Loading ...

Home International

ബ്രെക്സിറ്റ് കരട‌് കരാറിന് മന്ത്രിസഭയുടെ അം​ഗീകാരം: മന്ത്രിമാര്‍ രാജിവയ‌്ക്കുന്നു; തെരേസ മേയ‌് സമ്മര്‍ദത്തില്‍

യൂറോപ്യന്‍ യൂണിയനില്‍നിന്ന‌് വേര്‍പിരിയാനുള്ള ബ്രെക്സിറ്റ് കരട് കരാറിന‌് ബ്രിട്ടീഷ‌് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചതിനു പിന്നാലെ പ്രധാനമന്ത്രി തെരേസാ മേയ‌്ക്ക് കനത്ത തിരിച്ചടി നല്‍കി മന്ത്രിമാരുടെ രാജി. അഞ്ചുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്ക് ഒടുവില്‍ മന്ത്രിസഭ ബ്രക്സിറ്റ് കരാറിന‌് അനുമതി നല്‍കിയെന്ന് തെരേസാ മേയ‌് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രക്സിറ്റ് അനുബന്ധകാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിസഭാം​ഗം ഡൊമിനിക‌് റാബ‌് രാജിവച്ചത്. ഇതിനു പിന്നാലെ തൊഴില്‍--പെന്‍ഷന്‍ ചുമതലയുള്ള ഇസ‌്തര്‍ മക‌്‌വേയും രാജിവച്ചു. വടക്കന്‍ അയര്‍ലന്‍ഡ‌് മന്ത്രിയായ ഷൈലേഷ‌് വാറയും ജൂനിയര്‍ ബ്രെക‌്സിറ്റ‌് മന്ത്രി സുയെല്ല ബ്രേവര്‍മാന്‍ എന്നിവരും പ്രതിഷേധസൂചകമായി രാജിവച്ചു. കരട് കരാറിലെ ദാരുണമായ വ്യവസ്ഥകളോട് വിയോജിപ്പുള്ളതുകൊണ്ടാണ് രാജിയെന്ന് ഇവര്‍ വ്യക്തമാക്കി. കരാര്‍ മുന്നോട്ടുവയ‌്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് റാബ‌് ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പ‌് വാഗ‌്ദാനങ്ങളുടെ ലംഘനമാണിത‌്. ജനങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ‌്-- റാബ‌് കുറിച്ചു. 
ബ്രെക്സിറ്റ് നീക്കത്തിന് സ്വന്തം പാര്‍ടിയില്‍നിന്നുപോലും അം​ഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും തെരേസ മേയ്ക്ക് എതിരെ പ്രതിഷേധം കനത്തു. ബ്രക്സിറ്റ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. തെരേസ മേയുടെ മധ്യവലതുപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ല. മേയ‌്ക്കെതിരെ അവിശ്വാസപ്രമേയനീക്കം ആരംഭിച്ചിട്ടുണ്ട‌്. ഭരണകക്ഷിയില്‍ തന്നെയും കരാറിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസം ഉയരുന്ന സാഹചര്യത്തില്‍ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാനുള്ള തീരുമാനം അതീവ ദുര്‍ഘടമാകും. 
മന്ത്രിസഭ ഇപ്പോള്‍ അം​ഗീകരിച്ചത് അന്തിമ കരാറല്ലെന്നും മാറ്റങ്ങള്‍ക്ക് ഇനിയും അവസരമുണ്ടെന്നും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ തെരേസ മേയ് പറഞ്ഞു.
പ്രധാനമന്ത്രി എന്നനിലയില്‍ എല്ലാ അതിരും ലംഘിക്കുകയാണ‌് മേയെന്ന‌് പ്രതിപക്ഷമായ ലേബര്‍ പാര്‍ടിയുടെ നേതാവ‌് ജെറെമി കോര്‍ബിന്‍ പ്രതികരിച്ചു. കരട‌് കരാര്‍ അംഗീകരിക്കപ്പെട്ടതിനു പിന്നാലെ റാബിന്റെ രാജി വിവരവും പുറത്ത‌ുവന്നതോടെ ഓഹരിവിപണിയിലും പ്രതിഫലിച്ചു. യുഎസ‌് ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവുണ്ടായി. ലക്ഷക്കണക്കിന‌് വിയോജിപ്പുകള്‍ താണ്ടി പാസാക്കിയ കരാര്‍ ദൃഢീകരിക്കുന്നതിനായി 25ന‌് യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരും.

Related News