Loading ...

Home National

മഹാരാഷ്ട്രയില്‍ രണ്ടാം ലോങ് മാര്‍ച്ച്‌: പങ്കെടുക്കുന്നത് 30000 കര്‍ഷകര്‍; മുംബൈ സ്തംഭിക്കും

മുംബൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം. സംസ്ഥാന തലസ്ഥാനമായ മുംബൈയിലേക്ക് 30,000ത്തോളം വരുന്ന കര്‍ഷകരും ആദിവാസികളും ചേര്‍ന്ന് നടത്തുന്ന ലോങ് മാര്‍ച്ച്‌ താനെയില്‍ നിന്നും ആരംഭിച്ചു. നോര്‍ത്ത് മഹാരാഷ്ട്ര, വിദര്‍ഭ, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച്‌ മുംബൈയിലെ ആസാദ് മൈദാനത്തില്‍ സമാപിക്കും. കര്‍ഷക മാര്‍ച്ച്‌ മുംബൈ നഗരത്തില്‍ പ്രവേശിച്ചാല്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ ലോങ് മാര്‍ച്ചില്‍ ഉറപ്പു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമത്തിന് കീഴിലുള്ള നഷ്ടപരിഹാര തുകകള്‍ വിതരണം ചെയ്യുക, വിളകള്‍ക്ക് അടിസ്ഥാന വില വര്‍ധിപ്പിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജ്യൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് വരുന്നത് ദേവേന്ദ്ര ഫട്‌നവിസ് സര്‍ക്കാരിന് തലവേദനയാകും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ബിജെപി സര്‍ക്കാര്‍ 2017ല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അത് നടപ്പാക്കിയില്ല. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പലതവണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അപ്പോഴെല്ലാം വാഗ്ദാനങ്ങള്‍ നല്‍കി സമരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

എല്ലാ കര്‍ഷകരും രണ്ടു കിലോഗ്രാം അരിയും ദാലും കൊണ്ടാണ് മാര്‍ച്ചിനെത്തിയിരിക്കുന്നത്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ആസാദ് മൈദാനത്ത് തങ്ങാനാണ് തീരുമാനം- കര്‍ഷക പ്രക്ഷോഭ നേതാവ് പ്രതിഭ ഷിന്‍ഡെ വ്യക്തമാക്കി.

വനാവകാശ നിയമം ആറുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ച്‌ 12ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. 3.64 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. എന്നാല്‍ വെറും 5448പേര്‍ക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചത്-പ്രതിഭ പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇത് രണ്ടാംതവണയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ലോങ് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ 11ന് നാസിക്കില്‍ നിന്ന് ആരംഭിച്ച്‌ 12ന് മുംബൈയില്‍ അവസാനിച്ച ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ 35000ലധികം കര്‍ഷകരാണ പങ്കെടുത്തത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം. സംസ്ഥാന തലസ്ഥാനമായ മുംബൈയിലേക്ക് 30,000ത്തോളം വരുന്ന കര്‍ഷകരും ആദിവാസികളും ചേര്‍ന്ന് നടത്തുന്ന ലോങ് മാര്‍ച്ച്‌ താനെയില്‍ നിന്നും ആരംഭിച്ചു. നോര്‍ത്ത് മഹാരാഷ്ട്ര, വിദര്‍ഭ, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച്‌ മുംബൈയിലെ ആസാദ് മൈദാനത്തില്‍ സമാപിക്കും. കര്‍ഷക മാര്‍ച്ച്‌ മുംബൈ നഗരത്തില്‍ പ്രവേശിച്ചാല്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News