Loading ...

Home Business

സൂക്ഷിച്ചു നോക്കു, ഈ വാര്‍ത്താ അവതാരകനെ; മനുഷ്യനാണെന്ന് കരുതിയാല്‍ തെറ്റി

അനുദിനമെന്നോണമാണ് ടെക്നോളജിയുടെ വളര്‍ച്ച. മനുഷ്യന് സമാനമായി ചിന്താശേഷിയുള്ള റോബോട്ടുകളെ വരെ ശാസ്ത്രലോകം ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്. മനുഷ്യന് ചെയ്യാവുന്നതെല്ലാം യന്ത്രങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സാങ്കേതിക ലോകം. യന്ത്രങ്ങള്‍ ചിന്തിച്ചു തുടങ്ങുന്ന കാലമാണിത്. കായികാധ്വാനം വേണ്ടതില്‍ മാത്രമല്ല മനുഷ്യ ബുദ്ധി ഉപയോ​ഗിക്കേണ്ടിടത്തും ഇപ്പോള്‍ യന്ത്രങ്ങള്‍ കീഴടക്കുകയാണ്.

ഇപ്പോള്‍ മാധ്യമ ലോകത്തേക്കും കടന്നുവന്നിരിക്കുന്നു റോബോട്ടുകള്‍. മനുഷ്യര്‍ മാത്രം കൈയടക്കിയിരുന്ന വാര്‍ത്താ അവതരണ ജോലി സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുകയാണ്. ചൈനയില്‍ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോ​ഗിച്ച്‌ വാര്‍ത്താ അവതരണം എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ചൈനയിലെ ഷിനുഹ ന്യൂസ് ഏജന്‍സിയും ചൈനീസ് സെര്‍ച്ച്‌ എഞ്ചിന്‍ കമ്ബനി സോഗുവും (sogou) ചേര്‍ന്ന് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിവുള്ള നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വാര്‍ത്താ അവതാരകരെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു.
 
ദൈനം ദിന ടിവി ന്യൂസ് റിപ്പോര്‍ട്ട് അവതരണത്തിലെ ചെലവ് കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോബോട്ടുകള്‍ അവതാരകരാകുന്നതോടെ ദിവസവും 24 മണിക്കൂറും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവും. ബ്രേക്കിങ് വാര്‍ത്തകള്‍ പെട്ടെന്ന് തയ്യാറാക്കാനും അവതരിപ്പിക്കാനും ഇതിന് കഴിവുണ്ട്.

മനുഷ്യ അവതാരകരുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാക്കിയത്. ടെലിവിഷനില്‍ കാണുക മനുഷ്യ അവതാരകരുടെ രൂപവും ശബ്ദവുമാണെങ്കിലും അത് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. മനുഷ്യാവതാരകര്‍ തന്നെയാണ് വായിക്കുന്നതെന്ന് കണ്ടാല്‍ തോന്നും. മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച്‌ യഥാര്‍ത്ഥ വാര്‍ത്താ അവതാരകരെ പോലെ ചുണ്ടുകളനക്കാനും ഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഈ റോബോട്ടുകള്‍ക്ക് സാധിക്കും.

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ പ്രായോഗിക തലത്തിലുള്ള മറ്റൊരു സാധ്യതയാണ് ഇത്. മനുഷ്യന് പകരം വെക്കാന്‍ സാധിക്കും വിധം ഈ സാങ്കേതിക വിദ്യ അനുദിനം വളരുകയാണ്.

Related News