Loading ...

Home India

പഴമയുടെ പ്രൗഢിയുമായി തയ്യില്‍ത്തൊടി തറവാട്‌

സായിനാഥ്‌ മേനോന്‍

മലപ്പുറം ജില്ലയില്‍, ടൗണിനോട്‌ ചേര്‍ന്നുള്ള മച്ചിങ്ങല്‍ എന്ന (ചന്നത്ത്‌ ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിനടുത്ത്‌)സ്ഥലത്താണ്‌ സ്ഥാനി മേനോന്‍ / നായര്‍ പരമ്ബര തറവാടായ പുലാത്തോട്ടത്തില്‍ തയ്യില്‍ത്തൊടി തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. പൊതുവെ തയ്യില്‍ത്തൊടി തറവാട്‌ എന്നാണീ ഗൃഹം അറിയപ്പെടുന്നത്‌ . പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ തറവാടിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് നീങ്ങാം


 
നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്‌ ഈ പരമ്ബരയ്ക്ക്‌. അധികാരികളായിരുന്നു . ദേശത്തിലെ പ്രശ്നങ്ങള്‍ക്ക്‌ തീര്‍പ്പ്‌ കല്‍പ്പിക്കാനും,നികുതി പിരിക്കാനും അധികാരം ഉണ്ടായിരുന്നു . ഇന്നത്തെ വില്ലേജ്‌ ഓഫീസറുടെ തസ്തിക തന്നെ.ജന്മി പരമ്ബരയായിരുന്ന ഇവര്‍ക്ക്‌ മലപ്പുറത്തിന്റെ നാനാഭാഗങ്ങളിലായി ധാരാളം ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു . നെല്‍കൃഷി തന്നെയായിരുന്നു അന്നത്തെ കാലത്തെ പ്രധാന വരുമാനം.


 
തയ്യില്‍ത്തൊടി തറവാട്‌ നാലുകെട്ടാണ്‌ .ഏകദേശം നൂറ്‌ വര്‍ഷത്തിനിടയ്ക്ക്‌ പഴക്കം കാണും ഈ നാലുകെട്ടിന്‌ .പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയുടെ നടുവിലായി, വെട്ടുക്കല്ലാല്‍ നിര്‍മ്മിതമായ ഈ മനോഹര സൗധം നിലകൊള്ളുന്നു . വല്ലിയ പ്രധാന വാതിലും, നീളന്‍ ഉമ്മറ കോലായയും, ധാരാളം തൂണുകളോട്‌ കൂടിയ അകത്തളവും, മനോഹരമായ നടുമുറ്റവും,ഏഴോളം മുറികളും,ഉള്ളിലും പുറത്തുമായി രണ്ട്‌ അടുക്കളും , രണ്ട്‌ നിലകളായുള്ള ഈ തറവാടില്‍ നമുക്ക്‌ കാണാം . അകത്തളത്തെ തൂണില്‍ പഴയ വാസ്തുവിദ്ഗദ്ധരുടെ കഴിവ്‌ നമുക്ക്‌ കാണാം . അത്ര മനോഹരമായി അതില്‍ അവര്‍ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്‌.അത്‌ പോലെ പ്രധാന വാതിലിന്റെ മുകളിലും കാണാം അത്തരം ചിത്ര പണികള്‍.മൂന്നാമത്തെ നില തട്ടിന്‍പ്പുറമാണ്‌.രണ്ട്‌ കിണര്‍ തറവാട്ടില്‍ ഉണ്ട്‌ . കുളം ഉണ്ടായിരുന്നു . നാലുകെട്ടിനോട്‌ ചേര്‍ന്ന് നെല്ല്സൂക്ഷിക്കാനായുള്ള ഒരു പത്തായപ്പുരയുണ്ട്‌ . നാലുകെട്ടിനെക്കാള്‍ പഴക്കമുണ്ടീ പത്തായപ്പുരയ്ക്ക്‌ .എല്ലാ മുറികളിലും തട്ടുകള്‍ ഉണ്ട്‌ . അതിനാല്‍ നാലുകെട്ടിനുള്ളില്‍ എപ്പോഴും തണുപ്പ്‌ നിറഞ്ഞ്‌ നില്‍ക്കുന്നുണ്ട്‌ . നിലം മാത്രമെ കാലത്തിനനുസരിച്ച്‌ മാറ്റിയിട്ടുള്ളൂ . ബാക്കി എല്ലാം പഴമ നില നിര്‍ത്തി കാത്തുസംരക്ഷിച്ചു പോരുന്നു തയ്യില്‍ത്തൊടി തറവാട്ടംഗങ്ങള്‍ ,


 
നാലുകെട്ടിനകത്തെ മച്ചില്‍ ദേവി ചൈതന്യം ഉണ്ട്‌ . എന്നും മച്ചില്‍ രണ്ട്‌ നേരം വിളക്ക്‌ കാണിക്കും . വര്‍ഷത്തിലൊരിക്കല്‍ ശാക്തേയ പൂജ പതിവുണ്ട്‌ മച്ചില്‍.പണ്ടിവിടെ കൊടുങ്ങല്ലൂര്‍ക്കുള്ള പ്രത്യേക പൂജകള്‍ നടത്തിയിരുന്നു . തറവാട്ടമ്ബലത്തില്‍ ശിവന്‍ , സര്‍പ്പ പ്രതിഷ്ഠകള്‍ ഉണ്ട്‌ . എല്ലാ വര്‍ഷവും ഇവിടെ പൂജകള്‍ പതിവുണ്ട്‌. പാറമ്മല്‍ ശിവക്ഷേത്രം , പൊന്നുണ്ണിക്കാട്ട്‌ ധന്വന്തരി ക്ഷേത്രം , തുടങ്ങീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണിവര്‍.


 
ഏറനാട്ടില്‍ ഏറ്റവും പ്രസിദ്ധിയേറിയ നായര്‍ പരമ്ബരകളില്‍ ഒന്നാണീ പരമ്ബര.അതിന്‌ കാരണമായത്‌ ഇവിടുത്തെ പൂര്‍വ്വികരുടെ കാര്യപ്രാപ്തി ആയിരുന്നു. ബ്രിട്ടീഷ്‌ കാലഘട്ടത്ത്‌ ദേശത്തെ അധികാരിയും, കമ്മീഷണറും ആയിരുന്ന പുലാത്തോട്ടത്തില്‍ ശ്രീ കോമന്‍ മേനോന്‍ ആണ്‌ ഈ നാലുകെട്ട്‌ പണികഴിപ്പിച്ചത്‌ . അദ്ദേഹം സമൂഹത്തില്‍ വല്ലിയ പദവികള്‍ വഹിച്ചിരുന്ന വ്യക്തിത്വമാണ്‌. ഇദ്ദേഹത്തിന്റെ മരുമകനായിരുന്ന ശ്രീ ശങ്കുണ്ണി മേനോനും അധികാരി ആയിരുന്നു . അതു പോലെ ജനപ്രിയനായ വ്യക്തിയുമായിരുന്നു . ഐ.ജി ഓഫ്‌ റെജിസ്റ്റ്രേഷന്‍ ആയി വിരമിച്ച ശ്രീ പുലാത്തോട്ടത്തില്‍ രാധാകൃഷ്ണ മേനോന്‍ അദ്ദേഹം ഈ തറവാട്ടിലെ അംഗമാണ്‌.


 
പുലാത്തോട്ടത്തില്‍ ശ്രീ കാമാക്ഷിയമ്മയുടെയും , ശ്രീ കുഞ്ഞിത്തായി അമ്മയുടെയും. ശ്രീ വിശാലാക്ഷിയമ്മയുടെയും ശ്രീ ശ്രീദേവി അമ്മയുടെയും , ശ്രീ മാധവിക്കുട്ടിയമ്മയുടെയും, ശ്രീ ജാനകിയമ്മയുടെയും, ശ്രീ രാധാദേവി അമ്മയുടെയും , ശ്രീ രാധാകൃഷ്ണ മേനോന്‍ അദ്ദേഹത്തിന്റെയും മക്കളും പേരക്കുട്ടികളും എല്ലാം അടങ്ങിയ വല്ലിയ ഒരു കുടുംബമാണ്‌ പുലാത്തോട്ടത്തില്‍തയ്യില്‍ത്തൊടി പരമ്ബര .ഇപ്പോഴത്തെ തറവാട്ട്‌ കാരണവര്‍ ശ്രീ പ്രഭാശങ്കര്‍ മേനോനും , തറവാട്ടമ്മ ശ്രീ സരസ്വതി മേനോനും ആണ്‌ . തറവാട്ടില്‍ ഇപ്പോള്‍ താമസം ശ്രീ കൃഷ്ണ മോഹന്‍ മേനോന്‍ അദ്ദേഹവും പത്നി ശ്രീമതി ജയശ്രീ മേനോനും മകനും കുടുംബവുമാണ്‌ ആണ്‌.(പുലാത്തോട്ടത്തില്‍ ശ്രീ മാധവിക്കുട്ടിയമ്മയുടെയും അധികാരിയായിരുന്ന ശ്രീ എം പി ശങ്കര നാരായണമേനോന്‍ അദ്ദേഹത്തിന്റെയും മക്കളാണിവര്‍)


 
പഴയ കുടുംബങ്ങളും , തറവാടുകളും നാമാവശേഷമാകുന്ന ഈ കാലഘട്ടത്ത്‌ ഇത്തരം തറവാടുകള്‍ നിലനില്‍ക്കുന്നു എന്നറിയുമ്ബോള്‍ തന്നെ മനസ്സില്‍ സന്തോഷം അലയടിക്കുന്നു.എല്ലാകാലത്തും ആചാരാനുഷ്ഠാനങ്ങള്‍ കാത്തുസൂക്ഷിച്ച്‌ , തറവാട്‌ കാത്തു സൂക്ഷിക്കാന്‍ തയ്യില്‍ത്തൊടിയിലെ അംഗങ്ങള്‍ക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു.



 



 

Related News