Loading ...

Home sports

ദേശീയ ടീമില്‍ കളിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാറേയില്ല: സഞ്ജു സാംസണ്‍

ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ്‌ ടീമിലൂടെ ജനശ്രദ്ധ നേടിയ താരമാണ് മലയാളി കൂടിയായ സഞ്ജു സാംസണ്‍. പക്വതയാര്‍ന്ന ബാറ്റിങ് ശൈലിയാണ് സഞ്ജുവിനെ മറ്റ് യുവതാരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. എന്നാല്‍ പല നിര്‍ണ്ണായക മത്സരങ്ങളിലും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സഞ്ജുവിനെയും ആരാധകര്‍ കണ്ടിട്ടുണ്ട്. ഈ അടുത്ത കാലത്തായി മികച്ച ഫോമിലാണെങ്കിലും ദേശീയ ടീം പ്രവേശനം മാത്രം താരത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ദേശീയ ടീമിലെത്തുന്നതിനെ കുറിച്ച്‌ താനിപ്പോള്‍ ചിന്തിക്കാറേയില്ലെന്നാണ് താരം പറയുന്നത്.

"ദേശീയ ടീമില്‍ സെലക്ഷന്‍ കിട്ടുന്നതിനെ കുറിച്ച്‌ ഞാനിപ്പോള്‍ ചിന്തിക്കാറേയില്ല. കാരണം അതും ആലോചിച്ചിരുന്നാല്‍ കളിയിലുള്ള ശ്രദ്ധ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ ഓരോ കളിയും നന്നായി കളിക്കാന്‍ മാത്രമാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്, ഒരു നല്ല ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും. ഓരോ തവണ ഫീല്‍ഡിലേക്കിറങ്ങുമ്ബോഴും ഒരു പ്രത്യേക സന്തോഷമാണ്", സഞ്ജുവിന്റെ വാക്കുകള്‍.

ഇന്ത്യന്‍ ദേശീയ ടീമിനായി ഒരിക്കല്‍ മാത്രമാണ് സഞ്ജുവിന് പാഡ് കെട്ടാന്‍ അവസരം ലഭിച്ചത്. 2015 ല്‍ സിംബാബ്‍വെയ്ക്കെതിരെയായിരുന്നു സഞ്ജുവിന്റെ ഏക ദേശീയ മത്സരം. അതിന് ശേഷം പലവട്ടം മികച്ച പ്രകടനം കാഴ്ചവച്ച്‌ ദേശീയ ടീമിലെത്തുമെന്ന് കരുതിയെങ്കിലും താരം തഴയപ്പെടുകയായിരുന്നു. നിലവില്‍ ഇന്ത്യ എ ടീമില്‍ അംഗമാണ് സഞ്ജു.

ഐപിഎല്ലില്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സഞ്ജു ഡല്‍ഹിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലായിരുന്ന സഞ്ജു രഞ്ജി ട്രോഫിയില്‍ കേരളത്തിനായും നല്ല രീതിയില്‍ ബാറ്റ് വീശിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 81 മത്സരങ്ങള്‍ കളിച്ച സഞ്ജു 1867 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് ക്രിക്കറ്റ്‌ ആരാധകര്‍ സാക്ഷിയായിട്ടുണ്ട്.

Related News