Loading ...

Home National

സുപ്രീംകോടതിക്ക‌് അമിതാധികാരമെന്ന‌് അറ്റോര്‍ണി ജനറല്‍

സുപ്രിംകോടതിക്കെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. ലോകത്ത‌് ഏറ്റവും അധികാരം കൈയാളുന്ന സുപ്രീംകോടതി ഇന്ത്യയിലാണെന്നും ശബരിമലവിധിയിലടക്കം ഭരണഘടനാ ധാര്‍മികതയില്‍ ജുഡീഷ്യറി ഉൗന്നുന്നത‌് ശരിയല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ജെ ബി ദാദാചഞ്ചി അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തവെയാണ‌് വിമര്‍ശം. വ്യക്തിപരമായ അഭിപ്രായമാണിതെന്ന‌ും വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനയിലെ 142 അനുച്ഛേദം നല്‍കുന്ന അധികാരം നിയമത്തിന് മീതെയാണെന്ന രീതിയിലാണ് സുപ്രീംകോടതി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിധിയില്‍ ഭരണഘടനാ ധാര്‍മികത ഉപയോഗിച്ച‌് സുപ്രീംകോടതി രണ്ട‌് വ്യത്യസ‌്ത രീതിയിലാണ‌് സംസാരിച്ചത‌്. ഭരണഘടനാ ധാര്‍മികത സ‌്ത്രീപ്രവേശനത്തിന‌് അനുമതി നല്‍കുന്നുവെന്ന‌് ഒരു അഭിപ്രായവും അതേ ഭരണഘടനാ ധാര്‍മികത പ്രവേശനം വിലക്കുന്നുവെന്ന മറ്റൊരു അഭിപ്രായവും ഉണ്ടായി. ഇത‌് അപകടകരമായ ആയുധമാണെന്നും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ഇങ്ങനെ തുടര്‍ന്നാല്‍ സുപ്രീംകോടതി മൂന്നാമത്തെ സഭയായി മാറുമെന്ന ജവാഹര്‍ലാല്‍ നെഹ‌്റുവിന്റെ വിശ്വാസം ശരിയാകുമെന്ന‌് താന്‍ ഭയപ്പെടുന്നെന്ന‌് വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനയുടെ പദാനുപദ വ്യാഖ്യാനത്തിലൂടെയാണ‌് മുമ്ബ‌് കോടതി ഭൂപരിഷ‌്കരണ--ദേശസാല്‍കൃത നിയമങ്ങള്‍ റദ്ദാക്കിയത‌്. ഒന്നിനുപുറമെ ഒന്നായി നിയമഭേദഗതി വരുത്തിയാണ‌് സര്‍ക്കാര്‍ പ്രതികരിച്ചത‌്. സുപ്രീംകോടതിവിധിയെ നിര്‍വീര്യമാക്കുക മാത്രമാണ‌് ഭേദഗതികളുടെ ലക്ഷ്യമെന്നാണ‌് അന്ന‌ത്തെ ചീഫ‌് ജസ്റ്റിസ‌് എം ഹിദായത്തുള്ള പറഞ്ഞത‌്. എന്നാല്‍, കോടതിയാണ‌് ശരിയെന്ന‌് പറയുക ബുദ്ധിമുട്ടാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Related News