Loading ...

Home Kerala

തിരുവനന്തപുരം വിമാനത്താവളം : കേരളം മുടക്കിയത‌് 1000 കോടിയിലേറെ

തിരുവനന്തപുരം വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതല്‍മുടക്ക‌് 1000 കോടിയിലേറെ രൂപ. വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്തു നല്‍കിയ ഭൂമിയുടെ വിലയും പുനരധിവാസത്തിന‌് ചെലവാക്കിയ തുകയുമുള്‍പ്പെടെയാണിത‌്. ഇപ്പോഴത്തെ കമ്ബോളവിലയനുസരിച്ച‌് ഭൂമിവില ഇതിലും പലമടങ്ങ‌് വര്‍ധിക്കും. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതോടെ സംസ്ഥാനത്തിന്റെ വന്‍ നിക്ഷേപം പൂര്‍ണമായി സ്വകാര്യവ്യക്തികളുടെ കൈയിലെത്തും. സ്ഥലം പൂര്‍ണമായി ഏറ്റെടുത്തു നല്‍കിയ സംസ്ഥാനത്തെ അറിയിക്കാതെയാണ‌് സ്വകാര്യവല്‍ക്കരണ നടപടികളുമായി വ്യോമയാനമന്ത്രാലയം മുന്നോട്ടുപോകുന്നത‌്. സ്വകാര്യപങ്കാളിത്തം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാനവുമായി കൂടിയാലോചിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പും ലംഘിച്ചു.
1932ല്‍ 50 ഏക്കറില്‍ ആരംഭിച്ച വിമാനത്താവളത്തിന‌് നിലവില്‍ 635 ഏക്കറാണുള്ളത‌്. പുതുതായി 18 ഏക്കര്‍കൂടി ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ‌്. വികസനത്തില്‍ ഏറെ പിന്നിലായിരുന്ന വിമാനത്താവളം തുടര്‍ച്ചയായി മുന്നേറിയത‌് 2011--16ലെ എല്‍ഡിഎഫ‌് സര്‍ക്കാരിന്റെ കാലത്താണ‌്. കൂടുതല്‍ ഭൂമി ഏറ്റെടുത്തുനല്‍കിയതും ചാക്കയില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിച്ചതും ഇക്കാലയളവില്‍. 2010 നു ശേഷം 1100 പേരെ ഇവിടുന്ന‌് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട‌്.

സ്വകാര്യ പങ്കാളിത്തം അനുവദിക്കുമ്ബോള്‍ സംസ‌്ഥാനവുമായി കൂടിയാലോചിക്കുമെന്ന‌് മുമ്ബ‌് വ്യോമയാന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വില സ‌്പെഷ്യല്‍ പര്‍പ്പസ‌് വെഹിക്കിളില്‍ ഓഹരിപങ്കാളിത്തമായി നല്‍കുന്നതും പരിഗണിക്കാമെന്ന‌് അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അവഗണിച്ച കേന്ദ്രം, കേരളം ആവശ്യമെങ്കില്‍ മത്സര ടെന്‍ഡറില്‍ പങ്കെടുത്ത‌് വിമാനത്താവളം വാങ്ങാനാണ‌് നിര്‍ദേശിച്ചത‌്. ഒരിക്കല്‍ പണം കൊടുത്ത‌് ഏറ്റെടുത്ത ഭൂമി വീണ്ടും പണംമുടക്കി ഏറ്റെടുക്കേണ്ട അവസ്ഥ. വിമാനത്താവളത്തിന്റെ ഭൂമി എടുക്കുന്നതിനായി ഒരുരൂപപോലും കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന‌് ചെലവഴിക്കേണ്ടി വന്നിട്ടില്ല.

തിരുവിതാംകൂര്‍ രാജാവിന്റെ അനുമതിയോടെ കേണല്‍ ഗോദവര്‍മ രാജയുടെ നേതൃത്വത്തിലാണ‌് 1932ല്‍ തിരുവനന്തപുരം വിമാനത്താവളം ആരംഭിച്ചത‌്‌. 1935ല്‍ ആദ്യമായി വിമാനമിറങ്ങി. 1977ല്‍ ജനതാ സര്‍ക്കാരിന്റെ കാലത്താണ‌് അന്താരാഷ്ട്ര സര്‍വീസ‌് ആരംഭിച്ചത‌്‌. 1991ല്‍ വി പി സിങ്‌ പ്രധാനമന്ത്രിയും ഇ കെ നായനാര്‍ മുഖ്യമന്ത്രിയുമായിരിക്കുമ്ബോഴാണ‌് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത‌്. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്ര പദവി ലഭിക്കുന്നത‌് തിരുവനന്തപുരത്തിനാണ‌്.

ഇപ്പോഴത്തെ എല്‍ഡിഎഫ‌് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ‌് വികസനപദ്ധതികള്‍ മുന്നോട്ടുപോകുന്നത‌്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ചെയര്‍മാനായ വികസനസമിതിയെയും അറിയിച്ചില്ല.

Related News