Loading ...

Home International

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയുന്നു

കൊളംബോ: നാളുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയുന്നു. രാജപക്ഷെയുടെ മകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്ഷെ പ്രധാനമന്ത്രി സ്ഥാനമൊഴിയും എന്നായിരുന്നു നമല്‍ രാജപക്ഷെയുടെ ട്വീറ്റ്.

പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി. സിരിസേനയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും നമല്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 26നാണ് പ്രധാനമന്ത്രി ആയിരുന്ന റനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി അവരോധിച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ രാജപക്ഷെ തോറ്റതിനെ തുടര്‍ന്നു സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. തുടര്‍ന്ന് ജനുവരി അഞ്ചിന് പുതിയ തിരഞ്ഞെടുപ്പു നടത്താനും ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാന്‍ നാലര വര്‍ഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Related News