Loading ...

Home India

റഫേല്‍ ഇടപാട്; അഴിമതിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക‌്

കുംഭകോണങ്ങളുടെ കുംഭമേളയായിരുന്ന കോണ്‍ഗ്രസ്‌ ഭരണം ഇന്ത്യയില്‍ അവസാനിക്കുന്നതിന‌് 'അച്ഛാ ദിന്‍ ആയേഗാ' എന്ന മുദ്രാവാക്യത്തോടൊപ്പംതന്നെ പ്രധാനമായിരുന്നു 'അഴിമതിയോട് സന്ധിയില്ല' എന്ന പ്രഖ്യാപനവും. നവ ഉദാരവല്‍ക്കരണനയങ്ങള്‍, അതിന്റെ പ്രയോക്തക്കളായ കോണ്‍ഗ്രസുപോലും പ്രതീക്ഷിക്കാത്ത വേഗതയില്‍ നടപ്പാക്കുന്ന ബിജെപി, അഴിമതി നടത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കുകയാണ്.

അനില്‍ അംബാനിയുടെ റിലയന്‍സ‌് ഡിഫന്‍സിനെ റഫേല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയായി നോമിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് മുന്‍ ഫ്രഞ്ച് പ്രസിഡന്റ്‌ ഫ്രാന്‍സ്വാ ഒാളന്ദാണ്. ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ടിനോടാണ‌് ഒാളന്ദ് ഈ കാര്യം പറഞ്ഞത‌്. നാവെടുത്താല്‍ രാജ്യസ്നേഹം പറയുകയും തരംകിട്ടിയാല്‍ രാജ്യദ്രോഹം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപിയുടെ കപട രാജ്യസ്നേഹത്തിന്റെ മുഖംമൂടിയാണ‌് ഇതോടെ അഴിഞ്ഞുവീഴുന്നത‌്. പ്രതിരോധരംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത റിലയന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തുമ്ബോള്‍ അഴിമതി നടത്താന്‍ സൗകര്യപ്പെടുന്നതിന് ഒപ്പം രാജ്യസുരക്ഷ അപകടപ്പെടുംവിധം കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക‌് കീഴടങ്ങുകകൂടിയാണ്.

ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ചചെയ‌്ത‌ുകൊണ്ടിരിക്കുന്ന റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന പ്രതിരോധമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല . ഫ്രഞ്ച് കമ്ബനിയായ ദസ്സാള്‍ട്ട‌് ഏവിയേഷന്റേതാണ് റഫേല്‍ വിമാനങ്ങള്‍. ഈ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ചത് യുപിഎ സര്‍ക്കാരാണ്. എ കെ ആന്റണിയായിരുന്നു അന്ന് പ്രതിരോധമന്ത്രി. വിദേശത്തുനിന്ന‌് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007ലാണ‌് യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 31 സ്‌ക്വാഡ്രണ്‍ (ഒരു സ്‌ക്വാഡ്രണ്‍ 18 വിമാനമാണ്) വിമാനങ്ങള്‍മാത്രമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുള്ളത്. ഇത് 45 എങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് എയര്‍ഫോഴ്‌സിന്റെ ആവശ്യം. ഇതിന്റെ ഭാഗമായാണ് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതും.

ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ‌് ഫ്രഞ്ച് റഫേല്‍ വിമാനനിര്‍മാതാക്കളായ ദസ്സാള്‍ട്ടിന‌് കരാര്‍ നല്‍കാന്‍ തീരുമാനിക്കുന്നത‌്. ഇതനുസരിച്ച്‌ 18 വിമാനം കമ്ബനി പൂര്‍ണമായും നിര്‍മിച്ച്‌ നല്‍കും. ബാക്കി 108 വിമാനം ബംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ‌്റോനോട്ടിക‌്സ് ലിമിറ്റഡുമായി (എച്ച്‌എഎല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചു നല്‍കും. വിമാന നിര്‍മാണത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. അന്ന് 1020 കോടി ഡോളാറിന്റേതാണ് കരാര്‍. ഏകദേശം 54,000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ് 2014 മാര്‍ച്ചില്‍ ദസ്സാള്‍ട്ട‌് എച്ച്‌എഎല്ലും വര്‍ക്ക് ഷെയര്‍ കരാറും ഒപ്പിട്ടു.

പിന്നീട് മോഡി സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈ കരാര്‍ തകിടംമറിച്ചത‌്. ആദ്യ ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ). മോഡിസര്‍ക്കാര്‍ ഒരു വിമാനത്തിന് നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്ബനി ദസ്സാള്‍ട്ട‌് അന്ന് തയ്യാറായിരുന്നു. മോഡി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാര്‍പ്രകാരം 59,000 കോടി രൂപയ‌്ക്ക‌് 36 വിമാനംമാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലും സര്‍ക്കാര്‍നിലപാട് ദുരൂഹമാണ്.
2016 സെപ്തംബര്‍ 23ന് മോഡി സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പുവച്ചു. കൃത്യം പത്ത് ദിവസത്തിനുശേഷം ദസ്സാള്‍ട്ട‌് ഏവിയേഷന്‍സും റിലയന്‍സ് ഡിഫന്‍സും ചേര്‍ന്ന് സംയുക്ത സംരംഭത്തിനും തുടക്കമിട്ടു. കരാറനുസരിച്ച്‌ കരാര്‍ തുകയുടെ പകുതിയോളം വരുന്ന നിര്‍മാണ പ്രവൃത്തികള്‍ (30,000 കോടി രൂപയോളം വരുന്ന തുകയുടെ) ഈ സംയുക്ത സംരംഭമാണ് ഏറ്റെടുത്ത‌് നടത്തുക.

പൊതുമേഖലാ സ്ഥാപനത്തിനു പകരം റിലയന്‍സിന്റെ ആയുധനിര്‍മാണക്കമ്ബനിക്ക് ഇടനിലനില്‍ക്കാന്‍ അവസരം നല്‍കിയത് എന്തിന് എന്ന ചോദ്യത്തിനു മുന്നില്‍ മോഡി സര്‍ക്കാര്‍ വിയര്‍ക്കുകയാണ്. കരാര്‍വഴി സര്‍ക്കാരിനും റിലയന്‍സിനും ഉണ്ടായ ലാഭനഷ്ടങ്ങളും സാമ്ബത്തികനേട്ടങ്ങളും വിശദീകരിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. കരാര്‍ വീണ്ടും ജീവന്‍വച്ച 2015ല്‍ മോഡിക്കൊപ്പം അനില്‍ അംബാനിയും ഫ്രാന്‍സില്‍ ഉണ്ടായിരുന്നു എന്നത് അവിഹിത ഇടപാടുകളിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്.

രണ്ടാമതായി വിമാനത്തിന്റെ വിലയെന്താണെന്ന വിഷയമാണ്. യുപിഎയുടെ കാലത്ത് ഒപ്പിട്ട കരാറിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് വ്യോമസേനാ മേധാവി അടുത്തിടെ അറിയിച്ചത്. നിര്‍മല സീതാരാമനും ഇതാവര്‍ത്തിച്ചു. ആദ്യം 29,000 കോടിക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സിലെ ബ്രെയാന്‍ ഇന്ത്യയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി കരാര്‍ തുക 59,000 കോടി രൂപയാക്കി. ഇതോടെയാണ് കരാര്‍ തുക യുപിഎ കാലത്തേക്കാളും അധികമാണ് 36 വിമാനത്തിന് നല്‍കുന്നതെന്ന് പുറംലോകം അറിഞ്ഞത്. അതായത്, യുപിഎകാലത്തെ കരാര്‍ അനുസരിച്ച്‌ ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ പുതിയ കരാര്‍ അനുസരിച്ച്‌ ഒരു വിമാനത്തിന് 1600 കോടി മുതല്‍ 1700 കോടി രൂപവരെയാണ് വില. ഏകദേശം മൂന്നിരട്ടി വിലയ‌്ക്കാണ‌് കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. ഇത്രയും വലിയ വില നല്‍കുമ്ബോഴും വിമാന നിര്‍മാണത്തിന്റെ സാങ്കേതികവിദ്യാ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന വസ‌്തുതയും കണക്കിലെടുത്താല്‍ നഷ്ടം ഭീമമാണെന്നര്‍ഥം.

അടുത്തിടെമാത്രം പൊട്ടിമുളച്ച, ഏവിയേഷന്‍രംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത അംബാനിയുടെ കമ്ബനിയേക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയും മുന്‍പരിചയവുമുള്ള കമ്ബനിയാണ് എച്ച്‌എഎല്‍. നേരത്തെ അമേരിക്കയിലെ ലോക‌്ഹീഡ‌് മാര്‍ട്ടിനും എഫ്16 വിമാനത്തിന്റെ സാങ്കേതികവിദ്യാ കൈമാറിയാല്‍ അതനുസരിച്ചുള്ള ഫലം നല്‍കാന്‍ എച്ച്‌എഎല്ലിന് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ട് അവര്‍ സംയുക്ത സംരംഭകരായി തെരഞ്ഞെടുത്തത് വിമാനനിര്‍മാണമേഖലയില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ടാറ്റയെയായിരുന്നു. ഇത് തെളിയിക്കുന്നത് പാശ്ചാത്യകമ്ബനികള്‍ ഇന്ത്യയെ ഇപ്പോഴും കൊളോണിയല്‍ കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്നാണ്.

മുന്‍പരിചയമില്ലാത്ത സ്വകാര്യകമ്ബനികളുമായുള്ള കൂട്ടുസംരംഭകത്വത്തിന് ദസ്സാള്‍ട്ടും ലോക‌്ഹീഡ് മാര്‍ട്ടിനും തയ്യാറാകുന്നത് ഈ കമ്ബനികള്‍ ഒരിക്കലും അവര്‍ക്ക് ഭീഷണിയായി വളരില്ലെന്ന് മനസ്സിലാക്കിയാണ്. എച്ച്‌എഎല്‍ അങ്ങനെയല്ല. സാങ്കേതികവിദ്യാ കൈമാറ്റം സാധ്യമായാല്‍ അവര്‍ ഈ മേഖലയിലെ വന്‍ കമ്ബനിയായി മാറും. അത് ഭാവിയില്‍ പാശ്ചാത്യകമ്ബനികള്‍ക്ക് ഭീഷണിയാവുകയും ചെയ്യും.

നീതീകരിക്കാന്‍ കഴിയാത്തവിധം ഭീമമായ ഭാരം ഖജനാവിന‌് വരുത്തുന്നുവെന്നതു മാത്രമല്ല കരാറിനെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശം. പ്രതിരോധനിര്‍മാണമേഖലയിലെ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കിയതും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാന്‍ കരാറിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നില്‍ വെളിപ്പെടുത്തുകതന്നെ വേണം.

ഉദാരവല്‍ക്കരണകാലത്തെ മുതലാളിത്തം അഴിമതിയെ ഉത്സവമാക്കുകയാണ്. ഉദാരവല്‍ക്കരണം സമ്ബദ്‌വ്യവസ്ഥയുടെ സകല ജാലകങ്ങളും മലര്‍ക്കെ തുറന്നിടുമ്ബോള്‍ അകത്തേക്കിരച്ചു കയറിയ മൂലധനപ്രളയത്തോടൊപ്പംതന്നെയാണ് അഴിമതിയുടെ അഭൂതപൂര്‍വമായ കുത്തൊഴുക്കും ഉണ്ടായത്. ഇതിന് വില നല്‍കേണ്ടവര്‍ സാധാരണക്കാരായ ജനങ്ങള്‍ ആയതുകൊണ്ടുതന്നെ ജനകീയ ചെറുത്തുനില്‍പ്പുകളുടെ അനിവാര്യതകൂടിയാണ് മറ്റേതൊരു അഴിമതിയെയുംപോലെ റഫേല്‍ ഇടപാടും നമ്മെ ഓര്‍മിപ്പിക്കുന്നത്.

അതിര്‍ത്തികടന്നുവരുന്ന ഭീകരര്‍ക്കെതിരെയല്ല നരേന്ദ്ര മോഡി സര്‍ജിക്കല്‍ സ്ട്രൈക്ക‌് നടത്തുന്നത്. തങ്ങളുടെ സര്‍ക്കാരിനെ അധികാരമേല്‍പ്പിക്കാന്‍ വോട്ടുചെയ്തവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാരാജ്യത്തെ 130 കോടി ജനങ്ങള്‍ക്കെതിരാണ്. ജനകീയ ചെറുത്തുനില്‍പ്പുകളെ അഴിമതിക്കെതിരായ മഹായുദ്ധങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തേണ്ട കാലത്താണ് നാം ജീവിക്കുന്നത്. 

Related News