയിലാണ് സുദീപ് രജ്ജന്‍ സെന്‍ എന്ന ന്യായാധിപന്‍ രാജ്യത്തെ നീതിപീഠത്തിനാകെ അപമാനകരമായ വിഷലിപ്തവാക്കുകള്‍ ചൊരിഞ്ഞത്. വിഭജനകാലത്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാത്തതിലുള്ള മനോവിഷമമായിരുന്നു നീതിപീഠത്തിലിരുന്ന ആ മനുഷ്യനെ വേദനിപ്പിച്ചത്.
മനസില്‍ വര്‍ഗീയത നിറഞ്ഞവര്‍ എല്ലാരംഗത്തുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത്തരക്കാരുടെ വാക്കിലെയും എഴുത്തിലെയും വരികള്‍ക്കിടയില്‍ വര്‍ഗീയത നുരപൊന്തുന്നത് കാണാം. ഒരു മതവും വര്‍ഗീയ വിദ്വേഷത്തിന് ആഹ്വാനം ചെയ്യുന്നില്ലെങ്കിലും ഇത്തരം വര്‍ഗീയക്കോമരങ്ങള്‍ പല മതങ്ങളുടെയും ലേബലുകള്‍ ഉപയോഗിച്ചാണ് രംഗപ്രവേശനം ചെയ്യാറ്.

ഇതില്‍, വര്‍ഗീയ പ്രചാരണം രാഷ്ട്രീയായുധമാക്കിയവരൊഴികെ ഒട്ടുമിക്ക വര്‍ഗീയ മനസുകളും പുറംമോടിയിലില്ലെങ്കിലും മതേതരത്വം പറയുന്നവരായിരിക്കും. വര്‍ഗീയമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യത്തെ മതേതര പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന നാണക്കേടെങ്കിലും അവരുടെ മുഖത്തു കണ്ടിരുന്നു.

ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വ സ്ഥാനങ്ങളിലിരിക്കുന്നവരില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് വര്‍ഗീയതയുടെ വിഷംചീറ്റല്‍. അങ്ങനെ സംഭവിച്ചാല്‍ അതോടെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. ആ ബാലപാഠമാണ് മേഘാലയയില്‍ നീതിപീഠത്തിലിരുന്ന് ഒരാള്‍ ലംഘിച്ചിരിക്കുന്നത്.
പല കേസുകളുടെയും വിചാരണവേളയില്‍ നീതിപീഠത്തില്‍ നിന്ന് പല വാക്കാല്‍ പരാമര്‍ശങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ പലതും വിചിത്രവും പ്രതിലോമകരവുമായി തോന്നാറുമുണ്ട്. എന്നാല്‍, അവ ശരിയായ നിഗമനത്തിലെത്തുന്നതിനുള്ള നീതിപീഠത്തിന്റെ അന്വേഷണ മാര്‍ഗങ്ങളിലൊന്നുമാത്രമാണ്. ഇവിടെ അതല്ല സംഭവിച്ചത്. കേസിന്റെ വിധി പ്രസ്താവത്തിലാണ് തികച്ചും അനുചിതവും വര്‍ഗീയവുമായ പരാമര്‍ശമുണ്ടായത്.
മതാടിസ്ഥാനത്തിലായിരുന്നു ഇന്ത്യാ വിഭജനമെന്നതിനാല്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഹിന്ദു രാഷ്ട്രമാകേണ്ടിയിരുന്നുവെന്നാണ് ജഡ്ജിയുടെ അഭിപ്രായ പ്രകടനത്തിന്റെ ഉള്ളടക്കം. ഇന്ത്യയൊരു മതേതര രാജ്യമായതിലുള്ള വിഷമം പിന്നീടുള്ള പരാമര്‍ശങ്ങളില്‍ ഉടനീളമുണ്ട്.
ആദികാലം മുതല്‍ ഇന്ത്യ ഹിന്ദുരാജ്യമായിരുന്നുവെന്നും മുഗളന്മാരും ബ്രിട്ടീഷുകാരും വന്നശേഷമാണ് പലതായി വിഭജിച്ചുപോയതെന്നും പറയുന്നു. ഈ ന്യായാധിപന്‍ പറയുന്നപോലെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശുമെല്ലാം ചേര്‍ന്ന ഒരു ഇന്ത്യാ മഹാരാജ്യം ഏതെങ്കിലും കാലത്ത് ഒരു രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. ഇതിഹാസങ്ങളും പുരാണങ്ങളും അനുസരിച്ചും ത്രേയായുഗത്തിലും ദ്വാപരയുഗത്തിലുമെല്ലാം കേകയ – മഗധം, കോസലം തുടങ്ങി നൂറുകണക്കിനു രാജ്യങ്ങള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്നു.

അക്കാലത്ത് ഏതെങ്കിലും മതം ഇവിടെ പ്രാമുഖ്യം നേടിയിരുന്നില്ല. നിരവധി ആചാരവിശ്വാസങ്ങളും സംസ്‌കാരങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും നിലനിന്ന നാടായിരുന്നു ഇത്. വിഭിന്ന ശ്രവണ സംഘങ്ങള്‍ സജീവമായിരുന്നു. അവയില്‍ പലതും പില്‍ക്കാലത്ത് ക്ഷയിക്കുകയും മറ്റു ചിലത് മതങ്ങളായി പരിണമിക്കുകയും ചെയ്യുകയായിരുന്നുവെന്നും ചരിത്രം പറയുന്നു. പില്‍ക്കാലത്ത്, മുഗളന്മാരുടെയും അത് കഴിഞ്ഞ് ബ്രിട്ടീഷുകാരുടെയും കാലത്താണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കുറേ പ്രദേശങ്ങള്‍ ഒരു ഭരണത്തിന്‍ കീഴിലെത്തിയത്.
അക്കാലത്തെ ഇന്ത്യപോലുമല്ല ഇന്നത്തെ ഇന്ത്യ. ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലെ പഴയ പഞ്ചാബും ബംഗാളും വിഭജിക്കപ്പെട്ടത് സത്യമാണെങ്കിലും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലല്ലാതിരുന്ന സ്വതന്ത്രരാജ്യങ്ങളായിരുന്നു ഹൈദരാബാദും മൈസൂരും ജുനഗഡും കശ്മീരും എന്തിനേറെ നമ്മുടെ കേരളത്തിലെ പഴയ വേണാടും സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതൊന്നുമറിയാതെയാണോ മഹനീയ നീതിപീഠത്തിലിരുന്ന് ഒരാള്‍ ചരിത്രവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്.

രണ്ട് കാര്യങ്ങള്‍ കൂടി വിധി പ്രസ്താവത്തിനിടെ ന്യായാധിപന്‍ പറയുന്നുണ്ട്. ഒന്ന് മോഡി പ്രകീര്‍ത്തനമാണ്. ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി തീര്‍ക്കാനുള്ള നീക്കത്തെ മോഡി സര്‍ക്കാര്‍ എല്ലാ കഴിവുമുപയോഗിച്ച് ചെറുക്കുമെന്ന തന്റെ ശുഭപ്രതീക്ഷ ന്യായാധിപക്കസേരയിലിരുന്ന് അദ്ദേഹം പറയുന്നു. ആരാണ്, ഏതു കാലത്താണ് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കാന്‍ ശ്രമിച്ചത്. ആരെങ്കിലും ശ്രമിച്ചാല്‍ത്തന്നെ നെടുങ്കോട്ടപോലെ അതിശക്തമായ ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം സാധ്യമാകുന്നതാണോ അത്.

അതിഗുരുതരമായ മറ്റൊരു പരാമര്‍ശംകൂടി ഇതിലുണ്ട്. ഇപ്പോഴും പാകിസ്ഥാനിലും മറ്റും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ നരകയാതന അനുഭവിക്കുന്നുണ്ടെന്നും മതിയായ രേഖകളില്ലെങ്കിലും അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും ഈ ന്യായാധിപന്‍ പറയുന്നു.
വിഭജനകാലത്ത് മനസുനിറയെ വര്‍ഗീയ വിദ്വേഷവുമായെത്തിയ ലക്ഷക്കണക്കിനാളുകളാണ്

ഇന്ത്യയില്‍ ഭീകരമായ ചോരച്ചാലുകള്‍ ഒഴുക്കുന്നതിന് കാരണക്കാരായത്. മനസുനിറയെ വര്‍ഗീയ വിദ്വേഷമുള്ളവരുടെ ഒരു കുത്തൊഴുക്കുകൂടി ഇന്ത്യയിലേയ്ക്കുണ്ടായാല്‍ അതോടെ ഇവിടത്തെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണുകള്‍ തകര്‍ന്നുവീഴുമെന്നുറപ്പ്. പിന്നെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. മഹനീയമായ നീതിപീഠത്തിലിരുന്ന് ഇങ്ങനെയൊക്കെ പറയാമോ എന്നതാണ് ചോദ്യം.

Related News