Loading ...

Home Gulf

ചെങ്ങന്നൂര്‍ അസോസിയേഷന്‍ കുവൈത്ത് ഏഴുലക്ഷം രൂപയുടെ സഹായം നല്‍കും

കുവൈത്ത് സിറ്റി: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ പ്രഹരം ഭയാനകമായ നാശ നഷ്ടങ്ങളാണ് പുണ്യ പുരാതന ഭൂമിയായ ചെങ്കളൂര്‍ എന്ന ചെങ്ങന്നൂരിനു വരുത്തിത്തീര്‍ത്തത്. ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുവൈത്തിലെ ചെങ്ങന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ ചെങ്ങന്നൂര്‍ അസോസിയേഷന്‍ കുവൈത്ത് (സിഎകെ).

സിഎകെയുടെ പ്രത്യേക നിര്‍വാഹക സമിതി വിളിച്ചു കൂട്ടിയ യോഗത്തില്‍ പുറത്തിറക്കിയ വാര്‍ത്താ പത്രികയിലാണ് പ്രസ്തുത സംഘടന ചെങ്ങന്നൂരിലെ ദുരിത ബാധിതര്‍ക്ക് ഏഴുലക്ഷം രൂപയുടെ സഹായ വാഗ്ദാനങ്ങള്‍ നല്കിയത്.

ചെങ്ങന്നൂര്‍ താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും സഹായമെത്താത്ത കുട്ടികള്‍ക്ക് ബുക്ക് , പേന, പെന്‍സില്‍ ഉള്‍പ്പെട്ട പഠന സാമഗ്രികള്‍ അടങ്ങുന്ന ആയിരം കിറ്റുകള്‍, ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍, ഗ്ലാസ്സ് എന്നിവ പ്രാരംഭ നടപടിയായി വിതരണം ചെയ്യുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ചെങ്ങന്നൂരിലെ വിവിധ സ്‌കൂളുകളുമായി ബന്ധപ്പെട്ട് കിട്ടിയ സ്ഥിതി വിവരക്കണക്ക് പ്രകാരമാണ് പഠനോപകരണങ്ങള്‍ എത്തിക്കുന്നത്.

ഒന്‍പത് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന ചെങ്ങന്നൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ ഭാഗികമായും ചിലത് പൂര്‍ണമായും തകര്‍ന്ന് പോയിട്ടുമുണ്ട്. ഓരോ പഞ്ചായത്തിലും അര്‍ഹരായിട്ടുള്ള രണ്ട് കുടുംബങ്ങള്‍ക്ക് വീതം ആകെ ഇരുപത് കുടുംബങ്ങള്‍ക്ക് ധന സഹായം നേരിട്ട് എത്തിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന ബഞ്ച്, ഡസ്‌ക് വെള്ളത്തില്‍ നശിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ട ധനസഹായം അപേക്ഷ പ്രകാരം നല്കുവാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം പത്തിന് ശേഷം ഭാരവാഹികള്‍ ഇത് നേരിട്ട് വിതരണം ചെയ്യും.

പ്രളയത്തില്‍പ്പെട്ട നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയും രക്ഷകരായ മത്സ്യത്തൊഴിലാളികളോടും, ഇന്ത്യന്‍ സൈന്യത്തോടും, ദുരന്ത നിവാരണ സേനയോടും, പോലീസിനോടും, ഫയര്‍ ഫോഴ്‌സ്, മറ്റ് സന്നദ്ധ സംഘടനകളോടും അതിലുപരി തോളോടുതോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ച നാട്ടുകാര്‍ക്കും ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം ചെയ്ത എല്ലാ പ്രവാസി സഹോദരങ്ങള്‍ക്കും ഈ അവസരത്തില്‍ സംഘടന നന്ദി അറിയിച്ചു.

ജോണ്‍ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു പാറപ്പാട് , ട്രഷറര്‍ ജിസ്, ജോയിന്റ് സെക്രട്ടറി മനോജ് കൊച്ചുപുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ഹരി തേക്കുംകാട്ടില്‍, സീനിയര്‍ എക്‌സിക്യുട്ടീവ് മെംബേര്‍ഴ്‌സ് വര്‍ഗീസ് നൈനാന്‍, ജേക്കബ് കടവില്‍, മറ്റു എക്‌സിക്യുട്ടിവ് മെംബേഴ്‌സ് എന്നിവര്‍ സംസാരിച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related News