Loading ...

Home National

ജയലളിതയുടെ മരണം; പോലീസ് നിര്‍ദേശ പ്രകാരം സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ചികിത്സയിലായിരുന്നപ്പോള്‍ ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തത് പൊലീസിന്റെ നിര്‍ദേശം അനുരിച്ചാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. രാജ്യാന്തര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഐസിയു, സിസിയു തുടങ്ങിയവയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും ആശുപത്രി ലീഗല്‍ മാനേജര്‍ എസ്.എം.മോഹന്‍ കുമാര്‍ ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആശുപത്രി ഇടനാഴികളിലും പ്രവേശന കവാടങ്ങളിലുമാണു സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. സിസിടിവി ക്യാമറകള്‍‍, ആശുപത്രി പുറത്തുവിടുന്ന പ്രസ്സ് റിലീസുകള്‍ തുടങ്ങിയവയെക്കുറിച്ച്‌ ജയലളിതയുടെ മരണം അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മിഷന്റെ ചോദ്യങ്ങള്‍ക്കു മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
"ആശുപത്രിക്കുള്ളില്‍ നടത്തിയ സ്കാനിങ് അടക്കമുള്ള വിവിധ പരിശോധനകള്‍ക്ക് ജയലളിതയെ മുറിയില്‍നിന്ന് പുറത്തേക്കു കൊണ്ടുവരുമ്ബോള്‍ ആ ഭാഗത്തെ സിസിടിവി ക്യാമറകള്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം ഓഫ് ചെയ്ത് വച്ചിരുന്നു." ആശുപത്രിക്ക് വേണ്ടി ഹാജരായ മൈമുന ബാദ്ഷ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

ഇന്റലിജന്‍സ് വിഭാഗം ഐജി കെ.എന്‍.സത്യമൂര്‍ത്തി നേരിട്ടുതന്നെ ഇത്തരം നിര്‍ദേശം നല്‍കിയിരുന്നെന്നും അവര്‍ വ്യക്തമാക്കി. ജയലളിത തിരിച്ചു മുറിയിലെത്തിയതിനു ശേഷമാണ് ഈ ക്യാമറകള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാറുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നേരത്തെ തന്നെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സിസിടിവി ഇടയ്ക്കിടെ ഓഫ് ചെയ്തിരുന്നു എന്ന് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ കമ്മിഷന് മൊഴി നല്‍കിയിരുന്നു. സെപ്റ്റംബര്‍ കമ്മിഷന് നല്‍കിയ മൊഴിയിലാണ് സുബ്ബയ്യ ഇക്കാര്യം ചൂണ്ടികാട്ടുന്നത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ വ്യക്തത നല്‍കിയിരിക്കുന്നത്.

2016 ഡിസംബര്‍ 5നാണ് ജയലളിത മരിച്ചത് .ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2017 സെപ്റ്റംബര്‍ 25നാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.അറുമുഖസ്വാമിയാണ് അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഒ.പനീര്‍സെല്‍വം അന്വേഷണം അവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Related News