Loading ...

Home sports

ഗ്രീന്‍ഫീല്‍ഡില്‍ വിന്‍ഡീസ് പച്ചതൊട്ടില്ല

തിരുവനന്തപുരം: മഴയില്ലെങ്കില്‍ റണ്‍മഴ പെയ്യുമെന്ന പ്രവചനങ്ങളെല്ലാം അപ്രസക്തമായി. കാര്യവട്ടത്ത് ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ച്‌ എത്തിയ കാണികള്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വിരുന്നാണ് ഉൗട്ടിയത്. ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് ലഭിച്ച്‌ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സ് മാത്രം നേടി കൂടാരം കയറി.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ ജയ്സണ്‍ ഹോള്‍ഡറുടെ തീരുമാനം പിഴയ്ക്കുന്നതാണ് ആദ്യ ഓവര്‍ മുതല്‍ കണ്ടത്. ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ കിരോണ്‍ പവല്‍ വീണു.

രണ്ടാം ഓവറില്‍ വിന്‍ഡീസിന്‍റെ പ്രതീക്ഷയായിരുന്ന ഷായി ഹോപ്പും വീണതോടെ സന്ദര്‍ശകര്‍ 2/2 എന്ന ദയനീയ സ്ഥിതിയിലായി. ജസ്പ്രീത് ബുംറയുടെ തീപാറുന്ന ഇന്‍സ്വിംഗറില്‍ ഹോപ്പിന്‍റെ വിക്കറ്റ് തെറിക്കുകയായിരുന്നു.

മങ്ങിയ ഫോമിലായിരുന്ന മര്‍ലോണ്‍ സാമുവല്‍സ് ചില ഷോട്ടുകളിലൂടെ പ്രതീക്ഷയുടെ വഴി കാട്ടിയെങ്കിലും പോരാട്ടം അധികം നീണ്ടില്ല. മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സാമുവല്‍സ് 24 റണ്‍സുമായി മടങ്ങിയതോടെ വിന്‍ഡീസ് 36/3 എന്ന നിലയിലായി.

പിന്നെ രവീന്ദ്ര ജഡേജയുടെ ഉൗഴമായിരുന്നു. പേസര്‍മാര്‍ക്ക് മാത്രമല്ല, സ്പിന്നര്‍മാര്‍ക്കും ഗ്രീന്‍ഫീല്‍ഡ് വിക്കറ്റ് സഹായം നല്‍കിയതോടെ ഒന്നിനു പുറകെ ഒന്നായി വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറി.

പതിവ് പോലെ ഒരറ്റത്ത് പിടിച്ചുനിന്ന് 25 റണ്‍സ് നേടിയ നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് ടോപ്പ് സ്കോറര്‍. നായകനും സാമുവല്‍സിനും ശേഷം രണ്ടക്കം കടന്നത് ഓപ്പണര്‍ റോവ്മാന്‍ പവല്‍ (16) മാത്രം.

ഇന്ത്യയ്ക്ക് വേണ്ടി ജഡേജ നാലും ബുംറയും ഖലീല്‍ അഹമ്മദും രണ്ടു വീതം വിക്കറ്റുകളും നേടി. ഭുവനേശ്വറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ നേടിയതോടെ എറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റുമായി.

Related News