Loading ...

Home National

മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും ബിജെപിക്ക് വന്‍ തിരിച്ചടി ; കോണ്‍​ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വേഫലം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും ബിജെപിക്ക് വന്‍ തിരിച്ചടിയെന്ന് അഭിപ്രായ സര്‍വെ ഫലം. മൂന്നിടത്തും കോണ്‍​ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എബിപി നടത്തിയ അഭിപ്രായ സര്‍വെ ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാനില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്നും സര്‍വെ പ്രവചിക്കുന്നു.

രാജസ്ഥാനില്‍ 200 അംഗ സഭയില്‍ 142 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടിയേക്കാമെന്നാണ് പ്രവചനം. ബിജെപി 56 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 200 ല്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അന്ന് കോണ്‍ഗ്രസിന് കിട്ടിയത് 21 സീറ്റ് മാത്രമാണ്.

മധ്യപ്രദേശില്‍ കോണ്‍​ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. 230 അംഗ സഭയില്‍ 122 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 108 സീറ്റുകള്‍ ലഭിക്കും. മറ്റു കക്ഷികളുടെ കാര്യം സര്‍വേ ഫലത്തില്‍ പറയുന്നില്ല. ഇതോടെ, കോണ്‍ഗ്രസ് 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

ഛത്തീസ്​ഗഡില്‍ 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചുരുങ്ങും. മറ്റ് കക്ഷികള്‍ക്ക് മൂന്നു സീറ്റുകളും കിട്ടിയേക്കാം. ഛത്തീസ്​ഗഡിലും 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദിക്ക് മുന്‍തൂക്കം പ്രവചിച്ച്‌ ഇന്നലെ ഒരു അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നിരുന്നു. എന്നാല്‍ നിയമസഭാ സര്‍വേ ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

Related News