Loading ...

Home Gulf

സ്വര്‍ണ കേക്ക് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എട്ടാം ക്ലാസുകാരി

ദുബായ്: പിറന്നാള്‍ദിനത്തില്‍ അച്‌ഛന്‍ സമ്മാനമായി നല്‍കിയ സ്വര്‍ണ കേക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എട്ടാം ക്ലാസുകാരി. ദുബായ് ഡല്‍ഹി പബ്ലിക് സ്കൂട്ടിലെ വിദ്യാര്‍ത്ഥിനിയായ പ്രണതി എന്ന മിന്നുവാണ് അരകിലോയോളം ഭാരമുളള സ്വര്‍ണ കേക്ക് പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമായി നല്‍കിയത്.

മേയ് അഞ്ചിനായിരുന്നു മിന്നുവിന്റെ പന്ത്രണ്ടാം പിറന്നാള്‍. അന്ന് പിതാവ് വിവേക് നല്‍കിയ അപൂര്‍വ്വ സമ്മാനമായ സ്വര്‍ണ കേക്ക് മിന്നു ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തിലെ പ്രളയത്തെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മിന്നു അറിയുന്നുണ്ടായിരുന്നു. ദുബായിലിരുന്ന് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അച്ഛന്‍ ഏകോപിപ്പിക്കുന്നതും മിന്നു നേരിട്ടു കണ്ടു. ഇതോടെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം ദിര്‍ഹത്തോളം (19 ലക്ഷം രൂപ) വില വരുന്ന കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ പിതാവിനോട് ആവശ്യപ്പെട്ടത്.

ദുബായിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍നിന്നാണ് വിവേക് മകള്‍ക്കായി സ്വര്‍ണ കേക്ക് നല്‍കിയത്. മകളുടെ ആഗ്രഹം അറിയിച്ചപ്പോള്‍ സ്വര്‍ണ കേക്ക് തിരിച്ചെടുത്ത് തത്തുല്യമായ പണം നല്‍കാമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അറിയിച്ചു. ദുബായ് ജബല്‍അലിയിലെ വിവേകിന്റെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മിന്നുവില്‍ നിന്ന് മാതൃഭൂമി ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രന്‍ കേക്ക് സ്വീകരിച്ചു. അത് കൊടുത്തുകിട്ടുന്ന പണം 'കേരളത്തിനൊരു കൈത്താങ്ങ്' എന്ന മാതൃഭൂമിയുടെ സംരംഭത്തിലൂടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

Related News