Loading ...

Home Education

ഭൂമിയില്‍ ഇനി മനുഷ്യന്‍ മാത്രം ശേഷിക്കുമോ?

ന്യൂയോര്‍ക്ക് : 44 വര്‍ഷത്തെ മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് ഇല്ലാതെയായത് 60 ശതമാനത്തോളം വന്യജീവികളെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫിന്റെ റിപ്പോര്‍ട്ട്. 1970 മുതല്‍ 2014 വരെയുള്ള വര്‍ഷത്തെ കണക്കാണിത്. മത്സ്യങ്ങളും, പക്ഷികളും ഉഭയജീവികളും ഉരഗങ്ങളും സസ്തനികളും ഇതില്‍ ഉള്‍പ്പെടും. ലോകമെങ്ങുമുള്ള 4000 സ്പീഷിസുകളിലെ 16,700 സാംപിളുകളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വളരെ മോശം അവസ്ഥയാണിതെന്നും, ജന്തുലോകം അപകടഭീഷണിയിലാണെന്നും ഡബ്ല്യുഡബ്ല്യുഎഫ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ മാര്‍കോ ലാംബെര്‍ടിനി പറഞ്ഞു.

സംഭവിക്കുന്നതെന്താണ് എന്ന് നമുക്ക് അറിയാന്‍ കഴിയുന്നുണ്ട് എന്നത് മാത്രമാണ് ഇതിലെ ഏക നല്ലവാര്‍ത്തയെന്നും ലാംബെര്‍ടിനി വ്യക്തമാക്കി. ശുദ്ധജലജീവികളുടെ എണ്ണത്തില്‍ 44 വര്‍ഷത്തിനിടെ 80 ശതമാനം കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്.90 ശതമാനത്തോളം നഷ്ടം ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.


 
ഭൂമിയുടെ ഘടന തന്നെ മനുഷ്യന്‍ മാറ്റിയതായും നിലനില്‍പ്പിനായുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്കിടയില്‍ മറ്റെല്ലാ ജീവി വര്‍ഗ്ഗവും വംശനാശത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബയോമാസിന്റെയും ഭാരത്തിന്റെയും കണക്കെടുക്കുമ്ബോള്‍ വന്യജീവികള്‍ ഭൂമിയിലെ സസ്തനികളില്‍ ആകെ നാല് ശതമാനം മാത്രമേ വരുന്നുള്ളൂ.

സമുദ്രങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഉഷ്ണജല പ്രവാഹങ്ങളും ചൂടന്‍ കാറ്റുമാണ് സമുദ്രത്തിലെ ആവാസ വ്യവസ്ഥയുടെ അടിവേര് ഇളക്കിയത്.
ഊര്‍ജ്ജം, വെള്ളം, തടി, ഭക്ഷണം, വളങ്ങള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം ജീവജാലങ്ങളുടെ നിലനില്‍പ്പിന് വലിയ ഭീഷണിയായി മാറുകയായിരുന്നുവെന്നും പ്രകൃതിയ്ക്ക് വേണ്ടി ആഗോള ഉടമ്ബടിയിലേക്ക് എല്ലാ രാജ്യങ്ങളും എത്തിച്ചേരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ധ്രുവക്കരടികള്‍ക്ക് മാത്രമല്ല, സമ്ബദ് വ്യവസ്ഥയിലും സമൂഹത്തിലും നാശം വിതയ്ക്കാന്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കഴിവുണ്ടെന്നും ലാംബെര്‍ടിന് വ്യക്തമാക്കി.

Related News