Loading ...

Home National

അ‍ഞ്ചു വര്‍ഷത്തിനിടെ 1031 വിധിന്യായങ്ങള്‍ ; റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച്‌ ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി : സുപ്രിംകോടതി കൊളീജിയത്തിലുള്‍പ്പെട്ട മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, നീതിന്യായ ജീവിതത്തില്‍ 
ശ്രദ്ധേയമായ റെക്കോഡും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ വിധികള്‍ എഴുതിയ പത്ത് സുപ്രിംകോടതി ജഡ്ജിമാരുടെ പട്ടികയിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇടംപിടിച്ചത്. അഞ്ചുവര്‍ഷത്തെ കാലയളവില്‍ 1031 വിധിന്യായങ്ങളാണ് അദ്ദേഹം പ്രസ്താവിച്ചത്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യമലയാളി ജസ്റ്റിസ് കൂടിയാണ് ഇദ്ദേഹം.

2013 മാര്‍ച്ച്‌ എട്ടിനാണ് അദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി നിയമിതനായത്‌. സുപ്രിം കോടതിയില്‍ അഞ്ചു വര്‍ഷവും എട്ടു മാസവും നീണ്ട സേവനത്തിനിടെയാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം 29 ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രിംകോടതി ജഡ്ജി പദവിയില്‍ നിന്ന് വിരമിക്കുകയാണ്.

ആയിരത്തിലേറെ വിധി പുറപ്പെടുവിച്ച, പട്ടികയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനേക്കാള്‍ മുന്നിലുള്ള ജഡ്ജിമാര്‍ ഇവരാണ്.

ഒമ്ബത് വര്‍ഷത്തോളം നീണ്ട കാലയളവില്‍ 2692 വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരിജിത് പാസായത്താണ് പട്ടികയില്‍ മുന്നില്‍. 2001 മുതല്‍ 2009 വരെയായിരുന്നു പസായത്ത് സുപ്രിംകോടതിയില്‍ ജഡ്ജിയായിരുന്നത്. കെ രാമസ്വാമി (2252), എസ് ബി സിന്‍ഹ (2202), ജെ സി ഷാ (1881), ജി ബി പട്നായിക് (1338), പി ബി ഗജേന്ദ്രഗഡ്കര്‍ (1212), കെ എന്‍ വാന്‍ചൂ (1210), പി. സദാശിവം (1145), എം.ഹിദായത്തുള്ള (1097) എന്നിവരാണ് പട്ടികയില്‍ യഥാക്രമം രണ്ടു മുതല്‍ ഒമ്ബത് വരെ സ്ഥാനങ്ങളിലുള്ളത്. നിലവില്‍ കേരള ഗവര്‍ണറായ ജസ്റ്റിസ് പി സദാശിവം, 2007 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് 1145 വിധികള്‍ പുറപ്പെടുവിച്ചത്.

2000 ലാണ് കുര്യന്‍ ജോസഫ് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 2010 ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 മാര്‍ച്ച്‌ എട്ടിനാണ് കുര്യന്‍ ജോസഫിന് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

Related News