Loading ...

Home National

'വിമാനവില അറിയാവുന്നവര്‍ ഭാ​ഗ്യവാന്മാര്‍' -പരോക്ഷ പരിഹാസവുമായി ചീഫ‌് ജസ‌്റ്റിസ‌്

റഫേല്‍ വിമാനങ്ങളുടെ വില അറിയാന്‍ അവസരം ലഭിക്കുന്നവര്‍ അപൂര്‍വ സൗഭാഗ്യത്തിന‌് ഉടമകളെന്ന‌് സുപ്രീംകോടതി. വാദം കേള്‍ക്കലിനിടെ റഫേലിന്റെ വിലയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌് കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്ന പരാമര്‍ശം നടത്തിയത‌്.

റഫേലിന്റെ വില, വിലനിര്‍ണയം സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് ആവശ്യപ്പെട്ടു. എന്നാല്‍, പാര്‍ലമെന്റില്‍ പോലും ഇത‌് വെളിപ്പെടുത്തിയിട്ടില്ലെന്ന‌് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.

ഈ വാദം തെറ്റാണെന്നും പാര്‍ലമെന്റില്‍ വിലവിവരം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന‌് ആം ആദ‌്മി നേതാവും രാജ്യസഭാംഗവുമായ സഞ‌്ജയ‌്സിങ്ങിന്റെ അഭിഭാഷകന്‍ ചുണ്ടിക്കാട്ടി. 'നിങ്ങള്‍ക്ക‌് വില അറിയാമെങ്കില്‍ അത‌് ഞങ്ങളുമായി പങ്കുവയ‌്ക്കൂ. ഞങ്ങളും ആ അപൂര്‍വ ഭാഗ്യത്തിന്റെ ഉടമകളാകട്ടെ'- എന്ന‌് ചീഫ‌്ജസ‌്റ്റിസ‌് പ്രതികരിച്ചത‌് കോടതിയില്‍ ചിരിയുയര്‍ത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും ചീഫ‌്ജസ‌്റ്റിസ‌് സര്‍ക്കാരിനെ കളിയാക്കാനുള്ള ആയുധമാക്കി. 'സിബിഐ അന്വേഷണം ആവശ്യമുള്ളവര്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.

അവര്‍, സ്വന്തം വീട്ടിലെ പ്രശ‌്നങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമത്തിലാണ‌്'.അതേസമയം, കേസ‌ിലെ വാദംകേള്‍ക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നത‌ുവരെ മാറ്റിവയ‌്ക്കണമെന്ന പ്രധാന ഹര്‍ജിക്കാരന്‍ അഡ്വ. എം എല്‍ ശര്‍മ്മയുടെ ആവശ്യം കോടതിയെ ചൊടിപ്പിച്ചു. 'എന്ത‌് തെരഞ്ഞെടുപ്പ‌് ? തെരഞ്ഞെടു‌പ്പിന‌് വേണ്ടി കോടതി നടപടികള്‍ നിര്‍ത്തിവയ‌്ക്കണമെന്ന‌് ആവശ്യപ്പെടുന്നത‌് എന്ത‌് അടിസ്ഥാനത്തിലാണ‌് ?. ഒരു തെരഞ്ഞെടുപ്പിനെ കുറിച്ചും ഞങ്ങള്‍ക്ക‌് ആശങ്കയില്ല'- ചീഫ‌്ജസ‌്റ്റിസ‌് പറഞ്ഞു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ സ്വന്തം നിലയ‌്ക്ക‌് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന അഡ്വ. എം എല്‍ ശര്‍മ്മയുടെ ഇടപെടലുകള്‍ ദുരൂഹമാണെന്ന വാദം നേരത്തെ ഉയര്‍ന്നിട്ടുണ്ട‌്.

Related News