Loading ...

Home National

കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവും ഭീഷണിയും: രാജിക്കൊരുങ്ങി ഊര്‍ജിത‌് പട്ടേല്‍

കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദവും ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ‌്ബാങ്ക‌് ഗവര്‍ണര്‍ ഊര്‍ജിത‌് പട്ടേല്‍ രാജിവയ‌്ക്കാന്‍ തയ്യാറെടുക്കുന്നു. ഊര്‍ജിത‌് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍മാരും വെള്ളിയാഴ‌്ച ധനമന്ത്രി അരുണ്‍ ജെയ‌്റ്റ‌്‌ലിയെ കാണുന്നുണ്ട‌്. കൂടിക്കാഴ‌്ചയ‌്ക്കുശേഷം ഊര്‍ജിത‌് പട്ടേല്‍ നിര്‍ണായകതീരുമാനം എടുക്കും. മോഡി സര്‍ക്കാരും കേന്ദ്രബാങ്കും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞ‌് ഡോളറിന‌് 73.99 ആയി.

രാജ്യം നേരിടുന്ന സാമ്ബത്തികപ്രതിസന്ധിയുടെ ഉത്തരവാദിത്തം റിസര്‍വ‌്ബാങ്കിനുമേല്‍ കെട്ടിവയ‌്ക്കാനാണ‌് മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നത‌്. റിസര്‍വ‌്ബാങ്കിന്റെ സ്വയംഭരണാവകാശം പൂര്‍ണമായി ഹനിക്കുന്ന വിധത്തില്‍ ഏഴാം വകുപ്പ‌് പ്രയോഗിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ ഭീഷണി നിലനില്‍ക്കവെ ധനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ‌് ഊര്‍ജിത‌് പട്ടേലിനെ ചൊടിപ്പിച്ചത്. 2008-14 കാലത്ത‌് വാണിജ്യബാങ്കുകള്‍ വിവേചനരഹിതമായി വായ‌്പ നല്‍കിയപ്പോള്‍ റിസര്‍വ‌്ബാങ്ക‌് നിയന്ത്രണനടപടികള്‍ സ്വീകരിച്ചില്ലെന്ന‌് ഇന്ത്യ-യുഎസ‌് സ‌്ട്രാറ്റജിക‌് പാര്‍ട്ട‌്ണര്‍ഷിപ‌് ഫോറത്തില്‍ ധനമന്ത്രി പറഞ്ഞു.

ചെറുകിട-ഇടത്തരം-നാമമാത്ര സംരംഭങ്ങള്‍ക്ക‌് വായ‌്പ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ‌് വരുത്തണമെന്ന‌് റിസര്‍വ‌്ബാങ്കിനോട‌് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവരികയാണ‌്. കൂടുതല്‍ വായ‌്പ നല്‍കിയതുകൊണ്ട‌് മാത്രം ചെറുകിട വ്യവസായമേഖലയിലെ തകര്‍ച്ചയ‌്ക്ക‌് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ‌് റിസര്‍വ‌്ബാങ്ക‌് നിലപാട‌്. നോട്ടുനിരോധനവും ജിഎസ‌്ടിയും സൃഷ്ടിച്ച പ്രതിസന്ധിയാണ‌് തുടരുന്നത‌്. റിസര്‍വ‌്ബാങ്കിന്റെ ഈ നിലപാടിനുള്ള മറുപടി എന്ന നിലയിലാണ‌് മുന്‍കാല വായ‌്പകളുടെ കാര്യം ധനമന്ത്രി എടുത്തുപറഞ്ഞത‌്.

വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ എന്നപേരില്‍ കോര്‍പറേറ്റുകള്‍ക്ക‌് വന്‍തുക വായ‌്പ വാരിക്കോരി നല്‍കണമെന്ന നിലപാടാണ് മോഡി സര്‍ക്കാരിന്. അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി കോര്‍പറേറ്റുകള്‍ക്ക‌് ലക്ഷക്കണക്കിനു കോടി രൂപ വായ‌്പ നല്‍കി. 2008-14 കാലത്ത‌് നല്‍കിയ വായ‌്പയില്‍ 10 ലക്ഷം കോടിയില്‍പരം കിട്ടാക്കടമായി മാറി. ഊര്‍ജപദ്ധതികള്‍ക്ക‌് നല്‍കിയ വായ‌്പകള്‍ തിരിച്ചുപിടിക്കുന്നത‌് സംബന്ധിച്ച കേസില്‍ റിസര്‍വ‌്ബാങ്കും കേന്ദ്രസര്‍ക്കാരും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ ഭാഗമായ ആശയവിനിമയങ്ങളിലാണ‌് റിസര്‍വ‌്ബാങ്ക‌് നിയമത്തിലെ(1934) ഏഴാം വകുപ്പ‌് പ്രയോഗിക്കുമെന്ന‌് സര്‍ക്കാര്‍ അറിയിച്ചത‌്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ റിസര്‍വ‌്ബാങ്കിനെ ബാധ്യസ്ഥമാക്കുന്ന ഈ വകുപ്പ‌് ചരിത്രത്തില്‍ ഇതുവരെ പ്രയോഗിച്ചിട്ടില്ല.

ചെറുകിടസംരംഭങ്ങള്‍ക്കുള്ള വായ‌്പകളുടെ മേല്‍നോട്ടത്തിനായി പുതിയ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്രനീക്കവും റിസര്‍വ‌് ബാങ്കിനെ അസ്വസ്ഥമാക്കിയിട്ടുണ്ട‌്. രഘുറാം രാജനെ പുകച്ചുപുറത്തുചാടിച്ച ശേഷം പ്രധാനമന്ത്രി മോഡി സ്വയം കണ്ടെത്തി നിയമിച്ചയാളാണ‌് ഊര്‍ജിത‌് പട്ടേല്‍. അടുത്തവര്‍ഷം ഒക്ടോബര്‍വരെ അദ്ദേഹത്തിന‌് കാലാവധിയുണ്ട‌്. മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ‌് സുബ്രഹ‌്മണ്യന്‍, നിതി ആയോഗ‌് ഉപാധ്യക്ഷനായിരുന്ന അരവിന്ദ‌് പനഗരിയ എന്നിവരും സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന‌് രാജിവച്ചിരുന്നു.

Related News