Loading ...

Home Gulf

കൊയ്ത്തുത്സവം: അബുദാബി മാര്‍ത്തോമ്മ ഇടവകയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

അബുദാബി : ആദ്യഫലങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന പഴയ കാല കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന കൊയ്ത്തുത്സവത്തിനു അബുദാബി മാര്‍ത്തോമ്മ ദേവാലയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

നവംബര്‍ 16ന് മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വമ്ബന്‍ മേളക്ക് അരങ്ങൊരുങ്ങുക . രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ വിശ്വാസികള്‍ ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കും.

വൈകുന്നേരം 3.30 നു നടക്കുന്ന വര്‍ണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക . 2018 , ഷെയ്ഖ് സായിദ് വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടതിനെ അനുസ്മരിപ്പിക്കുകയും പ്രളയബാധിതമായിരുന്ന കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളെയും അതിജീവനത്തെയും പ്രതീകാത്മകമായി അവതരിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാകും ഇക്കുറി ഘോഷയാത്രയില്‍ അവതരിപ്പിക്കുക . കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന ഉത്സവനഗരിയില്‍ നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകളടക്കം അന്‍പതോളം വില്‍പ്പനശാലകള്‍ തുറക്കും. തത്സമയം പാചകം ചെയ്തു ചൂടോടെ ഭക്ഷണം വിളമ്ബുന്ന കൗണ്ടറുകള്‍ , വിവിധ വ്യാപാരസ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ , നിത്യോപയോഗ സാധനങ്ങള്‍,അലങ്കാരച്ചെടികള്‍ എന്നിവയുടെ കൗണ്ടറുകള്‍ , ക്രിസ്മസ് വിപണി, വിനോദമത്സരങ്ങള്‍ , വിവിധ കലാമത്സരങ്ങള്‍ , സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നല്‍കുന്ന ഭാഗ്യനറുക്കെടുപ്പുകള്‍ ,അമേരിക്കന്‍ ലേലം തുടങ്ങിയവ മേളയുടെ മേളയുടെ ഭാഗമാകും .

ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനം പ്രളയബാധിത കേരളത്തിന്‍റെ പുനരുദ്ധാനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കാന്‍ വിനിയോഗിക്കും. 

വികാരി റവ. ബാബു പി. കുലത്താക്കല്‍ ,സഹവികാരി റവ.ബിജു സി പി ,ജനറല്‍ കണ്‍വീനര്‍ കെ. വി. ജോസഫ് , ട്രസ്റ്റിമാരായ ബിജു പി. ജോണ്‍ , സജിമോന്‍ പി.ജി , സെക്രട്ടറി മാത്യു മണലൂര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനറന്മാരായ വില്‍‌സണ്‍ ടി. വര്‍ഗീസ് ,അല്ലന്‍ ജോര്‍ജ് , മാത്യൂസ് പി ജോണ്‍ ,സജി മാത്യൂസ് ,കുഞ്ഞുമോന്‍ വര്‍ഗീസ് ,ജോണ്‍ ഗീവര്‍ഗീസ് ,ബിജു നൈനാന്‍ കുര്യന്‍ ,അജു മാത്യു,നോബിള്‍ സാം ,ജോര്‍ജ് ബാബു ,മാത്യു ജോര്‍ജ് ,ജോബിന്‍ എബ്രഹാം ,ഷാജി പി എസ് ,രഞ്‌ജിത്‌ ജോര്‍ജ് ,അജിത് ചെറിയാന്‍ ,ഷിജിന്‍ പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത് .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Related News