Loading ...

Home cinema

സിനിമയെ സ‌്നേഹിച്ച മലനാടിന്റെ മകന്‍

ചെറുപ്പത്തില്‍ കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റുകളില്‍ ഷൂട്ടിങിനെത്തുന്ന സിനിമാക്കാരാണ് തമ്ബി കണ്ണന്താനത്തിന്റെ മനസ്സില്‍ സിനിമാമോഹം വരച്ചിട്ടത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എന്നെങ്കിലും ഒരു ഭാഗമാകണമെന്ന മോഹം പ്രായത്തോടൊപ്പം വളര്‍ന്നു. 25ാം വയസ്സില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും കോടമ്ബാക്കത്തേയ്ക്ക് വണ്ടി കയറുമ്ബോള്‍ തമ്ബി കണ്ണന്താനത്തിന്റെ മനസ്സില്‍ സിനിമയില്‍ എന്തെങ്കിലുമൊക്കെയാകണമെന്ന ഒരേയൊരു ലക്ഷ്യം മാത്രം.

കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി കണ്ണന്താനം കെ ടി തോമസ്-ഏലിയാമ്മ ദമ്ബതികളുടെ എട്ടു മക്കളില്‍ ആറാമനായി 1953 ഡിസംബര്‍ 11 നാണ് ജോസഫ് തോമസ് എന്ന തമ്ബി കണ്ണന്താനം ജനിച്ചത്. കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളേക്കാള്‍ അക്ഷരങ്ങളോടായിരുന്നു പ്രിയം. ഏന്തയാര്‍ ഒളയാനാട് സ്കൂള്‍, ഗ്രേസി മെമോറിയല്‍ സ്കൂള്‍, എംഡി സെമിനാരി, കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. .

കുട്ടിക്കാലമത്രയും കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിലായിരുന്നു. അവിടെ മിക്കവാറും സിനിമാ ഷൂട്ടിങിന്റെ തിരക്കുണ്ടാവും. സിനിമാക്കാരുടെ വാഹനങ്ങളും വിവിധ നിറങ്ങളിലുള്ള സിനിമാനോട്ടീസുകളുമെല്ലാം പതിവു കാഴ്ചകളായിരുന്നു. നോട്ടീസുകളെല്ലാം ശേഖരിച്ച്‌ അതിലെ കഥാസാരം വായിക്കും. കിടപ്പുമുറിയില്‍ കൂട്ടായി സിനിമാ പാട്ടു പുസ്തകങ്ങളും സിനിമാ മാസികകളും. സിനിമാമോഹം തീവ്രമായതോടെ അതിലേക്ക‌് തിരിയാന്‍ തന്നെ തീരുമാനിച്ചു. വീട്ടില്‍ അത്ര താല്‍പര്യമില്ലെങ്കിലും കാര്യമായ എതിര്‍പ്പുണ്ടായില്ല. .

സംവിധാനം പഠിക്കുകയെന്ന ലക്ഷ്യത്തോടെ 1974 ലാണ് മദ്രാസിലേക്ക‌് വണ്ടി കയറിയത്. ആദ്യമായി പരിചയപ്പെട്ടത് സംവിധായകന്‍ ശശികുമാറിനെ. സിനിമാസെറ്റുകളില്‍ അലഞ്ഞ് പലതും കണ്ടുപഠിച്ചു. 50 ലേറെ സിനിമകളില്‍ സഹസംവിധായകനായ ശേഷമാണ് 'താവളം' എന്ന സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്തത്. പക്ഷെ, ആദ്യസിനിമ പരാജയപ്പെട്ടു. ബന്ധുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡിന്നി ഫിലിംസ് എന്ന വിതരണ കമ്ബനിയിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്നു ചെയ്ത പാസ്പോര്‍ട്ട്, ആ നേരം അല്‍പദൂരം എന്നീ സിനിമകളും പരാജയപ്പെട്ടു. പിന്നീടാണ് സംവിധായകന്‍ ജോഷി മുഖേന ഡെന്നീസ് ജോസഫിലേയ്ക്ക് വഴി തുറന്നത്. 'രാജാവിന്റെ മകന്‍' എന്ന എക്കാലത്തെയും ഹിറ്റ് സിനിമയുടെ പിറവിയില്‍ നിന്നും പിന്നെ തമ്ബി കണ്ണന്താനത്തിന്റെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടേയിരുന്നു. വഴിയോരക്കാഴ്ചകള്‍, ഭുമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, മാന്ത്രികം, നാടോടി, ചുക്കാന്‍ എന്നിങ്ങനെ നിരവധി ഹിറ്റ്മേയ്ക്കുകള്‍. .

സഹോദരന്‍ സാബുവിന്റെ ഉടമസ്ഥതയിലുള്ള ഷാരോണ്‍ പിക്ചേഴ്സുമായി ചേര്‍ന്ന് ഏഴ് സിനിമകള്‍ നിര്‍മിച്ചിരുന്നു. ഇക്കാലയളവില്‍ ക്ലബുകള്‍ കേന്ദ്രീകരിച്ചുള്ള കലാപ്രവര്‍ത്തനത്തിനും ഇദ്ദേഹം നേതൃത്വം നല്‍കി. കലയോടൊപ്പം ഫുട‌്ബോളിനെയും തമ്ബി കണ്ണന്താനം സ്നേഹിച്ചിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ക്ക് പിറവി നല്‍കിയെങ്കിലും സിനിമയില്‍ നിന്നും അംഗീകാരങ്ങളൊന്നും ലഭിക്കാതെയാണ് തമ്ബി കണ്ണന്താനം യാത്രയാവുന്നത്. ഇടക്കാലത്ത് സിനിമാബഹളങ്ങള്‍ക്കിടയില്‍ നിന്നും നിശബ്ദലോകത്തേയ്ക്ക് മാറി സഞ്ചരിക്കുകയായിരുന്നു ഇദ്ദേഹം. സിനിമയുമായി ബന്ധപ്പെട്ടുള്ള ചിലരുടെ പെരുമാറ്റങ്ങള്‍ വേദനിപ്പിച്ചിരുന്നതായി അദ്ദേഹം മുമ്ബ‌് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയെന്നത് ഒരു വെള്ളച്ചാട്ടമാണെന്നതായിരുന്നു തമ്ബി കണ്ണന്താനത്തിന്റെ പക്ഷം. അതിലേയ്ക്ക് ചാടാം... നോക്കി നില്‍ക്കാം...മടങ്ങാം...ഇങ്ങനെയൊക്കെയാണ് സിനിമാസൗഹൃദങ്ങളെന്ന വേദനയും ഒരിക്കല്‍ അദ്ദേഹം പങ്കുവച്ചിരുന്നു. .

ഇളയസഹോദരന്‍ സാബുവാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തെ കുടുംബവീട്ടില്‍ താമസിക്കുന്നത്. സഹോദരങ്ങള്‍: ലീലമ്മ, വത്സമ്മ, മോളി, തോമസുകുട്ടി, എത്സമ്മ, സാബു, പരേതയായ രാജമ്മ.

Related News