Loading ...

Home International

യുഎസിൽ വച്ച് പോപ്പിനെ വധിക്കാൻ പദ്ധതിയിട്ടത് പതിനഞ്ചു വയസുകാരൻ

ന്യൂയോർക്ക് ∙ ഫ്രാൻസിസ് മാർപാപ്പയെ യുഎസ് പര്യടനത്തിനിടെ വധിക്കാൻ പദ്ധതിയിട്ടത് 15 വയസുകാരനെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 14നാണ് പതിനഞ്ചുകാരനെ യുഎസ് സുരക്ഷാ വിഭാഗവും എഫ്ബിഐയും ചേർന്ന് പിടികൂടിയത്. ഇസ്‍ലാമിക് സ്റ്റേറ്റി (ഐഎസ്)ന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഇയാൾ മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. അടുത്തയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ യുഎസിലെത്തുന്നത്.നേരത്തെ, ഫ്രാൻസിസ് മാർപാപ്പയെ വധിക്കാനുള്ള രഹസ്യനീക്കം യുഎസ് തകർത്തുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല.

അതേസമയം, പതിനഞ്ചുകാരൻ വധിക്കാൻ പദ്ധതിയിട്ടത് മാർപാപ്പയെയാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഒരു വിദേശ രാജ്യത്തെ നേതാവിനെയാണ് വധിക്കാൻ ലക്ഷ്യമിട്ടതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പക്ഷേ, മാർപാപ്പയായിരുന്നു ലക്ഷ്യമെന്ന് രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.ഫിലഡൽഫിയയിൽനിന്നാണ് 15-കാരനെ യുഎസ് അധികൃതർ പിടികൂടിയത്. യുഎസ് സന്ദർശനത്തിനിടെ മാർപാപ്പ ഫിലാഡൽഫിയയിലും സന്ദർശനം നടത്തുന്നുണ്ട്. ഞായറാഴ്ച ഇവിടുള്ള തുറന്ന വേദിയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ രണ്ടു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെയാണ് ഇയാളുടെ ലക്ഷ്യം മാർപാപ്പയാകുമെന്ന നിഗമനത്തിൽ എത്തിയത്.പര്യടനത്തിനിടയിൽ മാർപാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേളയിൽ അപായപ്പെടുത്താനായിരുന്നു പദ്ധതി. ഇതാണ് ഇന്റലിജൻസും എഫ്ബിഐയും ചേർന്ന് പൊളിച്ചത്. ഈ മാസം 22 മുതൽ 27 വരെയാണ് മാർപാപ്പയുടെ യുഎസ് സന്ദർശനം. ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ യുഎസ് സന്ദർശിക്കുന്നത്.

Related News