Loading ...

Home International

ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക‌് ഭൂരിപക്ഷം

വാഷിങ്ടണ്‍
ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിന് വന്‍ തിരിച്ചടി. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ടി എട്ടുവര്‍ഷത്തിനു ശേഷം ജനപ്രതിനിധി സഭയില്‍ ആധിപത്യം നേടി. 435 അം​ഗ ജനപ്രതിനിധിസഭയില്‍ 27 അം​ഗങ്ങളെക്കൂടി എത്തിച്ച‌് 220 സീറ്റകളുമായി ഡെമോക്രാറ്റുകള്‍ കേവലഭൂരിപക്ഷം നേടി. 35 സീറ്റിലേക്ക‌് തെരഞ്ഞെടുപ്പ് നടന്ന നൂറം​ഗ സെനറ്റില്‍ നേരിയ ഭൂരിപക്ഷമെങ്കിലും നിലനിര്‍ത്താനായത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ടിക്കും ആശ്വാസമായി. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച‌് 51 അംഗങ്ങളാണ‌് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ടിക്കുള്ളത‌്. ഫലം പൂര്‍ണമായി പുറത്തുവന്നിട്ടില്ല.

രണ്ടുവര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം കടുത്തതാകുമെന്ന‌് വ്യക്തമാക്കുന്നതാണ‌് ജനവിധി. ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം നഷ്ടമായതോടെ കുടിയേറ്റം, നികുതി-, ആരോ​ഗ്യം തുടങ്ങിയ മേഖലകളില്‍ സമൂലമാറ്റംകൊണ്ടുവരാന്‍ നിയമനിര്‍മാണത്തിന് തുനിയുന്ന ട്രംപിന് കടമ്ബകളേറി. ശേഷിക്കുന്ന രണ്ടുവര്‍ഷം കടുത്ത വെല്ലുവിളിയാകുമെന്നും ഉറപ്പായി.

കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയതടക്കമുള്ള ട്രംപിന്റെ വിവാദമായ ഉത്തരവുകളെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭ തിരിച്ചുപിടിച്ചതിലൂടെ ലഭിച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ട്രംപിന്റെ തീരുമാനത്തിന് തടയിടാനും ഇതിലൂടെ സാധിക്കും.

ഇന്ത്യയിലെ ലോക്‌സഭയ്ക്ക് സമാനമായ യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ട്രംപിനെ നിലയ്ക്ക് നിര്‍ത്താനുള്ള ജനവിധിയാണുണ്ടായതെന്ന് നാ‍ന്‍സി പെലോസി പ്രതികരിച്ചു. ജനുവരിയില്‍ പുതിയ സഭ പ്രാബല്യത്തില്‍ വരും.

ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകള്‍ നേട്ടം കൊയ്തു. നിരവധി സംസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ചു.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള്‍ ഡെമോക്രാറ്റുകള്‍ 22 ഇടത്തും റിപ്പബ്ലിക്കന്‍ പാര്‍ടി 25 ഇടത്തും വിജയിച്ചു

ഫെഡറല്‍ കോടതിയിലേക്കും ഉന്നത ഭരണസ്ഥാനങ്ങളിലേക്കും നിയമനം നടത്താന്‍ സെനറ്റിലെ ഭൂരിപക്ഷം ട്രംപിനെ തുണയ്ക്കും. മികച്ച വിജയം ഉണ്ടാക്കാനായി എന്നാണ് ട്രംപിന്റെ ആദ്യ പ്രതികരണം. വിദേശരാജ്യങ്ങള്‍ തന്നെ അഭിനന്ദിച്ചെന്നും ട്രംപ് ട്വീറ്റ‌് ചെയ‌്തു.

ട്രംപ് അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യപൊതു തെര‍ഞ്ഞെടുപ്പ് കുടിയേറ്റനയം അടക്കമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ വിവാദ നിലപാടുകള്‍ക്കുള്ള ഹിതപരിശോധനയാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. 2016ല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കയിലുണ്ടായ രാഷ്ട്രീയ, സാംസ്കാരിക വിഭജനം കൂടുതല്‍ ബലപ്പെട്ടതായി തെളിയിക്കുന്നതാണ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം.

യുഎസ് കോണ്‍​ഗ്രസിലെ 'സമോസ കോക്കസ‌്' എന്നറിയപ്പെടുന്ന ഇന്ത്യന്‍വംശജരുടെ അനൗപചാരിക കൂട്ടായ്മക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. എന്നാല്‍, അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ നിരവധി ഇന്ത്യന്‍വംശജര്‍ വിജയിച്ചു.

പെണ്‍മുന്നേറ്റം 
ഇടക്കാല തെരഞ്ഞെടുപ്പില്‍ 90 വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത് ചരിത്രമായി. 28 പേര്‍ പുതുമുഖങ്ങളാണ്. ‍ഡെമോക്രാറ്റിക് പാര്‍ടിയാണ് കൂടുതല്‍ വനിതകളെ സഭയിലെത്തിച്ചത്. റഷിദ ത്ലായിബ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയായി. ഇല്ഹാന്‍ ഒമര്‍ സഭയിലെ സൊമാലി വംശജയായ ആദ്യ വനിതയും ഡെമോക്രാറ്റിക് പാര്‍ടിയുടെ അലക്സാഡ്രിയ ഒകേസിയ കോര്‍ടെക്സ് (29) ഏറ്റവും പ്രായം കുറഞ്ഞ വനിതയുമായി. തദ്ദേശീയ അമേരിക്കന്‍ വംശജരായ രണ്ട് സ്ത്രീകളെ സഭയിലെത്തിക്കാനും ഡെമോക്രാറ്റിക് പാര്‍ടിക്ക‌് കഴിഞ്ഞു. കോളറാഡോ ​ഗവര്‍ണറായി തെര‍ഞ്ഞെടുക്കപ്പെട്ട അതിസമ്ബന്ന വ്യവസായി ജറേഡ് പോളിസ് ഈ പദവിയിലെത്തുന്ന ആദ്യ സ്വവര്‍​ഗാനുരാ​ഗി.

Related News