Loading ...

Home International

നെടുമ്ബാശേരി സജ്ജം; ആദ്യ വിമാനം ഇന്ന്‌ ഉച്ച‌യ‌്ക്ക‌്

കൊച്ചി > പ്രളയ ജലത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളം ബുധനാഴ‌്ച മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ബുധനാഴ്‌ച ഉച്ചകഴിഞ്ഞു രണ്ട‌് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഉച്ചയക്ക് രണ്ടിന് ആദ്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും വിമാനക്കമ്ബനികള്‍ സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു.

വെള്ളം കയറി താറുമാറായ റണ്‍വേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുകയും ജീവനക്കാരുടെ ലഭ്യത എയര്‍ലൈനുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
കനത്തമഴയും ഡാമുകള്‍ തുറക്കുകയും ചെയ്തതുമൂലം പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെയാണ് നെടുമ്ബാശേരി വിമാനത്താവളവും സമീപ പ്രദേശങ്ങളും വെള്ളത്തിനടയിലായത്. ഇതേ തുടര്‍ന്ന് 15 മുതലാണ് വിമാനത്താവളം അടച്ചിട്ടത്. പ്രളയ ജലത്തിന്റെ കുത്തൊഴുക്കില്‍ വിമാനത്താവളത്തിന്റെ ചുറ്റു മതിലിന്റെ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ‌് സ്റ്റാന്‍ഡുകളും ടെര്‍മിനല്‍ കെട്ടിടങ്ങളും വെള്ളത്തിലായി. റണ്‍വേയക്ക് കേടു പറ്റിയില്ലെങ്കിലും വെള്ളം ഇറങ്ങിയതോടെ പലഭാഗത്തും ചെളിയടിഞ്ഞു. മൊത്തം 300 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് വിലയിരുത്തല്‍.

വെളളമിറങ്ങിയശേഷം 20 മുതല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ എട്ടു ദിവസം വിവിധ ഷിഫ്റ്റുകളിലായി ആയിരത്തോളം പേര്‍ 24 മണിക്കൂറും നടത്തിയ പ്രയ്തനത്തിനൊടുവിലാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. തകര്‍ന്ന ചുറ്റുമതില്‍ പത്തടി ഉയരത്തില്‍ താല്‍ക്കാലികമായി പുനര്‍ നിര്‍മിച്ചു. വെള്ളപ്പൊക്കത്തില്‍ കേടുപറ്റിയ നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്സോ യന്ത്രങ്ങള്‍,വൈദ്യുതി വിതരണ സംവിധാനം,ജനറേറ്ററുകള്‍,800 ഓളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം പുനസ്ഥാപിച്ചു. എട്ടു സൗരോര്‍ജ്ജ പ്ലാന്റകളില്‍ പകുതിയോളം ചാര്‍ജിങ‌് നടത്തി. മൂന്നു ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ഏപ്രണ്‍ ലോഞ്ചുകള്‍ എന്നിങ്ങനെ 30 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ചെളിക്കെട്ടുണ്ടായിരുന്നു. നാലു ദിവസം കൊണ്ട് ഇവിടെ ശൂചീകരണം പൂര്‍ത്തിയാക്കാനായി. ഈ മാസം 27 ന് തന്നെ റണ്‍വേ ഉപയോഗക്ഷമമാക്കിയിരുന്നു. തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ സംയുക്ത യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുന്‍നിശ്ചയ പ്രകാരം 29 ന് തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. ബുധനാഴ‌്ച ഉച്ചമുതല്‍ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ ഒരുമിച്ച്‌ തുടങ്ങും.ഇത് സംബന്ധിച്ച്‌ അറിയിപ്പുകള്‍ വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട‌്.

എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ‌്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ എല്ലാം പ്രവര്‍ത്തിച്ചു തുടങ്ങി. നെടൂമ്ബാശേരി വിമാനത്താവളം അടച്ചതിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ആരംഭിച്ച കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ബുധനാഴ‌്ച അവസാനിപ്പിക്കും.

Related News