Loading ...

Home Education

തുറക്കുന്നു ‘നീല’ രഹസ്യത്തിന്റെ നിലവറ

ഈജിപ്ഷ്യൻ മമ്മികൾക്കൊപ്പം മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ പാതി പോലും കുഴിച്ചെടുക്കാനായിട്ടില്ല ഇപ്പോഴും ശാസ്ത്രലോകത്തിന്. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളായും കെട്ടുകഥകളായും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മമ്മികൾ രഹസ്യത്തിന്റെ നിഗൂഢ പിരമിഡുകളിൽ നിശബ്ദമായുറങ്ങുകയാണ്. അങ്ങനെയിരിക്കെയാണ് ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും പുതിയൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അതും വലിയൊരു രഹസ്യത്തിലേക്ക് തുറക്കുന്ന ചെറിയൊരു താക്കോലുമായി. ഈജിപ്ഷ്യൻ ബ്ലൂ എന്നറിയപ്പെടുന്ന നിറവുമായി ബന്ധപ്പെട്ടതായിരുന്നു ആ രഹസ്യം. പല ഈജിപ്ഷ്യൻ മമ്മി പോർട്രെയിറ്റുകളിലും ഈ നിറം ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. അതിലെന്താണ് ഇത്ര രഹസ്യാത്മകത എന്നു ചോദിക്കാൻ വരട്ടെ. ഇത്തരം ചിത്രങ്ങളിൽ പെട്ടെന്നു നോക്കിയാൽ തിരിച്ചറിയാനാകാത്ത വിധമാണ് ഈ നിറത്തിന്റെ പ്രയോഗം. ചില പ്രത്യേക ആംഗിളുകളിൽ പ്രകാശവും എക്സ് റേയുമെല്ലാം പതിപ്പിച്ചാൽ മാത്രമേ ഇവയുടെ തിളക്കം വഴി തിരിച്ചറിയാൻ പറ്റൂ. അതായത് നഗ്നനേത്രങ്ങൾക്കു മുന്നിൽ അദൃശ്യമെന്നർഥം.

mummy1
പോർട്രെയിറ്റുകൾ വരയ്ക്കുന്നതിനു മുന്നോടിയായി അടിത്തറയൊരുക്കുന്ന ‘അണ്ടർ ഡ്രോയിങ്ങുകളാ’ണ് ഇത്തരത്തിൽ ഈജിപ്ഷ്യൻ ബ്ലൂ ഉപയോഗിച്ച് വരച്ചിരിക്കുന്നത്. ഡാവിഞ്ചി ഉൾപ്പെടെയുള്ള ചിത്രകാരന്മാർ തങ്ങളുടെ രഹസ്യാത്മക ചിത്രരചനാരീതിയിൽ ഇത്തരം സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഓരോ ചിത്രത്തിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോലാണ് ഇത്തരം അണ്ടർ ഡ്രോയിങ്ങുകൾ. ഈജിപ്ഷ്യൻ നീല ഉപയോഗിച്ച് എന്തുരഹസ്യമാണ് പഴയകാല ചിത്രകാരന്മാർ ഒളിപ്പിച്ചതെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഈ കണ്ടെത്തലിനു നേതൃത്വം നൽകിയ കയ്റോവിലെ ഒരു കൂട്ടം സർവകലാശാല ഗവേഷകരും ശാസ്ത്രജ്ഞരും.3200–3000 ബിസി കാലത്ത് മനുഷ്യൻ ആദ്യമായുണ്ടാക്കിയ കൃത്രിമ നിറമാണ് ഈജിപ്ഷ്യൻ ബ്ലൂ. സിലിക്കയും ചുണ്ണാമ്പുകല്ലും ചെമ്പുമൊക്കെ പ്രത്യേക ആനുപാതത്തിൽ ചേർത്തായിരുന്നു ഇതിന്റെ നിർമാണം. ഈജിപ്ഷ്യൻ ഫറവോമാരുടെ കാലത്ത് ചിത്രരചനയിലും പ്രതിമ നിർമാണത്തിലുമെല്ലാം ഈ നീലനിറം ഉപയോഗിച്ചിരുന്നു. പക്ഷേ ചെലവേറിയ നിർമാണ പ്രക്രിയ കാരണം അത്യന്തം അപൂർവമായ രചനകൾക്ക് മാത്രമായിരുന്നു ഇവയുടെ ഉപയോഗം. സ്വർഗത്തിന്റെയും പ്രപഞ്ചത്തിന്റെയും നിറമായിരുന്നു ഈജിപ്തുകാർക്ക് ഈ നീല. ഒപ്പം ജലത്തിന്റെയും നൈൽ നദിയുടെയും നിറവും.ഒന്നാം നൂറ്റാണ്ടിലാണ് മമ്മി പോർട്രെയിറ്റുകൾ എന്ന ചിത്രരചനാരീതി ഈജിപ്തിൽ വേറുറപ്പിക്കുന്നത്. മരത്തടികളിലും പാപ്പിറസ് താളുകളിലും മറ്റും ഓരോരുത്തരുടെയും പോർട്രെയിറ്റ് തയാറാക്കുന്ന രീതിയായിരുന്നു ഇത്. മരിച്ചവർക്കൊപ്പം അടക്കം ചെയ്യാനായിരുന്നു ഈ ചിത്രം. മിക്ക ശവപ്പെട്ടികളിലും മൃതശരീരത്തിന്റെ മുഖത്തോടു ചേർത്തുവച്ച രീതിയിലായിരിക്കും മമ്മി പോർട്രെയിറ്റുകൾ. മരിച്ചയാളുടെ ചിത്രമാണ് അതെന്നാണ് കരുതപ്പെടുന്നത്. ശസ്ത്രക്രിയക്ക് മുൻപ് ഡോക്ടർമാർ മുഖത്ത് അടയാളമിടുന്നതുപോലെ കൃത്യമായ അളവുകളോടെ സൂക്ഷ്മമായിട്ടായിരുന്നു ഈ ചിത്രങ്ങളുടെ രചന. 200 വർഷക്കാലം ഈ രീതി ഈജിപ്തിൽ തുടർന്നു. അതിനിടെ ചിത്രരചനയിൽ ലോകമെമ്പാടും ഗ്രീക്ക് സ്വാധീനം വന്നു. മമ്മി പോർട്രെയിറ്റുകളൊരുക്കി മൃതശരീരങ്ങളുടെ സമീപം വയ്ക്കുന്നതായിരുന്നു ഗ്രീക്ക് രീതി.മഞ്ഞ, വെള്ള, കറുപ്പ്, ചുവപ്പ് എന്നിവയായിരുന്നു ഗ്രീക്കുകാരുടെ പ്രധാന നിറങ്ങൾ. അതോടെ ഈജിപ്ഷ്യൻ നീലയുടെ ഗ്ലാമറും പോയി. രണ്ടാംനൂറ്റാണ്ടിൽ കണ്ടെത്തിയ പല മമ്മി പോർട്രെയിറ്റുകളിലും ഈ നിറങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അക്കാലത്തു വരച്ച 11 മമ്മി പോർട്രെയിറ്റുകളും നാല് പാനൽ പെയിന്റിങ്ങുകളും പരിശോധിച്ച ഗവേഷകരാണ് ഇവയിൽ ആറെണ്ണത്തിൽ ഒളിച്ചിരുന്ന് ‘ചിരിക്കുന്ന’ ഈജിപ്ഷ്യൻ നീലയെ കണ്ടെത്തിയത്. 1899–1900 കാലത്ത് ഈജിപ്തിൽ നിന്ന് കുഴിച്ചെടുത്ത ഈ ചിത്രങ്ങൾ ഏതാണ്ട് പൊടിയാറായ അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ എക്സ് റേ ഉപയോഗിച്ച് ഉൾപ്പെടെയുള്ള തുടർ പരീക്ഷണങ്ങൾക്കും ബുദ്ധിമുട്ടുകളേറെയാണ്.
Egyptian-papyrus-painting
അണ്ടർ ഡ്രോയിങ്ങുകൾക്ക് മാത്രമല്ല, ഓരോ പോർട്രെയിറ്റിലെയും വസ്ത്രങ്ങൾക്ക് പ്രത്യേക ‘എടുപ്പ്’ നൽകാനും നിഴലുകൾ സൃഷ്ടിക്കാനുമെല്ലാം ഈജിപ്ഷ്യൻ നീല ഉപയോഗിച്ചതായി തെളിഞ്ഞു. പക്ഷേ ഒറ്റനോട്ടത്തിൽ അത് ഗ്രീക്ക് രീതിയിൽ നാലുനിറങ്ങൾ മാത്രം ഉപയോഗിച്ച് വരച്ചതാണെന്നേ തോന്നുകയുള്ളൂ. പിന്നെന്തിനാണ് രഹസ്യമായി ചിത്രകാരന്മാർ ഈജിപ്ഷ്യൻ നീല ഉപയോഗിച്ചത്? ശാസ്ത്രലോകം കാത്തിരിക്കുകയാണ്, ആ രഹസ്യം പുറത്തുവരാനായി...

Related News