Loading ...

Home National

'സ്‌കൂള്‍ കുട്ടികളെക്കാളും മോശം'; ബഹളം വച്ച എംപിമാര്‍ക്കെതിരെ സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം വച്ച പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും എതിരെ വിമര്‍ശനവുമായി സ്പീക്കര്‍ സുമിത്ര മഹാജന്‍. 'കുട്ടികളെക്കാളും മോശം' ആണ് എംപിമാരുടെ പെരുമാറ്റമെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ദിവസങ്ങളായി റഫേല്‍ വിഷയത്തില്‍ പ്രക്ഷുബ്ദമാവുകയാണ് പാര്‍ലമെന്റ്.

കഴിഞ്ഞ ആഴ്ചയിലേതില്‍ നിന്നും മാറ്റമൊന്നും ഇല്ലാതെയാണ് പ്രതിപക്ഷ-ഭരണപക്ഷാംഗങ്ങള്‍ ലോക്സഭയില്‍ വാക്പോരില്‍ ഏര്‍പ്പെട്ടത്. സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് സ്പീക്കര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. 'പൊതുജനങ്ങള്‍ക്ക് നല്ല സന്ദേശമല്ല ഇത് നല്‍കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്ന് വിദേശത്തുളള പലരും ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്,' സുമിത്ര മഹാജന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങളെക്കാളും നന്നായി സ്കൂള്‍ കുട്ടികള്‍ പെരുമാറുമെന്ന അഭിപ്രായങ്ങള്‍ പലരും തന്നോട് പറഞ്ഞതായും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്പീക്കറുടെ വിമര്‍ശനം പ്രതിപക്ഷ അംഗങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല. റഫേലില്‍ കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ടിഡിപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

റഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാവേരി നദിക്ക് കുറുകെ അണക്കെട്ട് പണിയാനുളള ശുപാര്‍ശ കര്‍ണാടക പിന്‍വലിക്കണമെന്നാണ് എഐഎഡിഎംകെയുടെ ആവശ്യം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് ടിഡിപിയുടെ പ്രക്ഷോഭം.

Related News