Loading ...

Home Gulf

വായ്പാ കുടിശ്ശിക: അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്

ദുബൈ: കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്‍െറ ഉടമ എം.എം രാമചന്ദ്രനെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തതായി റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേയും ഗള്‍ഫ് നാടുകളിലേയും 15 ബാങ്കുകള്‍ക്കായി രാമചന്ദ്രന്‍ 50 കോടി ദിര്‍ഹം തിരിച്ചടക്കാനുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. രാമചന്ദ്രനുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ളെന്നും അറ്റ്ലസ് കമ്പനി അധികൃതര്‍ അറസ്റ്റിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ളെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു (http://goo.gl/ewttZI). പണമില്ലാതെ ചെക്ക് മടങ്ങിയ കേസില്‍ പ്രൊസിക്യൂട്ടറുടെ ഉത്തരവനുസരിച്ച് ആഗസ്റ്റ് 23ന് രാമചന്ദ്രനെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവിനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. വണ്ടിച്ചെക്ക് യു.എ.ഇയില്‍ ക്രിമിനല്‍ കേസായാണ് പരിഗണിക്കുന്നത്. ആഗസ്ത് 23 മുതല്‍ രാമചന്ദ്രനും മകളും പൊലീസ് കസ്റ്റഡിയിലാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.1981ല്‍ അറ്റ്ലസ് ജ്വല്ലറി എന്ന പേരില്‍ രാമചന്ദ്രന്‍ കുവൈത്തില്‍ തുടങ്ങിയ സ്വര്‍ണ വ്യാപാരം ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ദുബൈയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഗള്‍ഫ് നാടുകളിലും കേരളത്തിലുമായി അറ്റ്ലസ് ഗ്രൂപിന് 50 ജ്വല്ലറികളുണ്ട്. കൂടാതെ മസ്കത്തില്‍ രണ്ട് ആശുപത്രികളും. ദുബൈ സ്വര്‍ണ വ്യാപാര മേഖലയില്‍ ദശകങ്ങളായി നിറഞ്ഞ സാന്നിധ്യമായ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായതായി നേരത്തെ ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് തുടങ്ങിയ ഗള്‍ഫ് മാധ്യമങ്ങളിലാണ് വാര്‍ത്ത വന്നത്. എന്നാല്‍, ഉടമയുടേയോ മകളുടേയോ പേര് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അറ്റ്ലസ് ജ്വല്ലറി ഉടമ എം.എം.ആര്‍ എന്നാണ് ഗള്‍ഫിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് സൂചിപ്പിച്ചിരുന്നത്. എം.എം.ആറിനെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ളെന്നും അദ്ദേഹവും മകളും ബര്‍ ദുബൈയിലെ തടവു കേന്ദ്രത്തിലാണെന്നുമായിരുന്നു ഖലീജ് ടൈംസ് വാര്‍ത്ത.വ്യാപാര, വാണിജ്യ രംഗത്തിനു പുറമെ മലയാള സിനിമ മേഖലയിലും അറിയപ്പെടുന്ന രാമചന്ദ്രനെ കാണാനില്ളെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ രാമചന്ദ്രനോ അദ്ദേഹത്തിന്‍െറ കമ്പനി അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. വായ്പ നല്‍കിയ ബാങ്കുകള്‍ യോഗം ചേര്‍ന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. ബാങ്കുകളുടെ യോഗത്തില്‍ ചിലര്‍ നിയമ നടപടികളുമായി മുന്നോട്ടു പോവണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ചിലര്‍ കടം എഴുതിത്തള്ളാന്‍ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ബാങ്ക് ഓഫ് ബറോഡക്ക് മാത്രം ഏഴൂ കോടി ദിര്‍ഹം കിട്ടാക്കടമുണ്ടെന്ന് പറയുന്നു. അറസ്റ്റ് വാര്‍ത്തയെ തുടര്‍ന്ന് അറ്റ്ലസ് ജ്വല്ലറികളിലെ വ്യാപാരം ഗണ്യമായി കുറഞ്ഞതായി ഗള്‍ഫ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Related News