Loading ...

Home Music

ആ വയലിന്‍ തന്ത്രികളില്‍നിന്ന് മധുരസംഗീതമില്ല

നിനക്കായ് ദേവീ...പുനര്‍ജനിക്കാം... 
ഇനിയും ജനമങ്ങള്‍ ഒന്നുചേരാന്‍...
വരികളിലെ പ്രണയത്തെ, സ്നേഹത്തെ മുഴുവന്‍ ഈണത്തിലേക്കെടുത്ത സംഗീതജ്ഞന്‍ യാത്രയായി. ഇനി ആ വയലിന്‍ തന്ത്രികളില്‍നിന്ന് മധുരസംഗീതമുതിരില്ല. മലയാളി മനസ്സില്‍ നോവോര്‍മയായി വയലിനിസ്റ്റ് ബാലഭാസ്കര്‍ മാറി.

മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനമായിരുന്നു 'നിനക്കായ്' എന്ന ആല്‍ബം. അതിലെ വരികള്‍ ഇപ്പോള്‍ അദ്ദേഹത്തോട് തിരിച്ചുചൊല്ലുകയാണ്; ആസ്വാദകലോകം. വരും ജന്മത്തിലും നിന്റെ ഗാനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാമെന്ന്. അത്രമേല്‍ ആര്‍ദ്രമായി, ലളിതമായി, ഹൃദയസ്പര്‍ശിയായി സംഗീതസംവിധാനമൊരുക്കിയാണ് ബാലഭാസ്കര്‍ എന്ന അതുല്യപ്രതിഭ മലയാളമനസില്‍ ഇടംനേടിയത്. .

 
സ്‌റ്റീഫന്‍ ദേവസ്യക്കൊപ്പം .

ചെറുപ്രായത്തില്‍ വരികള്‍ക്കുമേല്‍ സംഗീതത്തിന്റെ, ഈണത്തിന്റെ മാന്ത്രികസ്പര്‍ശം തുന്നിച്ചേര്‍ത്ത സംഗീതസംവിധായകനെയാണ് അകാലത്തില്‍ നഷ്ടമായത്. 20ാം വയസ്സിലാണ് സംഗീതസംവിധായകനായി രംഗത്തെത്തിയത്. ഈസ്റ്റ്കോസ്റ്റ് വിജയന്‍ രചിച്ച‌് 1998ല്‍ പുറത്തിറങ്ങിയ 'നിനക്കായ്' പ്രണയ ആല്‍ബത്തിലെ നിനക്കായ് തോഴാ (നിനക്കായ് ദേവീ) പുനര്‍ജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. അതേവര്‍ഷം ഇറങ്ങിയ 'മംഗല്യപല്ലക്ക്' സിനിമയിലെ ഗാനത്തിനും സംഗീതം പകര്‍ന്നു. വിനോദ് റോഷന്‍ സംവിധാനംചെയ്ത ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കാണ് ഈണമിട്ടത്. .


 
തുടര്‍ന്ന് 2000ല്‍ കണ്ണാടിക്കടവത്തിനുവേണ്ടി കൈതപ്രത്തിന്റെ വരികള്‍ക്കും 2004ല്‍ പാഞ്ചജന്യത്തിനുവേണ്ടി സംവിധായകന്‍ പ്രസാദിന്റെ വരികള്‍ക്കും 2005ല്‍ മോക്ഷത്തിനുവേണ്ടി കാവാലം നാരായണപ്പണിക്കരുടെ വരികള്‍ക്കും ഈണം പകര്‍ന്നു. യേശുദാസ്, ജയചന്ദ്രന്‍, ശ്രീകുമാര്‍, വേണുഗോപാല്‍, ജയന്‍ (ജയവിജയ), ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്കറിന്റെ ഈണത്തിന് ശബ്ദമേകി. പാഞ്ചജന്യത്തില്‍ ഒരു ഗാനവും ആലപിച്ചു. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകള്‍ക്കും 15ലേറെ ആല്‍ബങ്ങളില്‍നിന്ന് ഇരുനൂറിലേറെ ഗാനങ്ങള്‍ക്കും സംഗീതമേകി. .

മാന്ത്രിക സംഗീതമൊഴുക്കിയ പ്രതിഭ മലയാള സിനിമാ ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന‌് ആസ്വാദകരെ കൈയിലെടുത്തു. ബാലഭാസ്കര്‍ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകള്‍ക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പും ഒക്കെ ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നു. കലവറയില്ലാത്ത ആ സ്നേഹത്തിന്റെ ഈണമാണ് പാതിവഴിയില്‍ നിലച്ചുപോയത്.

Related News