Loading ...

Home cinema

വീണ്ടുമൊരു 'ബാലചന്ദ്രമേനോന്‍ ടച്ച്' - കെ.ഷബിന്‍ മുഹമ്മദ് / ബാലചന്ദ്രമേനോന്‍

ബാലചന്ദ്ര മേനോന്‍ ചിത്രങ്ങളെ മലയാളികള്‍ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 'കുറുപ്പിന്‍െറ കണക്കു പുസ്തകവും, കണ്ടതും കേട്ടതും' തുടങ്ങിയ ഒരു പിടി ചിത്രങ്ങളാണ് മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. എഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രന്‍ ടച്ചുമായി തിരിച്ചുവരികയാണ് അദ്ദേഹം. ഞാന്‍ സംവിധാനം ചെയ്യും എന്ന പുതിയ ചിത്രത്തെ കുറിച്ചും മലയാള സിനിമയെ കുറിച്ചും ബാലചന്ദ്രമേനോന്‍ 'മാധ്യമ'ത്തോട് സംസാരിക്കുന്നു....

  • ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് കടന്നുവരികയാണല്ലോ. ഒരിടവേള സംഭവിക്കാനുണ്ടായ കാരണം?
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തിരിച്ചുവരുന്നത് എന്നത് ശരിയാണ്. ഒരിക്കലും അത് മനപ്പൂര്‍വം എടുത്തതല്ല. ജീവിതത്തിലുണ്ടായ സ്വാഭാവിക ഇടവേള മാത്രമായിരുന്നു അത്.
  • പുതിയ ചിത്രം 'ഞാന്‍ സംവിധാനം ചെയ്യും' ഷൂട്ട് കഴിഞ്ഞപ്പോള്‍ എന്ത് തോന്നി
ഉത്രാട രാത്രി,രാധ എന്ന പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ ഞാന്‍ ചെയ്യുമ്പോള്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് യുഗമായിരുന്നു. പിന്നീട് കളര്‍ യുഗം വന്നപ്പോള്‍ കളര്‍ ചിത്രങ്ങള്‍ ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിന്് തൊട്ടുമുമ്പ് ഞാന്‍ ചെയ്തത് 2008ല്‍ പുറത്തിറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' ആണ്. അതൊക്കെ കഴിഞ്ഞ് പുതിയ ചിത്രത്തിലെ ത്തിയപ്പോള്‍ ഞാന്‍ ഡിജിറ്റല്‍ യുഗത്തിലാണ്. ഡിജിറ്റല്‍ സെറ്റപ്പിലുള്ള എന്‍െറ ആദ്യത്തെ ചിത്രമാണിത്.

  • ഡിജിറ്റല്‍ യുഗത്തില്‍ വലിയ മാറ്റം സംഭവിച്ചതായി തോന്നിയോ?
ഇല്ല,അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ല. മുമ്പ് നടന്നു പോയിരുന്നത് പിന്നെ സൈക്കിളിലായി അതു കഴിഞ്ഞ് കാറില്‍ വന്നു, പിന്നെ വിമാനത്തിലായി. എല്ലാത്തിനും ദൂരമാണല്ളോ പ്രധാനം. ദൂരത്തില്‍ മാറ്റമില്ലല്ളോ. അതുപോലെ തന്നെയാണ് സിനിമയും. എഴുവര്‍ഷത്തെ ഇടവേളയുടെ കാലത്ത് സമീപനത്തില്‍ നമ്മളും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും നമ്മള്‍ അപ്ഡേറ്റായിട്ടുമുണ്ട്.
  • പേരിലെ വ്യത്യസ്തതയെ കുറിച്ച്?
ഇതെഴുതി വന്നപ്പോല്‍ അത്തരമൊരു പേരാണ് ചേരുന്നതെന്ന് തോന്നി അതിനാലാണ് ചിത്രത്തിന് 'ഞാന്‍ സംവിധാനം ചെയ്യും' എന്ന് പേരിട്ടത്.
  • മലയാള സിനിമക്ക് ശോഭന, പാര്‍വതി പോലുള്ള നടിമാരെയും മണിയന്‍പിള്ള രാജുവിനെ പോലുള്ള നടന്‍മാരെയും സംഭാവന ചെയ്ത ആളാണ് താങ്കള്‍. അങ്ങനെ ഒരാളെ കൂടി പുതിയ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. ഈ ചിത്രത്തിലൂടെ മൂന്ന് പ്രധാനപ്പെട്ട ആളുകളെയാണ് പരിചയപ്പെടുത്തുന്നത്. ദക്ഷിണ എന്ന പേരുള്ള പുതുമുഖ നായികയും ചിത്രത്തില്‍ എന്‍െറ നായികയായി അഭിനയിക്കുന്ന ഗായത്രി, നായകനായി വേഷമിടുന്ന ശ്രീകാന്ത് എന്നിവരെ ഞാന്‍ ഇതിലൂടെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നുണ്ട്.
  • പുതു തലമുറ ചിത്രങ്ങളെ കുറിച്ച്..
പുതുതലമുറയിലെ ചിത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്. സാങ്കേതികമായി പുതുകാല ചിത്രങ്ങളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടതാണ്. പലപ്പോഴും ആശയപരമായ കാര്യത്തിലും പരിചരണത്തിലും മാത്രമേ എനിക്ക് വിയോജിപ്പുള്ളൂ.
  • ആശയപരമായുള്ള വിയോജിപ്പ്?
അക്കാര്യം ഞാന്‍ മുമ്പ് പറഞ്ഞതാണ്. ശൗചാലയത്തില്‍ ചെയ്യുന്നത് സ്വീകരണ മുറിയില്‍ ചെയ്യരുത്. അത്തരം ആശയത്തിന് ഞാനെതിരാണ്.
  • കുടുംബചിത്രങ്ങള്‍ കുറഞ്ഞു വരുന്നു, കുടുംബ പ്രേക്ഷകര്‍ ഇല്ലാതായോ?
പ്രേക്ഷകര്‍ ഇല്ലാതായിട്ടില്ല. ആസ്വാദ്യകരമായ കുടുംബ ചിത്രം വന്നിട്ട് കുറേ കാലമായി എന്നതാണ് സത്യം.
  • ന്യൂജെന്‍^ഓള്‍ഡ് ജെന്‍ സിനിമകള്‍
അങ്ങിനെ ഒന്നില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഓള്‍ഡ്, ന്യൂ എന്നിങ്ങനെ തരംതിരിക്കുന്നത് തെറ്റാണ്. പഴമയില്‍ പുതുമയുണ്ട്. പുതുമയില്‍ പഴമയുണ്ട് എന്നാണെന്‍െറ വിശ്വാസം.
  • അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ വന്‍വിജയമാകുകയും വിവാദമാകുകയും ചെയ്ത ചിത്രമാണല്ളോ 'പ്രേമം'. താങ്കള്‍ ചിത്രം കണ്ടിരുന്നോ?
ഞാന്‍ ചിത്രം കാണുകയും എന്‍െറ അഭിപ്രായം അപ്പോള്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തതാണ്. മനുഷ്യന്‍്റെ ഗൃഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയില്‍ പ്രേമം ഒരു നല്ല പുഷ്പ വൃഷ്ട്ടി നടത്തി അതില്‍ നനഞ്ഞു കുളിച്ചു ജനം സുഖിച്ചു എന്നായിരുന്നു ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

  • സോഷ്യല്‍ മീഡിയ റിവ്യൂസ്
റിവ്യൂസ് സത്യസന്ധമാണേല്‍ കൊള്ളാം. ഫേസ്ബുക്കിലൊക്കെ വരുന്ന റിവ്യൂസ് സ്വാധീനിക്കും എന്നത് ശരിയാണ്. എന്നാല്‍ ഓടേണ്ട സിനിമ ഓടിയിരിക്കും അതില്‍ സംശയമില്ല. പ്രേക്ഷകരുടെ ഇഷ്ടമാണ് വലുത്. അവര്‍ക്കിഷ്ടമായാല്‍ എന്ത് റിവ്യൂസ് വന്നാലും ഇല്ളെങ്കിലും സിനിമ ഓടും. ജനങ്ങളുടെ അന്തിമ വിധിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്.
  • à´ˆ പ്രാവശ്യത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം...
എന്‍െറ ചിത്രം അവാര്‍ഡിനെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് ഉത്തരം നല്‍കും. അവാര്‍ഡിനെയും അവാര്‍ഡ് രീതിയെയും പറ്റി നാട്ടിലുള്ള ആക്ഷേപം ഈ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്.
  • ഇനി സിനിമാ രംഗത്ത് സജീവമാകാനാണോ പ്ലാന്‍
സിനിമയില്‍ ഒന്നും പറയാനാവില്ല. നാളെ എന്നതിനെ കുറിച്ച് ഒന്നും പറയാനാവില്ല. ഈ സിനിമ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയിലെ മറ്റു തീരുമാനങ്ങള്‍.
  • ഞാന്‍ സംവിധാനം ചെയ്യും...
ഇതെന്‍െറ 36മാത്തെ ചിത്രമാണ്. ഓരോ ചിത്രത്തിലും വ്യത്യസ്ത പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. പുതിയ ചിത്രത്തിലും വ്യത്യസ്ത പ്രമേയം തന്നെയാണ് അവതരിപ്പിക്കുന്നതെന്നാണ് എന്‍െറ വിശ്വാസം. മാറിയ സാഹചര്യത്തില്‍ ബാലചന്ദ്ര മേനോന്‍ സിനിമ എന്നതിന് പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്ന ചിത്രമായിരിക്കും ഇത്.

Related News