Loading ...

Home International

സ്വാര്‍ അണക്കെട്ട‌് തകര്‍ന്നു; മ്യാന്‍മറില്‍ വന്‍ പ്രളയം

നയ‌്പിദോ > കനത്ത മഴയെത്തുടര്‍ന്ന‌് അണക്കെട്ടിന്റെ സ‌്പില്‍വേ തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ സെന്‍ട്രല്‍ മ്യാന്‍മറില്‍ നിരവധി ഗ്രാമങ്ങള്‍ മുങ്ങി. വെള്ളപ്പൊക്കത്തില്‍ നൂറിലേറെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അപകടാവസ്ഥ കണക്കിലെടുത്ത‌് അരലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. വെള്ളപ്പൊക്കദുരന്തത്തില്‍ ആറുപേര്‍ മരിച്ചതായാണ‌് പ്രാഥമികറിപ്പോര്‍ട്ട‌്. നിരവധിപേരെ കാണാതായെന്ന‌് അലിന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട‌് ചെയ‌്തു.

ബുധനാഴ‌്ച പുലര്‍ച്ചെയോടെയാണ‌് അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായത‌്. കനത്ത വെള്ളപ്പാച്ചിലില്‍ സ്വാര്‍ അണക്കെട്ടിന്റെ സ‌്പില്‍വേ തകര്‍ന്നു. ഇതോടെ മഴവെള്ളം കുത്തിയൊഴുകി. നയ‌്പിദോ, യാങ്കൂണ്‍, മണ്ഡലയ‌്, ബാഗോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഒലിച്ചുപോയി. പലയിടങ്ങളിലും റെയില്‍ ട്രാക്കുകള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന‌് ട്രെയിന്‍ ഗതാഗതവും താറുമാറായി.

ആയിരക്കണക്കിന‌് വീടുകള്‍ വെള്ളത്തിനടിയിലായി. വീടുകളിലും മറ്റും കുടുങ്ങിയവരെ സൈന്യവും പൊലീസും ചേര്‍ന്ന‌് രക്ഷപ്പെടുത്തി. ഉള്‍ഗ്രാമങ്ങളിലെ വീടുകളില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ‌്. നൂറിലേറെ ചെറുഗ്രാമങ്ങള്‍ പ്രളയത്തിലകപ്പെട്ടു. ബാഗോ നഗരത്തിലാണ‌് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട‌് ചെയ‌്തത‌്. അണക്കെട്ടിന‌ുസമീപത്തെ ക്യാന്‍ ടാസു ഗ്രാമത്തില്‍ എട്ടടിയിലേറെ വെള്ളം പൊങ്ങി. 15,000 വീടുകളില്‍നിന്ന‌് അറുപതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചതായും ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക‌് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ‌്.

കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴയുണ്ടായെങ്കിലും അപകടസാധ്യതയില്ലെന്ന‌് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പ‌് ഇല്ലാത്തതിനാലാണ‌് പലരും നേരത്തെ ഒഴിഞ്ഞുപോകാതിരുന്നത‌്. ഡാമിന്റെ സുരക്ഷാപരിശോധന കഴിഞ്ഞ‌് 24 മണിക്കൂറിനകമാണ‌് കനത്ത വെള്ളപ്പൊക്കമുണ്ടായത‌്. കഴിഞ്ഞ ജൂണ്‍മുതല്‍ കനത്ത‌് പെയ്യുന്ന മഴയെത്തുടര്‍ന്ന‌് ഇതിനകം രണ്ടുലക്ഷത്തിലേറെപ്പേരാണ‌് മ്യാന്‍മറില്‍ ഭവനരഹിതരായത‌്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ‌്.

Related News