Loading ...

Home health

'ഓര്‍മയില്ലാത്തവരെ ഓര്‍ക്കുക'

എല്ലാ വര്‍ഷവും സെപ‌്തംബര്‍ 21 ലോക അല്‍ഷിമേഴ്‌സ്‌ ദിനമായി ആചരിക്കുന്നു. ഇത്തവണ ഒരു മാസം അതിനായി മാറ്റി വയ‌്ക്കണമെന്നാണ‌് അല്‍ഷിമേഴ്‌സ്‌ സൊസൈറ്റിയുടെ ആഹ്വാനം. രോഗികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനയാണ് ഇതിനു കാരണം. 'ഓരോ മൂന്നു സെക്കന്‍ഡിലും' എന്നതാണ് ഈ മാസാചരണത്തിന്റെ മുദ്രാവാക്യം. ഓരോ മൂന്നു സെക്കന്‍ഡിലും ഒരാള്‍വച്ച്‌ ഡിമെന്‍ഷ്യരോഗിയായി മാറുന്നതാണ് ഈ മുദ്രാവാക്യത്തിനടിസ്ഥാനം.

വാര്‍ധക്യം പൊതുവെ നിശബ്ദതയുടെ കാലമാണ്. ആരുടെയും ശ്രദ്ധ നേടാതെ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാലം. ഈ കാലഘട്ടം സമ്മാനിക്കുന്ന അവഗണനയും താനറിയാതെ ചോര്‍ന്നുപോകുന്ന സ്വാഭിമാനവും ചേര്‍ന്ന് വ്യക്തിയെ മൗനിയാക്കുന്നു. ക്രമേണ നിത്യമൗനത്തിലേക്ക‌് ആഴ‌്ന്ന‌ുപോകുന്നു. ഇങ്ങനെ സമ്ബൂര്‍ണമായി ഓര്‍മ നഷ്ടപ്പെട്ടതിന‌ുശേഷവും വര്‍ഷങ്ങളോളം രോഗി ജീവിച്ചിരിക്കാം. ഈ കാലം ഇവരെ പരിചരിക്കുന്നവരുടെയും ബന്ധുജനങ്ങളുടെയും ദുരിതകാലമാണ‌്. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത ഒന്നോ രണ്ടോ പേരുടെ ചുമതല എന്ന നിലയില്‍നിന്ന‌് സമൂഹത്തിന്റെയാകെ കരുതലും കാരുണ്യവും ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട്.

എന്താണ് ഡിമെന്‍ഷ്യ? 
നമ്മുടെ എല്ലാ ചിന്തകളെയും ആഗ്രഹങ്ങളെയും രുചികളെയും ഇഷ്ടാനിഷ്ടങ്ങളെയും ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വപ്നങ്ങളെയും വികാരങ്ങളെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് തലച്ചോറാണ്. തലച്ചോറിന്റെ നാശംമൂലമോ വൈകല്യംമൂലമോ ഉണ്ടാകുന്ന ഓര്‍മ നാശത്തിനും പ്രതികരണ വൈകല്യങ്ങള്‍ക്കും പൊതുവെ പറയുന്ന പേരാണ് ഡിമെന്‍ഷ്യ. കാരണമറിയുന്നവയും അറിയാത്തവയുമായി അനേകതരം ഡിമെന്‍ഷ്യകളുണ്ട്. അതില്‍ കാരണമറിയാത്തതും ലോകത്തെവിടെയും വ്യാപകമായി കാണപ്പെടുന്നതും വൃദ്ധജനങ്ങളിലെ ഡിമെന്‍ഷ്യ അഥവാ അല്‍ഷിമേഴ്‌സ്‌ ആണ‌്.

അല്‍ഷിമേഴ‌്സ‌് 
ജര്‍മന്‍ ഡോക്ടറായ അലോയിസ‌് അല്‍ഷൈമറാണ് ഓര്‍മനാശത്തെക്കുറിച്ചും അതിന്റെ കാര്യകാരണങ്ങളെക്കുറിച്ചും അന്വേഷിച്ച്‌ ലോകത്തെ അറിയിച്ചത്. അതുകൊണ്ട് ഓര്‍മനാശരോഗത്തെ അല്‍ഷിമേഴ്‌സ്‌ എന്ന് ആധുനിക വൈദ്യശാസ്ത്രം പേരിട്ടു വിളിച്ചു. ആയുര്‍വേദത്തില്‍ ഇതിന് മേധാക്ഷയം, സ‌്മൃതിനാശം എന്നീ പേരുകളില്‍ ആയിരത്താണ്ടുകള്‍ക്കുമുമ്ബേ പരാമര്‍ശിച്ചിട്ടുള്ളതും മറന്നുപോകരുത്.

ലക്ഷണങ്ങള്‍ 
പ്രായമേറിയവര്‍ക്കാണ് അല്‍ഷിമേഴ്‌സ്‌ ഉണ്ടാകുന്നതെങ്കിലും വാര്‍ധക്യം രോഗകാരണമല്ലെന്ന് അറിയണം. 
●സമീപകാല ഓര്‍മകള്‍ നഷ്ടമാകുക, ഭക്ഷണം കഴിച്ചത് അഞ്ചോ പത്തോ മിനിറ്റ് കഴിഞ്ഞാല്‍ മറന്നുപോകുകയും വിശക്കുന്നുവെന്ന് വിലപിക്കുകയും ചെയ്യുക. രാവിലെ വായിച്ച പത്രം വീണ്ടും നോക്കിക്കൊണ്ടിരിക്കുക. 
●സംഭാഷണമധ്യേ, വാക്കുകിട്ടാതെ വിഷമിക്കുക, എന്നിട്ട് സംസാരം നിര്‍ത്തുക, മറ്റെന്തെങ്കിലും പറയുക. 
●മറ്റുള്ളവരുടെ വാക്കുകള്‍ മനസ്സിലാകാതെ മിഴിച്ചു നില്‍ക്കുക. 
●ദൈനംദിനം ഉപയോഗിച്ചിരുന്ന വസ‌്തുക്കള്‍ പേന, താക്കോല്‍, വാച്ച്‌, ബ്രഷ് തുടങ്ങിയവ എന്തിനുള്ളതെന്നറിയാതെ മിഴിച്ചുനോക്കിയിരിക്കുക. എന്തു ചെയ്യുന്നുവെന്നു ചോദിച്ചാല്‍ നിസ്സഹായത നിറഞ്ഞ നോട്ടമോ ഒരിളം ചിരിയോ ആയിരിക്കാം മറുപടി.
●ചെറുപ്പകാലത്തെ ഓര്‍മകള്‍ ശക്തമാവുകയും അവ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുക. എത്രയോ വര്‍ഷംമുമ്ബ‌് നടന്ന കാര്യങ്ങള്‍ ഇന്നലെയോ ഇപ്പോഴോ സംഭവിച്ചു എന്ന മട്ടില്‍ പറയുക. പണം വാങ്ങിയിട്ട് തിരിച്ചുതരാത്തവരുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുക.
●സ്വന്തം അധ്വാനത്താലുണ്ടാക്കിയ വീട്ടിലാണ് താമസമെങ്കിലും ഇതെന്റെ വീടല്ല, എന്റെ വീട്ടില്‍പ്പോകണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുക. അകാരണമായ ഭീതി പ്രകടിപ്പിക്കുക. ആരോ ഒളിച്ചിരിക്കുന്നുണ്ടെന്നുള്ള ഭയത്തോടെ പെരുമാറുക.
●സുഗന്ധമോ, ദുര്‍ഗന്ധമോ തിരിച്ചറിയാതാവുക. . 
●സ്വന്തം കാര്യംപോലും ചെയ്യാന്‍ കഴിയാതാവുക. ഏതു സ‌്ത്രീയെ കണ്ടാലും ലൈംഗിക താല്‍പ്പര്യത്തോടെ ഇടപെടുക.
●അവസാന ഘട്ടത്തിനു തൊട്ടുമുമ്ബ് സ്വന്തം പേരും ഊരുമെല്ലാം മറന്ന്, ബന്ധങ്ങള്‍ മറന്ന് പറയുകയും പെരുമാറുകയുമൊക്കെ ചെയ്യുക.
●അവസാന ഘട്ടത്തില്‍ സംസാരശേഷിയും ചലനശേഷിയും നശിക്കുന്നു.

തലച്ചോറിലെ കോശങ്ങളുടെ നാശമാണ് ഇതിനെല്ലാം കാരണമെന്നതിനാല്‍, കോശങ്ങളുടെ മരണശേഷമുള്ള ചികിത്സകളൊന്നും ഫലപ്രദമല്ല. ഇതിന‌് പരിഹാരമായി രോഗികളുടെ മാനസികാരോഗ്യം കൂടുതല്‍ കോശനഷ്ടമുണ്ടാകാതെ പരിരക്ഷിക്കുകയാണു വേണ്ടത്. അതോടൊപ്പംതന്നെ ഇവരെ ശുശ്രൂഷിക്കുന്നവരുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതാണ് ഏറെ പ്രധാനം. കാരണം, ഇവരെ നോക്കാന്‍ വിധിക്കപ്പെട്ടവര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍പ്പെട്ടിട്ട്, പലതരം രോഗങ്ങള്‍ അവര്‍ക്കു പിടിപെടാന്‍ സാധ്യതയുണ്ട്.

അതിനാല്‍, ശുശ്രൂഷിക്കുന്നവരുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണം. അവര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ദത്തില്‍നിന്ന് മുക്തമാകാനുള്ള അവസരം ഉണ്ടാക്കണം. രോഗിയുടെ സംരക്ഷണം ഒരാളുടെമാത്രം ചുമതലയാകരുതെന്നു സാരം; പലര്‍കൂടി പങ്കുവച്ചെടുക്കണം ഈ ചുമതല.

തുടക്കത്തില്‍ പരസ്പരബന്ധമില്ലാത്ത വാക്കും പ്രവൃത്തിയും കണ്ടാല്‍ മാനസികരോഗമാണ്, ഭ്രാന്താണ് എന്നു കരുതി ആരോടും മിണ്ടാതെ രഹസ്യമാക്കിവയ‌്ക്കാനാണ് പൊതുവേ ബന്ധുക്കള്‍ക്കിഷ്ടം. ഇങ്ങനെ പെരുമാറ്റത്തില്‍ പന്തികേട‌് കണ്ടാലുടന്‍ ഒരു ന്യൂറോ മെഡിസിന്‍ വിദഗ്ധനെ കാണണം. കൃത്യമായ രോഗനിര്‍ണയത്തിനുള്ള പരിശോധന നടത്തി അല്‍ഷിമേഴ്‌സുതന്നെയെന്ന‌് ഉറപ്പിച്ചു കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ സൈക്യാട്രിസ്റ്റിന്റെ സഹായം തേടണം.

ഇത്തരത്തിലൊരു രോഗി വീട്ടിലുള്ള കാര്യം ബന്ധുക്കളും അയല്‍വാസികളും അറിയണം. തൊട്ടടുത്ത്‌ കടകളോ ഓട്ടോ തൊഴിലാളികളോ ഉണ്ടെങ്കില്‍ അവരോടും വിവരം പറയേണ്ടതുണ്ട്. എപ്പോഴെങ്കിലും രോഗി വീടുവിട്ടിറങ്ങിപ്പോയാല്‍ വീട്ടിലുള്ളവരറിയണമെന്നില്ല. അയല്‍വാസികളോ അടുത്തുള്ള കടക്കാരോ ഓട്ടോക്കാരോ കണ്ടാല്‍ തിരികെയെത്തിക്കാന്‍ ഇതു സഹായകമാകും.

ന്യൂറോണുകളുടെ നാശമാണ് അല്‍ഷിമേഴ‌്സ‌് രോഗത്തിനു കാരണം. à´…à´µ എന്തുകൊണ്ടു നശിക്കുന്നു? 
വര്‍ധിക്കുന്ന രക്തസമ്മര്‍ദം , പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, ഹൃദയ സംബന്ധമായ തകരാറുകള്‍ എന്നിവയെല്ലാം ന്യൂറോണുകളുടെ നാശത്തിന് കാരണമാകുന്നു. ഇത്തരം രോഗങ്ങളുടെ മരുന്നുകള്‍ ശരിയായ അളവിലും സമയത്തുമല്ലാത്ത ഉപയോഗവും കോശങ്ങളുടെ നാശത്തിന് കാരണമാകാം. 
ഇതെല്ലാം കൃത്യമായി പാലിച്ചാലും ഓര്‍മനാശരോഗമുണ്ടാകാം. എന്തുകൊണ്ട്? കാരണം ശാസ്ത്രലോകത്തിന് ഇന്നും അജ്ഞാതമാണ്. ജനിതക ഘടകങ്ങള്‍ക്കു പുറമെ കനത്ത നിരാശയും കടുത്ത പകയും പ്രതികാരബുദ്ധിയും ദുഃഖവും കുറ്റബോധവും അടങ്ങാത്ത അസൂയയുമൊക്കെ കാലക്രമേണ തലച്ചോറില്‍ കോശങ്ങള്‍ നശിക്കുന്നതിനു കാരണമാകാം.

ഡിമെന്‍ഷ്യ കെയര്‍ പാല നടത്തിയ സര്‍വേ 
കോട്ടയം ജില്ലയിലെ മൂന്നു പഞ്ചായത്തില്‍ ഓരോ വാര്‍ഡ് തെരഞ്ഞെടുത്തു നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതാണ്.സ്ഥിരവരുമാന ജോലിയുണ്ടായിരുന്നവര്‍, അതില്ലാതെയായാല്‍ (പെന്‍ഷനായാല്‍ ) ഓര്‍മനാശമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. പെന്‍ഷനായ ഒരാള്‍ക്ക് വരുമാനവും മുമ്ബ‌് കിട്ടിയിരുന്ന മതിപ്പും കുറയുന്നു. പണ്ടത്തെപ്പോലെ ആരും ബഹുമാനിക്കാത്ത സാഹചര്യത്തില്‍ ആരെയും കാണേണ്ട, ആരുമായും ഇടപാടൊന്നും വേണ്ട എന്നു കരുതി വീട്ടിലേക്കും തുടര്‍ന്ന‌് തന്നിലേക്കുതന്നെയും ഒതുങ്ങി കടുത്ത വിഷാദരോഗത്തിനടിമയാകുന്നു. ഇത്തരം ഘട്ടത്തില്‍ കാര്യമായ ശ്രദ്ധയും ചികിത്സയും കിട്ടാതിരുന്നാല്‍ ക്രമേണ ഡിമെന്‍ഷ്യക്ക‌് കാരണമാകാം.

ഇതിനെന്തു പരിഹാരം?

പ്രതിരോധംതന്നെയാണ‌് ഇതിനുള്ള പരിഹാരം, രോഗം വരാതെ സൂക്ഷിക്കുക.

( പാലാ ഡിമെന്‍ഷ്യ കെയറിന്റെ ജനറല്‍ സെക്രട്ടറിയാണ‌് ലേഖകന്‍ )

Related News