Loading ...

Home cinema

നടന്‍ മാത്രമല്ല , മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സേട്ടന്: പൃഥ്വിരാജ്

ഈ വര്‍ഷത്തെ താരം ഇന്ദ്രന്‍സാണ്.ഇത്തവണത്തെ കേരള സംസ്ഥാന സിനിമ പുരസ്കാരത്തില്‍ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഇന്ദ്രന്‍സിനെ പ്രശംസിച്ച്‌ നടന്‍ പൃഥ്വിരാജും നടി മഞ്ജു വാര്യരും. ഇന്ദ്രന്‍സിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയ്ക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങള്‍ സമ്മാനിച്ച നടനാണ് ഇന്ദ്രന്‍സ്.

ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ. പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് വച്ച്‌ ഇന്ദ്രന്‍സിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.മിരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രം മുതലുളള അടുപ്പമാണ് അദ്ദേഹവുമായി. അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ വിളി കേള്‍ക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥപാത്രങ്ങളിലേക്കുള്ള തുടക്കം മാത്രമാകട്ടെ ഇത്, കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പൃഥ്വിരാജ് ആശംസിച്ചു.

നടി മഞ്ജു വാര്യരും ഇന്ദ്രന്‍സിനെ പറ്റി വാചാലയായി.ഇന്ദ്രന്‍സേട്ടന്റെഅഭിനയശേഷിയെക്കുറിച്ചൊന്നുമല്ല എനിക്ക് പറയാനുള്ളത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. കണ്ണിനു കാണാന്‍ പോലും കഴിയാത്ത എനിക്ക് അവാര്‍ഡ് നേടിത്തന്ന നിങ്ങളെയൊക്കെ സമ്മതിക്കണം എന്ന്. അദ്ദേഹത്തിന് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണത്. ഇന്ദ്രന്‍സേട്ടന്‍ കണ്ണിനു കാണാന്‍ കഴിയാത്ത ആളല്ല, ഞങ്ങളൊക്കെ കണ്‍നിറയെ അത്ഭുതത്തോടെ നോക്കി കാണുന്ന ആളാണ്, മഞ്ജു പറഞ്ഞു.സിനിമയില്‍ താന്‍ ഒരുപാട് സ്‌നേഹിച്ച, തന്നെ ഒരുപാട് സ്‌നേഹിച്ചവരൊക്കെ ഇവിടെയുണ്ടെന്നും അവരുടെ ഒക്കെ അളവ് തന്റെ പോക്കറ്റില്‍ ഉണ്ടെന്നും പറഞ്ഞായിരുന്നു ഇന്ദ്രന്‍സ് തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. സിനിമയില്‍ ഒരു തുന്നല്‍ക്കാരനായാണ് താന്‍ ജോലി തുടങ്ങിയത്. ആരാധന തോന്നിയ എത്രയോ പേരെ കാണാനും തൊടാനും സാധിച്ചു. അവരോടൊപ്പമുള്ള സഹവാസമാണ് തന്നെ ഒരു നടനാക്കിയതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Related News