Loading ...

Home sports

ന്ത്യ-ഇംഗ്ലണ്ട് അവസാനടെസ്റ്റ് ഇന്ന്: ആശ്വാസജയം തേടി ഇന്ത്യ

ലണ്ടന്‍: ഇതുവരെ കഴിഞ്ഞ നാല് ടെസ്റ്റ് മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട് പരമ്ബര കിരീടം അടിയറവച്ച ഇന്ത്യന്‍ പട ആശ്വാസ ജയം തേടി ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ ഇന്നിറങ്ങുന്നു. പരമ്ബരയിലെ അവസാന മല്‍സരമാണെന്നുള്ളതിനാല്‍ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മല്‍സരം അഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട പറയുന്ന, ഇംഗ്ലീഷ് ടെസ്റ്റ് നായകത്വത്തില്‍ മികച്ച റെക്കോഡുകളുള്ള അലിസ്റ്റര്‍ കുക്കിനെ ജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പറഞ്ഞയയ്ക്കാനുളള തയ്യാറെടുപ്പിലാണ് നിലവിലെ ഇംഗ്ലണ്ട് നായകന്‍ റൂട്ടും സഹതാരങ്ങളും അഞ്ചാം മല്‍സരത്തിനൊരുങ്ങുന്നത്.
ടെസ്റ്റില്‍ 12 തവണയാണ് ഇരു ടീമും കെന്നിങ്ടണ്‍ ഓവലില്‍ ഏറ്റുമുട്ടിയത്. ഇതില്‍ ഏഴെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ നാലിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് ഇന്ന് പാഡണിയുന്നത്. അവസാനമായി 2014ല്‍ ഇരുടീമും ഇവിടെ കൊമ്ബുകോര്‍ത്തപ്പോള്‍ ഇന്നിങ്‌സിനും 244 റണ്‍സിനും ഇന്ത്യയെ നാണം കെടുത്തിയാണ് അന്ന് ഇംഗ്ലണ്ട് നാട്ടിലേക്ക് പറഞ്ഞയച്ചത്. നാലാം ടെസ്റ്റില്‍ ജയിച്ച്‌ പരമ്ബര 2-2ന്റെ സമനിലയിലാക്കാന്‍ കോഹ്‌ലിപ്പടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും വീണ്ടും ഇന്ത്യന്‍ ബാറ്റിങ് ദുരന്തകഥയാവുകയായിരുന്നു. 245 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് 200 കടത്താന്‍ പോലുമായില്ല. വെറും 184 റണ്‍സിന് ഇന്ത്യ എരിഞ്ഞൊടുങ്ങി. നായകന്‍ വിരാട് കോഹ്‌ലിയൊഴികെ മറ്റു താരങ്ങള്‍ക്കെല്ലാം ഇംഗ്ലീഷ് ബൗളിങ് നിരയെ ചെറുക്കാന്‍ കഴിഞ്ഞില്ല.

ബാറ്റിങ് ദുര്‍ബലമാവുന്ന ഇന്ത്യ

പരമ്ബരയില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 544 റണ്‍സോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നായകന്‍ വിരാട് കോഹ്‌ലിയെ മാറ്റിനിര്‍ത്തിയാല്‍ അമ്ബേ പരാജയമാണ് ഇന്ത്യന്‍ ബാറ്റിങ് നിര. പരമ്ബരയിലുടനീളം രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ നായകന്റെ സംഭാവന. നാലാം ടെസ്റ്റില്‍ ഫോമിലേക്കുയര്‍ന്ന പൂജാരയും രഹാനെയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റ് മല്‍സരവിജയം വിദൂരത്തല്ല. എന്നാല്‍ ഈ പരമ്ബരയില്‍ ഫോമിലേക്കുയര്‍ന്ന താരങ്ങളെല്ലാം സ്ഥിരത കൈവരിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതു തന്നെയാണ് ഇന്ത്യന്‍ ബാറ്റിങിനെ അലട്ടുന്ന പ്രധാന പ്രശ്‌നവും. പരമ്ബരയുടെ തുടക്കത്തില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച ശിഖര്‍ ധവാനും ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി. ഓപണിങില്‍ ഫോം കണ്ടെത്താന്‍ ഉഴലുന്ന ലോകേഷ് രാഹുലിന് പകരം യുവതാരം പൃത്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. കൂടാതെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഹനുമാ വിഹാരിയെ ഇറക്കുന്ന കാര്യവും ടീം ആലോചനയിലുണ്ട്.

ബൗളിങില്‍ പ്രതീക്ഷ

ഇന്ത്യന്‍ ബാറ്റിങിനെ അപേക്ഷിച്ച്‌ ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയ്ക്ക് മേല്‍ക്കോയ്മ നല്‍കാറുള്ള ബൗളിങ് പട ചില ടേണിങ് പോയിന്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രതീക്ഷിച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഫോം കണ്ടെത്തിയില്ലെങ്കിലും വിദേശ മണ്ണില്‍ ഫോം വീണ്ടെടുക്കുന്ന ഇശാന്ത് ശര്‍മയും പേസിങ് മികവില്‍ എല്ലായിടത്തും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന ജസ്പ്രീത് ബൂംറയും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകള്‍ കണ്ടെത്തുന്ന മുഹമ്മദ് ഷാമിയും ചേര്‍ന്നുള്ള ആക്രമണ നിര ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റുന്നുണ്ട്. എങ്കിലും ബാറ്റിങാണ് ഇന്ത്യയെ പേരുകേല്‍പ്പിക്കുന്നത്. പരമ്ബരയിലുടനീളം 15 വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഇശാന്ത് ശര്‍മയാണ് ബൗളിങിലെ തുറുപ്പുചീട്ട്. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്ത ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ഇറക്കുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തകര്‍ത്തടിക്കാന്‍ ഇംഗ്ലണ്ട്

നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 203 ന് കൂപ്പുകുത്തി പിന്നീട് മികച്ച തിരിച്ചു വരവിലൂടെ വെന്നിക്കൊടി നാട്ടിയതിന്റെ സന്തോഷത്തിലാണ് ഇംഗ്ലണ്ട്. ജെയിംസ് വിന്‍സിനെ മാറ്റിനിര്‍ത്തിയതൊഴിച്ചാല്‍ നാലാം ടെസ്റ്റില്‍ ഇറക്കിയ ടീമിനെ തന്നെയാണ് ആതിഥേയര്‍ അഞ്ചാം ടെസ്റ്റിലും ഇറക്കുക എന്നാണ് ഒടുവിലത്തെ വിവരം. കെന്നിങ്ടണ്‍ ഓവലില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ അലിസ്റ്റര്‍ കുക്കിന്റെ വിടവാങ്ങല്‍ മല്‍സരത്തില്‍ മാസ്മരിക പ്രകടനം പ്രതീക്ഷിക്കാമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. സാം കുറാന്റെയും ജോസ് ബട്ട്‌ലറിന്റെയും ജോ റൂട്ടിന്റെയും പ്രകടനങ്ങള്‍ ടീമിന്റെ വിജയത്തിന് നിര്‍ണായകമാകുന്നുണ്ട്. 19 വിക്കറ്റുകളോടെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ട് ബൗളിങ് പടയെ നയിക്കുമ്ബോള്‍ 14 വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും ഒഴിച്ചുകൂടാനാവാത്ത പങ്കാണ് ഇംഗ്ലണ്ട് ബൗളിങിന് നല്‍കുന്നത്. അവസാന ടെസ്റ്റില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ട മൊയീന്‍ അലിയും കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ബ്രിട്ടീഷ് ആരാധകര്‍ ലണ്ടനിലെ സ്റ്റേഡിയത്തില്‍ ഒത്തുചേരുന്നത്.

Related News