Loading ...

Home National

റഫേല്‍ വിധിയില്‍ ഗുരുതര പിശകുകള്‍;അനില്‍ , മുകേഷ‌് അംബാനിമാരുടെ റിലയന്‍സ്‌ കമ്ബനികഒളെ ഒരേ കമ്ബനിയായി കോടതി ചിത്രീകരിച്ചു

റഫേല്‍ വിമാന ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി ഉത്തരവില്‍ ഗുരുതര പിശകുകള്‍. ഇടപാടിന്റെ വിലവിവരം കേന്ദ്ര സര്‍ക്കാര്‍ സിഎജിയുമായി പങ്കുവച്ചിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട‌് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട‌്സ‌് കമ്മിറ്റി പരിശോധിച്ചതാണെന്നും വിധിന്യായത്തിന്റെ 25--ാം ഖണ്ഡികയില്‍ കോടതി പറയുന്നു. റിപ്പോര്‍ട്ടിന്റെ സംക്ഷിപ‌്ത രൂപം പാര്‍ലമെന്റിന‌ുമുമ്ബാകെ വച്ചിട്ടുണ്ടെന്നും അതൊരു പരസ്യരേഖയാണെന്നും കോടതി തുടരുന്നു. എന്നാല്‍, റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട‌് സിഎജിയുടേതായി ഒരു റിപ്പോര്‍ട്ടും ഇതുവരെ പാര്‍ലമെന്റ‌ുമുമ്ബാകെ വച്ചിട്ടില്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷമാണ‌് സിഎജി റിപ്പോര്‍ട്ട‌് വിശദപരിശോധനയ‌്ക്കായി പബ്ലിക് അക്കൗണ്ട‌്സ‌് കമ്മിറ്റിമുമ്ബാകെ എത്തുക. വസ‌്തുത ഇതായിരിക്കെ ചീഫ‌് ജസ്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌ുടെ വിധിന്യായത്തിലേത് ​ഗുരതരപിശക്.

അനില്‍ അംബാനിയുടെ റിലയന്‍സിനെയും മുകേഷ‌് അംബാനിയുടെ റിലയന്‍സിനെയും ഒരേ കമ്ബനിയായും വിധിന്യായത്തില്‍ ചിത്രീ‌കരിച്ചിട്ടുണ്ട‌്. 32--ാം ഖണ്ഡികയിലാണ‌് ഗുരുതരമായ ഈ പിശക‌്. 2015 ഏപ്രിലില്‍ റഫേലുമായി മോഡി കരാര്‍ ഒപ്പിട്ടതിന‌ു പിന്നാലെയാണ‌് റിലയന്‍സ‌് എയ‌്റോസ‌്ട്രക‌്ചര്‍ എന്ന കമ്ബനി അനില്‍ അംബാനി തട്ടിക്കൂട്ടിയത‌്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പുനര്‍നിക്ഷേപ കരാര്‍ പൂര്‍ണമായും ഈ കമ്ബനിക്ക‌് ലഭിച്ചു. വിമാന നിര്‍മാണരംഗത്ത‌് മുന്‍പരിചയുമില്ലാത്ത കമ്ബനിക്ക‌് പുനര്‍നിക്ഷേപക കരാര്‍ ലഭിച്ചതോടെയാണ‌് റഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന വാദം ശക്തിപ്പെട്ടത‌്.

എന്നാല്‍, അനില്‍ അംബാനിയുടെ കമ്ബനിക്ക‌് കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന നിരീക്ഷണമാണ‌് ചീഫ‌് ജസ്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌് നടത്തിയത‌്. അനില്‍ അംബാനിയുടെ കടന്നുവരവിനെ ന്യായീകരിക്കാനുള്ള ശ്രമത്തിനിടെയാണ‌് ഈ പിഴവ‌് സംഭവിച്ചത‌്. റിലയന്‍സ‌് എയ‌്റോസ‌്ട്രക‌്ചര്‍ എന്ന കമ്ബനി പെട്ടെന്ന‌് രൂപീകരിക്കപ്പെട്ടതാണെങ്കിലും മാതൃകമ്ബനിയായ റിലയന്‍സുമായി 2012 മുതല്‍ റഫേല്‍ വിമാന നിര്‍മാതാക്കളായ ദസോള്‍ട്ട‌് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവരുന്നതായി പത്രക്കുറിപ്പില്‍നിന്ന‌് ബോധ്യപ്പെടുന്നുണ്ടെന്നാണ‌് വിധിന്യായത്തിലെ പരാമര്‍ശം. 2012ല്‍ ദസോള്‍ട്ട‌് ചര്‍ച്ചകള്‍ നടത്തിയത‌് മുകേഷ‌് അംബാനിയുടെ റിലയന്‍സ‌് ഇന്‍ഡ‌്സ‌്ട്രീസുമായിട്ടാണ‌് (ആര്‍ഐഎല്‍). ആര്‍ഐഎല്ലിനെ അനിലിന്റെ റിലയന്‍സ‌് എയ‌്റോസ‌്ട്രക‌്ചറിന്റെ മാതൃസ്ഥാപനമായി ചിത്രീകരിക്കുകയാണ‌് ചീഫ‌് ജസ്റ്റിസ‌്. എന്തായാലും ഇത‌് രണ്ട‌് കോര്‍പറേറ്റ‌് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടാണെന്നും കോടതിക്ക‌് അതില്‍ കാര്യമില്ലെന്നും പരാമര്‍ശിച്ചുകൊണ്ട‌് അനില്‍ അംബാനിയുടെ വരവിനെ വിധിന്യായത്തില്‍ ചീഫ‌് ജസ്റ്റിസ‌് ലളിതവല്‍ക്കരിക്കുകയും ചെയ്യുന്നു.

കോടതിയില്‍ നേരിട്ട‌് ഹാജരായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളും വിധിന്യായത്തില്‍ തെറ്റായാണ‌് വിവരിക്കുന്നത‌്. കോടതി ആവശ്യപ്പെട്ടതുപ്രകാരമാണ‌് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കോടതിയിലെത്തിയത‌്. ഇവരോട‌് ഏറ്റെടുക്കല്‍ പ്രക്രിയയെക്കുറിച്ചും വിലനിര്‍ണയ പ്രക്രിയയെ കുറിച്ചും ചോദിച്ച‌് തൃപ‌്തിപ്പെട്ടെന്നാണ‌് വിധിന്യായത്തിലുള്ളത‌്. എന്നാല്‍, സേന നിലവില്‍ ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വിലനിര്‍ണയത്തെക്കുറിച്ച‌് ഒരു ചോദ്യവുമുണ്ടായില്ല.

ഗുരുതരമായ പിഴവുകളോടെയുള്ള കോടതി ഉത്തരവ‌് ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന‌് ഹര്‍ജിക്കാരായ പ്രശാന്ത‌് ഭൂഷണും യശ്വന്ത‌് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രസ‌്താവനയില്‍ പറഞ്ഞു. മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിക്ക‌് കൈമാറിയ രേഖയെ അവലംബിച്ചതുകൊണ്ടാകാം പിശക‌് സംഭവിച്ചത‌്. രഹസ്യരേഖകളെമാത്രം ആധാരമാക്കി വിധിതീര്‍പ്പിലെത്തുന്നത‌് എത്രമാത്രം അപകടകരമാണെന്നതിന‌് ഉദാഹരണമാണിത‌്. വിലവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലുള്ള വൈമുഖ്യം വ്യോമസേനാ തലവന്‍ അറിയിച്ചതായും വിധിയിലുണ്ട‌്. എന്നാല്‍, ഇത്തരത്തിലുള്ള ആശയവിനിമയം കോടതി നടപടികളുടെ ഭാഗമായി ഉണ്ടായിട്ടില്ല. കോടതിക്ക‌് ഈ വിവരം എവിടെനിന്ന‌് ലഭിച്ചെന്ന‌് ബോധ്യപ്പെടുന്നില്ല-- ഭൂഷണും ഷൂരിയും സിന്‍ഹയും പറഞ്ഞു.

റഫേല്‍ ഇടപാടിന‌ു പിന്നില്‍ അഴിമതിയുണ്ടെന്നും അത‌് തെളിയിക്കുമെന്നും കോണ്‍ഗ്രസ‌് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Related News