Loading ...

Home celebrity

'മലയാളികള്‍ മിഥ്യാഭിമാനികള്‍, ഒരു ജോലിയും വേണ്ടപോലെ ചെയ്യില്ല'; ശ്രീനിവാസനുമായി അഭിമുഖം

ഞാന്‍ ശ്രീനിവാസന്‍ എന്ന ജീവിതരേഖ അവസാനിപ്പിച്ചത് à´ˆ വരികളോടെയാണ്. ''ഇങ്ങനെയൊരു ജീവിതരേഖ വേണ്ടിവരുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ ജീവിതത്തെത്തന്നെ ഞാന്‍ കൂടുതല്‍ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു. എന്തായാലും അതിന് കഴിഞ്ഞില്ലല്ലോ'' ശ്രീനിവാസന്‍ സ്വതസിദ്ധമായ വിനയത്തോടെ ഇങ്ങനെ എഴുതിയെങ്കിലും നാലു പതിറ്റാണ്ട് കാലമായി ശ്രദ്ധേയവും സവിശേഷവുമായ കലാജീവിതമാണ് തുടരുന്നത്. ചലച്ചിത്രനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ വ്യത്യസ്ത ജീവിതപഥങ്ങള്‍ വിജയകരമായി തുടരുന്നു. മലയാള സിനിമ ഇന്നും ശ്രീനിവാസനോടൊപ്പവും ശ്രീനിവാസന്‍ മലയാളസിനിമയോടൊപ്പവുമാണ് ഇന്നും ജീവിക്കുന്നത്. രാഷ്ട്രീയം, മതം, കൃഷി, ആരോഗ്യം തുടങ്ങി ഓരോന്നിനെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ശ്രീനിവാസന്‍ പുലര്‍ത്തുന്നു. അത് തുറന്നു പറയുകയും വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കുകയും ചെയ്യും. ശ്രിനിവാസന്‍ ജീവിതത്തേയും സമൂഹത്തേയും അത്രമേല്‍ സ്‌നേഹിക്കുന്നു; ആദരിക്കുന്നു. 
കലാകാരനാകുക എന്ന തികഞ്ഞ ഇച്ഛാശക്തിയോടെ ജീവിതം തുടങ്ങിയ ആളാണ് ശ്രീനിവാസന്‍. അതില്‍ വിജയം കണ്ടെത്തുകയും ചെയ്തു. പക്ഷേ, കലാകാരന്റെ ദന്തഗോപുരത്തിലിരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായില്ല. കടന്നുപോകുന്ന കാലത്തോട് കലയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും പ്രതികരിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥകളിലെ രാഷ്ട്രീയ പരിഹാസങ്ങള്‍ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളില്‍ വീണ്ടും വീണ്ടും മുഴങ്ങിക്കേള്‍ക്കുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും വഴങ്ങാതെ ജനപക്ഷ രാഷ്ട്രീയത്തില്‍ ശ്രീനിവാസന്‍ എന്നും നിലയുറപ്പിക്കുന്നു. സമൂഹത്തിലെ സൂക്ഷ്മസ്പന്ദനങ്ങളാണ് ശ്രീനിവാസന്റെ ചലച്ചിത്രങ്ങളുടെ ഊര്‍ജ്ജം. അതുകൊണ്ടാണ് അത് ജനപ്രിയമാകുന്നതും. 

ചലച്ചിത്രങ്ങളില്‍നിന്ന് കിട്ടുന്ന വലിയ പ്രതിഫലങ്ങളും ലാഭങ്ങളും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്ന ചലച്ചിത്രകാരന്മാരുടെ കാലത്ത് ശ്രീനിവാസന്‍ നഷ്ടക്കച്ചവടത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത് തൃപ്പൂണിത്തറയ്ക്കടുത്ത് ഒരേക്കര്‍ ഭൂമി വാങ്ങി കൃഷി ചെയ്തുകൊണ്ടാണ് നഷ്ടങ്ങളുടെ കണക്കുപുസ്തകം സ്വയം തുറന്നത്. à´† കണക്കുപുസ്തകത്തിന് മുന്‍പിലിരുന്ന് വിലപിക്കുന്നില്ല. മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജം തേടുകയാണ് ചെയ്യുന്നത്. തരിശായിക്കിടന്ന 400 ഏക്കര്‍ നിലം പാട്ടത്തിനെടുത്ത് നെല്‍ക്കൃഷി നടത്തി. നെല്‍ക്കൃഷി ലാഭമല്ലാത്ത കാലത്താണ് à´ˆ സാഹസത്തിന് പുറപ്പെട്ടത്. കൃഷിയെക്കുറിച്ച്‌ സമൂഹത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കാനായി കൊയ്ത്തുത്സവവും ആഘോഷകരമായ വിളവെടുപ്പും നടത്തി. മലയാളിയെ സിനിമയുടെ അകത്തളത്തിലേക്ക് ആനയിച്ചതുപോലെ കൃഷിയിലേക്കും ജനങ്ങളെ ക്ഷണിക്കുന്നു. ഒരു കലാകാരന്റെ വലിയ സാമൂഹിക ദൗത്യമാണ് ശ്രീനിവാസന്‍ ഏറ്റെടുത്തിരിക്കുന്നത്. 
മഴ പൊഴിയുന്ന ഒരു പ്രഭാതത്തില്‍ വീടിനു ചുറ്റുമുള്ള കൃഷിയിടത്തിലൂടെ ഞാനും ശ്രീനിവാസനും നടന്നു. വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങളും സസ്യങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ് വീട്ടുവളപ്പ്. എല്ലാം വൃത്തിയായി സൂക്ഷിക്കുന്നു. നിറഞ്ഞ വാഴത്തോട്ടങ്ങള്‍, സമൃദ്ധമായ പച്ചക്കറി തോട്ടങ്ങള്‍, വിവിധ ജലസേചന ചാലുകള്‍, ജൈവകൃഷി.

ചലച്ചിത്ര നടന്മാരും നിര്‍മ്മാതാക്കളുമൊക്കെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കും കെട്ടിടനിര്‍മ്മാണത്തിലേക്കുമൊക്കെ പോകുമ്ബോള്‍ താങ്കള്‍ എന്തുകൊണ്ടാണ് നഷ്ടക്കച്ചവടമായ കൃഷിയിലേക്ക് ഇറങ്ങിയത്?

അനുഭവത്തിന്റേയും വായനയുടേയും അറിവിന്റേയും അടിസ്ഥാനത്തിലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. നാം കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുമ്ബോഴാണ് അതിനുള്ളിലെ മാരകമായ വിഷത്തെക്കുറിച്ച്‌ അറിയുന്നത്. പച്ചക്കറിയിലും മറ്റും നിറയെ വിഷമാണ്. അത് ഉപയോഗിക്കുമ്ബോള്‍ നമ്മുടെ ആരോഗ്യം തന്നെ തകരാറിലാവുന്നു. അതിന്റെ തിരിച്ചറിവാണ് കൃഷിയിലേക്ക് എത്താന്‍ കാരണം.

കൃഷി നഷ്ടമാണോ ലാഭമാണോ?

ആദ്യകാലത്ത് വലിയ നഷ്ടമായിരുന്നു. പിന്നീട് അത് കുറഞ്ഞുകുറഞ്ഞു വന്നു. ലാഭം എന്നതിനേക്കാള്‍ അതില്‍ വലിയൊരു സാമൂഹിക സന്ദേശമുണ്ട്. കൃഷി തിരിച്ചുപിടിക്കുക, ആരോഗ്യം രക്ഷിക്കുക എന്നത്. ആദ്യം ഞാന്‍ കൃഷി ചെയ്യുന്ന കാര്യങ്ങളൊന്നും ആരെയും അറിയിച്ചിരുന്നില്ല. ഇത് അങ്ങനെ മറച്ചുവെക്കേണ്ട കാര്യമല്ലെന്ന് പിന്നീട് തോന്നി. മഞ്ജുവാര്യര്‍, മുകേഷ് തുടങ്ങിയവരെയൊക്കെ അങ്ങനെയാണ് ഞാന്‍ ഇവിടെ കൊണ്ടുവന്നത്. കൃഷി ചെയ്യുക എന്നത് മോശം കാര്യമല്ലെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു.

കൃഷിപ്പണിക്ക് ആളെ കിട്ടാനില്ലെന്ന് പറയാറുണ്ട്. അത്തരം അനുഭവങ്ങളുണ്ടോ?

അതാണ് തമാശ. സാധാരണ ഇവിടെ പണിക്കു വരാറുള്ളത് അന്യസംസ്ഥാന തൊഴിലാളികളാണ്. അതറിഞ്ഞ് ഈ സ്ഥലവാസികള്‍ പറഞ്ഞു, ഇവിടെയുള്ളവരെക്കൂടി പണിയെടുപ്പിക്കണമെന്ന്. ഞാന്‍ അവരോട് വരാന്‍ പറഞ്ഞു. പക്ഷേ, പണി തുടങ്ങിയപ്പോള്‍ ബംഗാളികള്‍ വേഗം കാര്യങ്ങള്‍ ചെയ്തു തുടങ്ങി. നമ്മുടെ ആളുകള്‍ പിന്നിലായി. ബംഗാളികളോടൊപ്പം എത്താന്‍ അവര്‍ക്കായില്ല. ഇതാണ് നമ്മുടെ സ്ഥിതി. പിന്നെ എങ്ങനെ മുന്നോട്ടു പോകും.

പച്ചക്കറികള്‍ ഇവിടെ ഇറക്കുമതി ചെയ്യുമ്ബോഴും നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടുന്നില്ലല്ലോ. എന്താണ് കാരണം?

ഇടത്തട്ടുകാര്‍ നമ്മുടെ കൃഷിക്കാരെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. സത്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ഈ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ ഒരു വില നിശ്ചയിക്കണം. ചൈനയിലൊക്കെ അങ്ങനെയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമിയിലാണല്ലോ അവിടെ ഉള്ളത്. സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വില നിശ്ചയിക്കും. അതുകൊണ്ട് കൃഷി അവിടെ നഷ്ടമല്ല.

ഇപ്പോള്‍ കേരളത്തില്‍ കൃഷിക്കാരോടും കൃഷിയോടും താല്പര്യമുള്ള സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്. അവര്‍ എന്തുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ താല്പര്യം കാണിക്കുന്നില്ല?

ഇടതുപക്ഷക്കാര്‍ക്ക് അതിലൊന്നും താല്പര്യമില്ല. അവര്‍ ഇപ്പോഴും ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ചും കാര്‍ഷിക ബില്ലിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പക്ഷേ, ഒന്നും ചെയ്യുന്നില്ല.

നമ്മുടെ കൃഷി മന്ത്രിയോട് ഇക്കാര്യങ്ങള്‍ അറിയിച്ചോ?

കൃഷിയെക്കുറിച്ച്‌ ധാരാളം കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. ഇക്കാര്യം ഞാന്‍ സൂചിപ്പിക്കുന്നുണ്ട്.

ജൈവകൃഷി സമ്ബ്രദായമാണല്ലോ സ്വീകരിച്ചിരിക്കുന്നത്? അതാണോ ലാഭകരം?

കൃഷി ജൈവകൃഷിയിലൂടെ ലാഭകരമാക്കി മാറ്റാവുന്നതേയുള്ളൂ. ഒരു പശുവിനെ വളര്‍ത്തിയാല്‍ തന്നെ എത്രയോ സ്ഥലത്തേക്കുള്ള വളം കിട്ടും. ധാരാളം ജൈവവളങ്ങള്‍ നമുക്കു തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വിവിധ അടരുകളുള്ളതാണ് നമ്മുടെ മണ്ണ്. à´ˆ മണ്ണു തന്നെ പാകപ്പെടുത്തി വളമാക്കി മാറ്റാവുന്നതേയുള്ളൂ. പല സ്ഥലത്തും ജൈവവളമായി നല്‍കുന്നത് രാസവളങ്ങളാണ്. വലിയ തട്ടിപ്പാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. ഈയിടെ മുഖ്യമന്ത്രിയുടെ ഒരു സംവാദ പരിപാടിയില്‍ ഞാന്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച്‌ കൃത്യമായ അറിവ് എനിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 
നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നത് എന്താണ്? അവര്‍ രാസവള പ്രയോഗത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. അത്തരം കൃഷി രീതികളാണ് പ്രയോഗിക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് കാര്‍ഷിക സര്‍വ്വകലാശാലകളിലെ പഠനരീതിതന്നെ മാറ്റേണ്ടതല്ലേ. ഇത്തരം നിലപാട് സ്വീകരിക്കാതെ നമ്മുടെ കൃഷി എങ്ങനെ മെച്ചപ്പെടും. ഈയിടെ ഇവിടെ ഒരു കൃഷി ഓഫീസില്‍ ഒരു മീറ്റിങ്ങിന് പോയി. അവിടെ കൃഷി ഓഫീസര്‍ സംസാരിക്കുന്നത് രാസവളമിടുന്നതിനെക്കുറിച്ചാണ്. അത്തരമൊരു കൃഷി ഓഫീസര്‍ നമുക്കെന്തിനാണ്!


 
ജൈവഭക്ഷണരീതിയാണോ താങ്കള്‍ തുടരുന്നത്?

അതെ, അതാണ് നല്ലത്. ഷൂട്ടിങ്ങിനു പോകുമ്ബോള്‍ പോലും ഈ രീതി തുടരാനാണ് താല്പര്യം.

സിനിമയില്‍ ഇത്തരം ഭക്ഷണ സമീപനങ്ങള്‍ ഉള്ള ആളുകള്‍ ഉണ്ടോ?

മമ്മൂട്ടി ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്ന ഒരാളാണ്. മറ്റാര്‍ക്കും ഇത്തരം താല്പര്യമൊന്നുമില്ല.

കൃഷിയില്‍ ചെറുപ്പത്തില്‍ താല്പര്യമുണ്ടായിരുന്നോ?

എനിക്ക് അങ്ങനെ വലിയ താല്പര്യമൊന്നുമില്ലായിരുന്നു. അച്ഛന്‍ നല്ല കൃഷിക്കാരനായിരുന്നു. ഞാന്‍ പാടത്തൊക്കെ പോകുമായിരുന്നു. അത് അച്ഛന് വലിയ ഇഷ്ടമായിരുന്നു. ചെറിയ ചെറിയ പണികള്‍ ചെയ്യും. വൈകുന്നേരം അച്ഛന്‍ രണ്ട് രൂപ തരും. ആ പൈസ കൊണ്ട് ഞാന്‍ അന്ന് സിനിമ കണ്ടിരുന്നു. അന്ന് ആ പൈസ വലിയ തുകയാണ്.

കൃഷിയെക്കുറിച്ചും ഭക്ഷണത്തിലെ വിഷത്തെക്കുറിച്ചും മലയാളിക്ക് നന്നായി അറിയാം. എന്നിട്ടും അവര്‍ ഭക്ഷണരീതികള്‍ മാറ്റുന്നില്ലല്ലോ?

മലയാളികള്‍ രുചിയില്‍ ഹരംപിടിച്ചവരാണ്. അതില്‍നിന്ന് മാറാന്‍ അവര്‍ക്ക് താല്പര്യമില്ല. സത്യത്തില്‍ മലയാളികള്‍ മിഥ്യാഭിമാനികളാണ്. ഒരു ജോലിയും വേണ്ടപോലെ ചെയ്യാതെ കപടാഭിമാനികളായി നടക്കും. എല്ലാ കാര്യങ്ങളിലും അങ്ങനെയാണ്. എന്റെ പുതിയ സിനിമ 'ഞാന്‍ പ്രകാശനിലും' അത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

ഭക്ഷണം പാചകം ചെയ്യാറുണ്ടോ?

നാടുവിട്ട് മദിരാശിയില്‍ എത്തിയതോടെയാണ് പാചകം ചെയ്തു തുടങ്ങിയത്. ഞങ്ങള്‍ നാലുപേര്‍ ചേര്‍ന്നാണ് ഒരു വീട്ടില്‍ താമസിച്ചത്. അന്ന് സ്വയം ഭക്ഷണം ഉണ്ടാക്കിയേ മതിയാവുള്ളൂ. ഞാന്‍ തന്നെ ഉണ്ടാക്കും. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോകും മുന്‍പ്, നാലു മണിക്ക് എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കും. രാവിലത്തേക്കും ഉച്ചയ്ക്കത്തേക്കുമുള്ള ശാപ്പാട്. അന്ന് പുറത്തുനിന്ന് കഴിക്കാന്‍ പൈസയില്ലല്ലോ. പച്ചക്കറിയെക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങിയത് അന്നാണ്. ഇപ്പോഴും എനിക്ക് പാചകം താല്പര്യമുള്ള കാര്യമാണ്. പക്ഷേ, വിമല (ഭാര്യ) അടുക്കളയില്‍ എന്നെ കയറ്റാറില്ല. അതുകൊണ്ട് ഞാന്‍ പാചകം ചെയ്യുന്നില്ലന്നേയുള്ളൂ.

താങ്കളുടെ ചെറുപ്പകാലത്ത് നാട്ടില്‍ ജാതിമത ഭേദങ്ങള്‍ ഉണ്ടായിരുന്നോ! അത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടോ?

എന്റെ നാട്ടില്‍ ആരും ജാതിമതങ്ങള്‍ ഒന്നും പറയുകയോ അതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ നാട്ടിലെ മതം പാര്‍ട്ടി ആയിരുന്നു. പാര്‍ട്ടിയായിരുന്നു എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. കമ്യൂണിസ്റ്റുകാര്‍ അധികമുണ്ടായിരുന്നു. കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. രാഷ്ട്രീയത്തിനായിരുന്നു പ്രാധാന്യം നല്‍കിയത്.

ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് വന്നിട്ടും പാര്‍ട്ടിയോടോ പ്രസ്ഥാനങ്ങളോടോ താല്പര്യം കാണിക്കാതിരുന്നത് എന്തുകൊണ്ടാണ്?

സത്യത്തില്‍ പാര്‍ട്ടിക്കാര്‍ പറയുന്ന പല കാര്യങ്ങളും എനിക്ക് മനസ്സിലായിരുന്നില്ല. അതിനോട് പൊരുത്തപ്പെടാനൊന്നും പറ്റിയില്ല. ഗോപാലേട്ടന്‍ (പാട്യം ഗോപാലന്‍) എന്നെ ജാഥയ്ക്ക് പോകാനൊക്കെ വിളിക്കുമായിരുന്നു. അതിനോടൊന്നും എനിക്ക് താല്പര്യവും തോന്നിയില്ല. അച്ഛന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് എന്റെ വഴിയല്ലെന്ന് ഞാന്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു.


 
നാടകാഭിനയവും സംഘംചേരലുകളുമൊക്കെ ഉണ്ടായിട്ടും ഇത്തരം പ്രസ്ഥാനങ്ങള്‍ ആകര്‍ഷിക്കാത്തത് എന്തുകൊണ്ടാണ്?

ഞാന്‍ മട്ടന്നൂര്‍ എന്‍.എസ്.എസ് കോളേജിലാണ് പഠിച്ചത്. അവിടെ നാടക മത്സരത്തിലൊക്കെ പങ്കെടുത്തിരുന്നു. കോളേജില്‍ അപ്പുനമ്ബ്യാര്‍ എന്നൊരു അധ്യാപകനുണ്ടായിരുന്നു. എന്നെ ധാരാളം പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു നാടകമത്സരത്തില്‍ മറ്റൊരാള്‍ക്കാണ് മികച്ച നടനുള്ള സമ്മാനം ലഭിച്ചത്. അപ്പു മാഷ് എന്നെ വിളിച്ച്‌ ആശ്വസിപ്പിച്ചു. വൈകുന്നേരം കാണണമെന്നും പറഞ്ഞു. വൈകിട്ട് കാണാന്‍ ചെന്നപ്പോള്‍ എനിക്ക് ഒരു പാര്‍ക്കര്‍ പേന സമ്മാനമായി തന്നു. എന്നിട്ട് എന്നോട് പറഞ്ഞു: ''നീ നിനക്ക് ഇഷ്ടമുള്ള ഒരു മേഖല തെരഞ്ഞെടുക്കണം. അതിലൂടെ നീ പരിശ്രമിക്കണം.'' എനിക്ക് താല്പര്യമുള്ള മേഖല നാടകമായിരുന്നു. അതിനകം നിരവധി നാടകങ്ങള്‍ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. 
à´ˆ സമയത്ത് ദല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരണമെന്ന് ആഗ്രഹം ഉണ്ടായി. അപേക്ഷാ ഫോറം വരുത്തി. കേരളത്തിലെ ഒരു പ്രഗല്‍ഭ നാടകക്കാരന്റെ സര്‍ട്ടിഫിക്കറ്റോടുകൂടി വേണം അപേക്ഷ അയയ്ക്കാന്‍. അന്ന് മലബാറിലൊന്നും അങ്ങനെ അറിയപ്പെടുന്ന നാടകക്കാരൊന്നും ഇല്ല. അപ്പോഴാണ് കോട്ടയത്തുനിന്ന് എന്‍.എന്‍. പിള്ളയും സംഘവും നാടിനടുത്ത് നാടകം കളിക്കാനെത്തിയത്. നാടകം കഴിഞ്ഞ് മേക്കപ്പ് മാറ്റുന്ന സമയത്ത് ഗ്രീന്റൂമില്‍ പോയി ഞാന്‍ അദ്ദേഹത്തെ കണ്ടു. എന്റെ ആവശ്യം പറഞ്ഞു. പക്ഷേ, എന്റെ കൈയില്‍ ഞാനൊരു നാടകക്കാരനാണെന്ന് തെളിയിക്കാവുന്ന രേഖകളൊന്നും ഇല്ലായിരുന്നു. എന്‍.എന്‍. പിള്ള ചോദിച്ചു: ''എനിക്ക് എങ്ങനെ അറിയാം താനൊരു നാടകക്കാരനാണെന്ന്.'' അദ്ദേഹം സര്‍ട്ടിഫിക്കറ്റ് തന്നില്ല. പിന്നീട് കോട്ടയത്തു പോയി കാണാനൊന്നുമുള്ള സൗകര്യം അന്നില്ലായിരുന്നു. അതോടെ à´† ആഗ്രഹം തീര്‍ന്നു. 
പിന്നീടാണ് മദ്രാസില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാന്‍ തീരുമാനിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോകുന്നത് സിനിമയില്‍ ചേരാന്‍ വേണ്ടിയല്ല. നാടകാഭിനയം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. അവിടെ ഇന്റര്‍വ്യൂ നടത്താന്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. രാമുകാര്യാട്ട്, പി. ഭാസ്‌കരന്‍, വിന്‍സന്റ് മാഷ്. എന്നെ കണ്ടപ്പോഴേ രാമുകാര്യാട്ട് പരിഹാസത്തോടെ ചിരിച്ചു. മെലിഞ്ഞ് ഉണങ്ങിയ ഞാനാണോ അഭിനയം പഠിക്കാന്‍ എത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം ആലോചിച്ചത്. ഞാന്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. എന്റെ ലക്ഷ്യം നാടകമാണെന്ന് അറിയിച്ചു. പിന്നെ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ ആ ചിരി മറക്കാനാവില്ല. പിന്നീട് ഞാന്‍ രാമുകാര്യാട്ടിനെ കാണുന്നത് 'സംഘഗാനം' അഭിനയിക്കാന്‍ ചെന്നപ്പോഴാണ്. എന്നെ കണ്ടതും രാമുകാര്യാട്ട് പൊട്ടിച്ചിരിച്ചു. നീ ഇവിടെയും എത്തിയോ എന്ന് ചോദിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് 'ചിന്താവിഷ്ടയായ ശ്യാമള'യ്ക്ക് മികച്ച സംവിധായകനുള്ള രാമുകാര്യാട്ട് അവാര്‍ഡ് എനിക്ക് ലഭിച്ചു. അന്ന് അദ്ദേഹം മറ്റേതോ ലോകത്തിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. രാമുകാര്യാട്ടിന്റെ ഈ മൂന്നു ചിരി ഞാന്‍ മറക്കില്ല.

നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ താങ്കളുടെ സിനിമകള്‍ കാണുന്നുണ്ടായിരുന്ന ല്ലോ. 
അവരുടെ പ്രതികരണം എന്തായിരുന്നു?

എനിക്ക് അവര്‍ പറയുന്നതൊന്നും മനസ്സിലായിരുന്നില്ല എന്നതാണ് സത്യം. അവരോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പ്രയാസമായിരുന്നു. ഒരു സന്ദര്‍ഭം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. അത് 'സംഘഗാനം' ഇറങ്ങിയ കാലമാണ്. സംഘഗാനം പുറത്തുവന്നശേഷം, ഒരു ദിവസം നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നെ കാണാന്‍ വന്നു. ഈ സിനിമയെക്കുറിച്ച്‌ നമുക്ക് ഒരു ചര്‍ച്ച നടത്തണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു, എന്തു ചര്‍ച്ച? എന്തിന് ചര്‍ച്ച? ചര്‍ച്ച നടത്തേണ്ടത് പി.എ. ബക്കറിനോടോ എം. സുകുമാരനോടോ ആണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തത്. പിന്നെ ഞാനെന്തിന് ചര്‍ച്ച ചെയ്യണം.

'സന്ദേശം' സിനിമ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്ന് കണ്ടെടുത്തതാണോ?

ഞാന്‍ ഈ സിനിമയെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ തന്നെ സത്യനോട് (സത്യന്‍ അന്തിക്കാട്) പറഞ്ഞു, സിനിമ എങ്ങനെയായിത്തീരുമെന്ന് എനിക്കറിയില്ല. പക്ഷേ, ഇതിലെ സംഭാഷണങ്ങള്‍ കലക്കും. അതുപോലെ സംഭവിച്ചല്ലോ. ഈ സിനിമ ഇറങ്ങിയ ഉടനെ ഞാന്‍ നാട്ടില്‍ പോയിരുന്നു. അപ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നെ കാണാന്‍ വന്നു. അയാള്‍ പറഞ്ഞു: നാട്ടിലൊക്കെ ഇപ്പോള്‍ മരണവീടിന്റെ അവസ്ഥയാണെന്ന്. ഞാന്‍ ചോദിച്ചു, അതെന്താ? അയാള്‍ പറഞ്ഞു, സന്ദേശം സിനിമ നാടിനെ അങ്ങനെയാണ് ബാധിച്ചതെന്ന്.

അന്ന് കമ്യൂണിസ്റ്റ് നേതാക്കന്‍മാരുമായി സൗഹൃദബന്ധം ഉണ്ടായിരുന്നോ?

ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു - പാട്യം ഗോപാലാന്‍. അദ്ദേഹം വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു നില്‍ക്കുന്ന കാലത്താണ് ഞാന്‍ കണ്ടത്. നിരവധി നേതാക്കള്‍ അന്നുണ്ടായിരുന്നെങ്കിലും പാട്യം ഗോപാലനോടാണ് എനിക്ക് താല്പര്യം തോന്നിയത്. ജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

പിണറായി വിജയനെ നേരില്‍ പരിചയപ്പെട്ടത് ഓര്‍മ്മയുണ്ടോ?

എണ്‍പതുകളിലാണ് പരിചയപ്പെട്ടത്. ഞാന്‍ നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. എന്റെ നിരവധി സിനിമകള്‍ പുറത്തുവന്ന സമയമാണ്. ഒരാള്‍ എന്റെ അടുത്തുവന്ന് പറഞ്ഞു, പിണറായി വിജയന്‍ അടുത്ത ബര്‍ത്തിലുണ്ട്. താങ്കളെ കാണാന്‍ ഇങ്ങോട്ട് വരണമെന്നുണ്ട്, വിളിച്ചുകൊണ്ടു വരട്ടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇങ്ങോട്ട് വരണ്ട ഞാന്‍ അങ്ങോട്ട് വരാം എന്ന് പറയൂ. ഞാന്‍ അദ്ദേഹത്തിന്റെ ബര്‍ത്തിനടുത്തേക്ക് പോയി. അപ്പോള്‍ അദ്ദേഹം മുകളിലത്തെ ബര്‍ത്തില്‍ ഇരിക്കുന്നു. അന്ന് എം.എല്‍.എ ആയിരുന്നു. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. എന്റെ അച്ഛനുമായുള്ള അടുപ്പത്തെക്കുറിച്ചൊക്കെ പറഞ്ഞു. പല നിലകളിലും പിണറായി അച്ഛനുമായി ബന്ധപ്പെട്ടിരുന്നു. അച്ഛനെക്കുറിച്ച്‌ വളരെ ബഹുമാനത്തോടെയാണ് പിണറായി സംസാരിച്ചത്. ആദ്യകാലത്തൊക്കെ അദ്ദേഹം നല്ല ഉശിരന്‍ പ്രസംഗങ്ങളാണ് നടത്തിയിരുന്നത്. ഒരു ചാനല്‍ അഭിമുഖത്തില്‍ ഞാന്‍ ഇക്കാര്യം ചോദിച്ചിരുന്നു.


 
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തിയുള്ള ഒരു കാലഘട്ടമല്ലേ ഇത്? വര്‍ഗ്ഗീയതയേയും ഫാസിസത്തേയും എതിര്‍ക്കാന്‍ അവര്‍ക്കല്ലേ കഴിയൂ?

ഇപ്പോള്‍ ഇടതുപക്ഷത്തിന് മതേതരത്വമൊന്നുമില്ല. വര്‍ഗ്ഗീയതയാണ് അവരും പിന്തുടരുന്നത്. എറണാകുളത്ത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നൊരാളെ ഇടതുപക്ഷം മത്സരിപ്പിച്ചു. അതിനു മുന്‍പും അയാളെക്കുറിച്ച്‌ കേട്ടിട്ടില്ല പിന്നീടും കേട്ടില്ല. എന്തിനാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത്. തിരുവനന്തപുരത്ത് ഡോ. ബന്നറ്റ് ഏബ്രഹാമിനെ മത്സരിപ്പിച്ചത് എന്തിനായിരുന്നു? ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത പറഞ്ഞില്ലേ! ഇടതുപക്ഷത്തിനൊന്നും വര്‍ഗ്ഗീയവിരുദ്ധ നിലപാടൊന്നുമില്ല. എല്ലാ മതങ്ങളേയും സമഭാവനയോടെ കാണാന്‍ കഴിയണം. അപ്പോഴേ മതേതരത്വമാവുകയുള്ളു.

ജാതിമതമൊക്കെ താങ്കളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടോ?

ഒരിക്കലുമില്ല. എന്റെ സര്‍ട്ടിഫിക്കറ്റില്‍ ജാതി, മതം എഴുതിയിട്ടുണ്ട് എന്നു മാത്രമേയുള്ളു. ഞാന്‍ അതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുപോലുമില്ല. ഞാന്‍ എന്റെ ജാതിയെക്കുറിച്ച്‌ അറിയുന്നതുതന്നെ തിരുവനന്തപുരത്തുവച്ചാണ്. ഒരു വീട്ടില്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍, എനിക്കു മാത്രം വലിയ സല്‍ക്കാരം കിട്ടി. വീട്ടുകാര്‍ വലിയ പരിഗണന തന്നു. എനിക്കൊന്നും മനസ്സിലായില്ല. എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു, എന്താ ഇങ്ങനെ എനിക്കു മാത്രം ഒരു പരിഗണന. അപ്പോള്‍ അയാള്‍ പറഞ്ഞു: അത് നമ്മുടെ ആളാ എന്നവര്‍ പറയുന്നുണ്ടായിരുന്നു എന്ന്. അങ്ങനെയാണ് ഞാന്‍ ജാതിയെക്കുറിച്ച്‌ തിരിച്ചറിയുന്നത്. എനിക്ക് ഒരിക്കലും ജാതി ഒരു ആവശ്യമായോ പരിഗണനയായോ വന്നിട്ടില്ല.

ദൈവവിശ്വാസം എപ്പോഴെങ്കിലും കടന്നുവന്നിട്ടുണ്ടോ?

അമ്ബലങ്ങളിലോ ദൈവങ്ങള്‍ക്ക് മുന്‍പിലോ ഞാന്‍ തൊഴുതിട്ടില്ല. അത്തരം ശീലങ്ങള്‍ എനിക്കില്ല. ഒരു രസകരമായ അനുഭവം പറയാം. 'ചിന്താവിഷ്ടയായ ശ്യാമള'യുടെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് ശബരിമലയില്‍വെച്ചായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഒരിടത്ത് ഞാനിരിക്കുകയായിരുന്നു. ഒരാള്‍ വന്നു ചോദിച്ചു, സന്നിധാനത്ത് പോകണ്ടേയെന്ന്. ഞാന്‍ പറഞ്ഞു, വൃതമൊന്നും എടുത്തിട്ടില്ല. ഷൂട്ടിങ്ങല്ലേ അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, സാരമില്ല ഞാന്‍ കൂടെ കൊണ്ടുപോകാമെന്ന്. എന്തായാലും ഷൂട്ടിങ്ങ് നടക്കണമല്ലോ. ഞാന്‍ കൂടെ വരാമെന്ന് പറഞ്ഞു. അദ്ദേഹം സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വലിയ തിരക്കായിരുന്നു അവിടെ. തിരക്കില്‍നിന്നൊക്കെ എന്നെ മാറ്റിനിര്‍ത്തി, ശ്രീകോവിലിനു മുന്‍പിലെത്തിച്ചു. വിശദമായി തൊഴുതുകൊള്ളാന്‍ പറഞ്ഞു. നന്നായി പ്രാര്‍ത്ഥിച്ചോളൂ എന്നും പറഞ്ഞു. എനിക്ക് എന്ത് പ്രാര്‍ത്ഥിക്കാന്‍. എനിക്കൊന്നും ആഗ്രഹിക്കാനില്ലല്ലോ. ഞാന്‍ പെട്ടെന്ന് പുറകോട്ട് മാറി. അപ്പോഴും അദ്ദേഹം പറഞ്ഞു. കുറേ നേരം കൂടി നിന്നോളൂ എന്ന്. ഞാനാകെ പെട്ടുപോയി. ഞാന്‍ ആദ്യമായും അവസാനമായും ഒരു അമ്ബലത്തില്‍പ്പോയി തൊഴുതത് അപ്പോഴാണ്.

ചെറുപ്പത്തില്‍ അത്തരം വിശ്വാസങ്ങള്‍ ഒന്നും സ്വാധീനിച്ചില്ലേ?

എന്റെ വീടിനടുത്ത് അന്ന് ക്ഷേത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്ന് ക്ഷേത്രത്തില്‍ പോകേണ്ട കാര്യമില്ലായിരുന്നു. മറ്റ് കലാതാല്‍പ്പര്യങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ദൈവവിശ്വാസത്തെക്കുറിച്ചൊക്കെ ഒരുപാട് സംസാരിക്കേണ്ടതുണ്ട്. ഓരോരുത്തരും ആവശ്യം വരുമ്ബോഴാണ് ദൈവത്തെ തേടുന്നത്. ബുദ്ധിമുട്ടുള്ളപ്പോള്‍ ദൈവം വേണം. ഇല്ലാത്തപ്പോള്‍ വേണ്ട. ഇത്തരമൊരു വിചിത്ര പരിപാടിയാണ് വിശ്വാസം. സത്യത്തില്‍ നാം മനുഷ്യനിലാണ് വിശ്വസിക്കേണ്ടത്.

സിനിമാക്കാര്‍ എല്ലാം വലിയ വിശ്വാസികളാണല്ലോ?

കുറച്ച്‌ പണം മുടക്കി കുറഞ്ഞ കാലം കൊണ്ട് പേരെടുക്കാവുന്ന വ്യവസായമാണ് സിനിമ. പണവും പ്രശസ്തിയും സിനിമയിലുണ്ട്. അത് തകരുമോ എന്ന ഭയം കൊണ്ടാണ് വലിയ വിശ്വാസത്തിലേക്ക് പോകുന്നത്. നിലനില്‍ക്കാന്‍ വേണ്ടിയുള്ള വിശ്വാസമാണത്.

COURTESY: (സമകാലിക മലയാളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്) 

Related News