Loading ...

Home National

തരൂരിന് കോടതി യാത്രാനുമതി നല്‍കി

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസില്‍ വിദേശയാത്ര നിഷേധിക്കപ്പെട്ട ശശി തരൂര്‍ എംപിക്ക് ഐക്യരാഷ്ട്രസഭ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കി. കേസ് പരിഗണിക്കുന്ന പട്യാല കോടതിയാണ് തരൂരിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ജനീവയില്‍ എത്തുന്നത്.

കൂടാതെ കഴിഞ്ഞ ദിവസം അന്തരിച്ച ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും. തരൂരിന് വിദേശയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഈ മാസം ആദ്യം നീക്കിയിരുന്നു.
അമേരിക്ക,​ കാനഡ,​ ജര്‍മനി അടക്കം അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. അതേസമയം, തരൂര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കോടതി മുന്‍പാകെ ഹാജരായി ജാമ്യം എടുത്തിട്ടുണ്ടെന്നതും കണക്കിലെടുത്താണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതെന്ന് ജഡ്ജി സമര്‍ വിശാല്‍ പറ‍ഞ്ഞു.

എന്നാല്‍ നിബന്ധനകളോടെയാണ് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. യാത്ര പോകുന്നതിന് മുന്‍പ് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം. മടങ്ങിവന്ന ശേഷം ഈ തുക തരൂരിന് മടക്കി നല്‍കും. അതുകൂടാതെ യാത്രാ വിശദാംശങ്ങള്‍ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ മെയ്‌ 14നാണ്​ സുനന്ദ പുഷ്കറുടെ ആത്മഹത്യക്കേസില്‍ ശശി തരൂരിനെ പ്രതിയാക്കി മെട്രോ പൊളിറ്റന്‍ മജിസ്​ട്രേറ്റ്​ ധര്‍മേന്ദ്ര സിങ് മുന്‍പാകെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്​. പിന്നീട് കേസ് അഡീഷണല്‍ ചീഫ്​ മെട്രോ പൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു.

കുറ്റപത്രം നിരീക്ഷിച്ച കോടതി ജൂലൈ 7ന് തരൂരിനോട്‌ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. അതുകൂടാതെ, തരൂരിനെതിരെ ക്രൂരതയ്ക്കും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കാന്‍ തക്കതായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

Related News