Loading ...

Home National

നിശബ്ദനെന്ന് വിളിച്ചപ്പോഴും മാധ്യമങ്ങളെ കാണാന്‍ ഭയപ്പെട്ടിരുന്നില്ല: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ 'ചെയ്ഞ്ചിങ് ഇന്ത്യ' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആളുകള്‍ പറയുന്നു, ഞാന്‍ നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നുവെന്ന്. അവര്‍ക്കുള്ള മറുപടിയാണ് ഈ പുസ്തകം. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി അല്ലാായിരുന്നു ഞാന്‍. പതിവായി ഞാന്‍ മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. വിദേശ സന്ദര്‍ശന സമയത്ത് വിമാനത്തിലിരുന്നും ലാന്‍ഡിങ്ങിന് ശേഷവും ഞാന്‍ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു," മന്‍മോഹന്‍ സിങ് പറഞ്ഞു.
ഒരു അപ്രതീക്ഷിത പ്രധാനമന്ത്രിയായിരുന്നു എന്ന പരാമര്‍ശത്തോടും മന്‍മോഹന്‍ സിങ് പ്രതികരിച്ചു. താന്‍ ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി മാത്രമായിരുന്നില്ല, അപ്രതീക്ഷിത ധനമന്ത്രി കൂടിയായിരുന്നു. നരസിംഹ റാവു മന്ത്രി സഭയില്‍ ഐ.ജി.പട്ടേലിനെയാണ് ധനമന്ത്രിയായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം പിന്മാറിയോടെയാണ് താന്‍ ധനമന്ത്രിയായതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതിന് സമാനമായ ബന്ധമാവണം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഉണ്ടാകേണ്ടത്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം പക്ഷേ അവയെല്ലാം പരിഹരിച്ച്‌ ഇരുവരും ഒരുമിച്ച്‌ മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News