Loading ...

Home celebrity

എല്ലാവരുടെയും മാഷ‌്

പാര്‍ടിയെയും നേതാക്കളെയും വളഞ്ഞിട്ടാക്രമിച്ച ശത്രുക്കള്‍ക്കെതിരെ കരുത്തുറ്റ നാവും തൂലികയുമായിരുന്ന അദ്ദേഹം മാര്‍ക്‌സിസം ലെനിനിസത്തില്‍ അധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളിലൂടെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെയും എല്ലാവരുടെയും പ്രിയപ്പെട്ട മാഷായി മാറി. 'പ്രചാരകന്‍, പ്രക്ഷോഭകന്‍, സംഘാടകന്‍' എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൗത്യം നിര്‍വഹിക്കുന്നതില്‍ മാഷ് കാണിച്ച ആത്മസമര്‍പ്പണതുല്യമായ ഉത്തരവാദിത്തം മാതൃകാപരമാണ്. 
പത്രത്തെയും പത്രത്തിന്റെ രാഷ്ട്രീയത്തെയും ഒരുപോലെ അതിന്റെ സൂക്ഷ്മാംശത്തില്‍ അറിയുന്ന ചീഫ് എഡിറ്ററായിരുന്നു മാഷ്. കേരള ചരിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാള്‍വഴികളും മാത്രമല്ല, സാര്‍വദേശീയ ദേശീയ രംഗത്തെ ചെറുചലനംപോലും സൂക്ഷ്മമായി വീക്ഷിച്ച്‌ വിശകലനം ചെയ്യുകയും അത് പത്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ സദാ ഇടപെടുകയും ചെയ്തു.

ദേശാഭിമാനിയെ പൊതുസ്വീകാര്യതയുള്ള ഒന്നാക്കി മാറ്റുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. പത്രത്തെ അടിസ്ഥാന രാഷ്ട്രീയ സാമൂഹ്യമൂല്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലും കാര്യമായി ശ്രദ്ധിച്ചു. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജര്‍ എന്ന നിലയില്‍ നടത്തിപ്പിന്റെ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. 19 വര്‍ഷത്തോളം കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവര്‍ത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്ബനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദേശാഭിമാനിയെ കേരളത്തിലെ മൂന്നാമത്തെ പത്രമായി ഉയര്‍ത്തിയതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്. 
നന്നേ ചെറുപ്പത്തില്‍ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം അധ്യാപകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച്‌ ട്രേഡ്‌ യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗവുമായിരുന്നു. 1950ല്‍ 16-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 26 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച്‌ 1982ല്‍ വടക്കുമ്ബാട് ഹൈസ്‌കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു. അതേവര്‍ഷം പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി.

കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്ന മാഷ് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലബാര്‍ ദേവസ്വത്തിനു കീഴില്‍ ജീവനക്കാരെ സംഘടിപ്പിച്ച്‌ ട്രേഡ് യൂണിയന്‍ രൂപീകരിച്ചത് മാഷുടെ നേതൃത്വത്തിലാണ്. മൂന്നുതവണ പേരാമ്ബ്രയില്‍നിന്ന് നിയമസഭാംഗമായി. 1980- 82ല്‍ സിപിഐ എം നിയമസഭാ വിപ്പായിരുന്നു.

മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുനേടിയ അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയും അതില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തില്‍ തിരുത്തല്‍വാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനും എതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് സിപിഐ എമ്മിനൊപ്പം നിന്നു.

ആ ഘട്ടത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. വര്‍ഗസഹകരണ പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്‌, ഇടതു വലത് വ്യതിയാനങ്ങള്‍ക്കെതിരെ സൈദ്ധാന്തിക ജാഗ്രത നിലനിര്‍ത്താന്‍ മാഷ് നല്ല രീതിയില്‍ ഇടപെട്ടു. സിപിഐ എം രൂപീകരണത്തിന്റെ 50-ാം വാര്‍ഷികത്തിനിടയില്‍ ഉയര്‍ന്ന ചില വിവാദങ്ങളില്‍ ഇടപെട്ട് 1964ലെ പിളര്‍പ്പിനെ ദുരന്തമായി കാണുന്നവര്‍ക്ക് മാഷ് യുക്തിസഹമായ മറുപടി നല്‍കി. വലതുപക്ഷ അവസരവാദത്തിനെതിരെ ഉയര്‍ന്ന വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ മുമ്ബന്തിയില്‍ത്തന്നെ നിലയുറപ്പിച്ചു. രാഷ്ട്രീയ സൈദ്ധാന്തികരംഗത്തെ ഇടപെടലുകളിലൂടെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘടനയുടെയും പ്രസക്തി സാധാരണക്കാരിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന അതുല്യമാണ്. ഇടതുപക്ഷ തീവ്രവാദക്കാരുയര്‍ത്തിയ വ്യക്തി ഉന്മൂലന സിദ്ധാന്തത്തെയും അരാജകപ്രവര്‍ത്തനങ്ങളെയും മാഷ് തുറന്നുകാട്ടി. വലത് ഇടത് നയവ്യതിയാനങ്ങള്‍ക്കും വിഭാഗീയതയ്ക്കുമെതിരെ കേരളത്തിലെ പ്രസ്ഥാനത്തിനകത്ത് നടന്ന ആശയസമരത്തില്‍ സുപ്രധാന പങ്കുവഹിച്ചു. യുഡിഎഫ് ഭരണകാലത്ത് ഒഞ്ചിയത്തുണ്ടായ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പാര്‍ടി നേതാക്കളെ വേട്ടയാടാനും കള്ളക്കേസില്‍ കുടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. അന്ന് പാര്‍ടിക്കെതിരെ രാഷ്ട്രീയവും ശാരീരികവുമായ കടുത്ത ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഈ ആക്രമണങ്ങളെ നേരിടാന്‍ ആശയപരമായും സംഘടനാപരമായും മൂര്‍ത്തിമാഷ് നേതൃത്വം നല്‍കിയത് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മഹാരഥന്മാരായ നേതാക്കളെയെല്ലാം മാഷ് പരിഭാഷപ്പെടുത്തിയത് ഗൗരവമേറിയ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന നിലയ്ക്കുതന്നെയാണ്. ഒരധ്യാപകന്റെ പാടവം പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലും മാഷ് പ്രകടിപ്പിച്ചു. പാര്‍ടി കോണ്‍ഗ്രസുകളിലെയും സമ്മേളനങ്ങളിലെയും ചര്‍ച്ചകളില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികളില്‍ മികച്ച സംഭാവന നല്‍കിയവരില്‍ പ്രധാന സ്ഥാനമുണ്ട് അദ്ദേഹത്തിന്. സിപിഐ എം കേന്ദ്ര പാര്‍ടി സ്‌കൂളിന്റെ ഭാഗമായ അദ്ദേഹം അതിഗഹനമായ വിഷയങ്ങള്‍പോലും ലളിതമായി പ്രതിപാദിച്ചു. കേരളീയമനസ്സിനെ ഇടതുപക്ഷത്തേക്ക് നയിക്കുന്നതില്‍ അതുല്യ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. സംശയങ്ങള്‍ നീക്കാനുള്ള നല്ല വഴി നിരന്തരമായ പാര്‍ടിവര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തനമാണെന്ന് മാഷ് ഉറച്ചുവിശ്വസിച്ചു. സൈദ്ധാന്തിക സംശയങ്ങള്‍ പ്രായോഗികപ്രവര്‍ത്തനത്തിലൂടെ പരിഹരിക്കുക എന്നത് അദ്ദേഹം ഓര്‍മിപ്പിച്ചു. എളിയ ജീവിതവും സത്യസന്ധതയുമായിരുന്നു മാഷിന്റെ കൈമുതല്‍. പാര്‍ടിനയവും ആശയങ്ങളും മുറുകെപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധനായി. തെറ്റ് കണ്ടാല്‍ തിരുത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തി.

ചില പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച്‌ മാധ്യമ സിന്‍ഡിക്കറ്റും ബൂര്‍ഷാ ബുദ്ധിജീവികളും വലതുപക്ഷ രാഷ്ട്രീയക്കാരും പാര്‍ടിയെയും നേതാക്കളെയും കടന്നാക്രമിച്ച കാലത്ത് മൂര്‍ത്തിമാഷിലെ ശക്തനായ പോരാളിയെ കേരളം കണ്ടു. ഈ സിപിഐ എം വിരുദ്ധ കൂട്ടുകെട്ടിന്റെ വിഷലിപ്ത പ്രചാരണം തുറന്നുകാട്ടിയ മാഷ് അവര്‍ക്കുനേരെ ചോദ്യശരങ്ങളുയര്‍ത്തി. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനെതിരെ പൊതുസമൂഹത്തില്‍ ഉയര്‍ന്ന സംശയങ്ങളും പാര്‍ടിയെ സ്‌നേഹിക്കുന്നവരുടെ അവ്യക്തതകളും നീക്കുന്നതില്‍ ദേശാഭിമാനിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വലിയ പങ്കാണ് വഹിച്ചത്. പാര്‍ടിയെ പിടിച്ചുലയ്ക്കാന്‍ പോകുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ട ദുഷ‌്‌പ്രവണതകള്‍ നുള്ളിക്കളയുന്നതിന് എന്നും ഓര്‍ക്കുന്ന പ്രത്യയശാസ്ത്ര പോരാട്ടമാണ് മാഷ് നടത്തിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അച്ചടക്കം പരമപ്രധാനമാണെന്നു കണ്ട അദ്ദേഹം അതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു.

മാധ്യമരംഗത്തെ അനഭിലഷണീയപ്രവണതകളും കമ്യൂണിസ്റ്റ് വിരുദ്ധതയും സംഘപരിവാര്‍ പക്ഷപാതിത്വവുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണിത്. ഹൈന്ദവവര്‍ഗീയത ആളിക്കത്തിച്ച്‌ സംഘപരിവാര്‍ രാജ്യത്താകെ നടത്തുന്ന അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മാധ്യമലോകം മടിച്ചുനില്‍ക്കുന്ന ഈ വേളയില്‍ പ്രതിലോമ ആശയങ്ങള്‍ക്കെതിരെ അചഞ്ചലനായി നിലകൊണ്ട മൂര്‍ത്തിമാഷിന്റെ സംഭാവനകള്‍ വിലമതിക്കപ്പെടുകതന്നെ ചെയ്യും.

പ്രളയദുരന്തത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സമയമാണിത‌്. കേന്ദ്ര അവഗണനയ‌്ക്കിടയിലും പുനരധിവാസ പ്രവര്‍ത്തനത്തിനുള്ള വിഭവങ്ങള്‍ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ‌് കേരളത്തിലെ സര്‍ക്കാരും ജനങ്ങളും. വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച‌് ഏറെ അനുഭവപരിചയമുള്ള മൂര്‍ത്തിമാഷിന്റെ പ്രവര്‍ത്തനമാതൃക ഈ വേളയില്‍ ഓര്‍മിച്ചുപോകവുകയാണ‌്.

തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ജനവിരുദ്ധനയങ്ങളെ ചെറുക്കാനും ദേശാഭിമാനിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രതിജ്ഞയെടുക്കുകയാണ് മാഷിന്റെ ഓര്‍മപുതുക്കാനുള്ള ഉചിതമായ മാര്‍ഗം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെല്ലാം എക്കാലവും മാതൃകയാക്കാവുന്ന ഉജ്വല വിപ്ലവകാരിയാണ‌് മാഷ്.

Related News