Loading ...

Home Business

5000 കോടിയുടെ വായ്‌പാ തട്ടിപ്പ്‌ നടത്തിയ ഗുജറാത്തി വ്യവസായി നൈജീരിയയിലേക്ക്‌ മുങ്ങി

5000 കോടിയുടെ വായ്‌പാ തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം നരിടുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്ബനി ഡയറക്ടര്‍ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്. 

വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്ബനി ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്ത 5000 കോടി രൂപ തിരിച്ചടച്ചില്ലെന്നതാണ്‌ നിതിന്‍ സന്ദേശരക്കെതിരായ കേസ്. രണ്ടുവര്‍ഷം മുമ്ബുവരെയുള്ള കണക്കുപ്രകാരം 5383 കോടി രൂപയാണ് കമ്ബനിയുടെ മൊത്തം കുടിശിക. 

കുടുംബാംഗങ്ങളും കമ്ബനി ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവര്‍ക്കൊപ്പമാണ്‌ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതെന്നാണ് സൂചന. യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഇവര്‍ നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതാണ്‌ നൈജീരിയയിലേക്ക്‌ നീങ്ങാന്‍ കാരണമെന്ന്‌ കരുതുന്നു. 

അതിനിടെ ആഗസ്തില്‍ നിതിന്‍ സന്ദേശര യുഎഇയില്‍ അറസ്റ്റിലായിരുന്നുവെന്ന വാര്‍ത്ത തെറ്റായിരുന്നുവെന്നാണ്‌ നിലവിലെ റിപ്പോര്‍ട്ട്‌. അതിനുമുന്‍പു തന്നെ ഇവര്‍ നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന. 

ലളിത്‌ മോഡി, നിരവ്‌ മോഡി, മെഹുല്‍ ചോക്‌സി, വിജയ്‌ മല്യ എന്നീ വ്യവസായികളും വമ്ബന്‍ സാമ്ബത്തിക ക്രമക്കേട്‌ നടത്തിയശേഷം നിയമനടപടി ഒഴിവാക്കാനായി വിദേശത്തേക്ക്‌ കടന്നിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദേശത്തേക്ക്‌ കടന്ന ഇവര്‍ നാലുപേരും അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ആരോപണമുയര്‍ന്നു. താന്‍ വിദേശത്തേക്ക്‌ കടന്നത്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ കണ്ടശേഷമാണെന്ന വിജയ്‌ മല്യയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ്‌ സമാനമായ രീതിയില്‍ മറ്റൊരു വ്യവസായി കൂടി രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്‌.

Related News