Loading ...

Home International

ഇന്ത്യൻ യുവാക്കളിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വർധിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ ഇന്ത്യൻ മുസ്‌ലിമുകളിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനമുള്ളതായി കേന്ദ്രസർക്കാർ. വളരെ ചെറിയ അളവിൽ മുസ്‌ലിമുകളിൽ ഐഎസിന്റെ സ്വാധീനമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഐഎസിന്റെ നയങ്ങളെ പിന്തുണയ്ക്കുന്നതിനും നിരന്തരമായി പിന്തുടരുന്നതിനും യുവാക്കൾ തയാറാകുന്നു. രഹസ്യാന്വേഷണ വിഭാഗം ദേശീയ തലത്തിൽ നടത്തിയ സർവെയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.ഇന്റർനെറ്റിലൂടെ ഐഎസിനെ പിന്തുണയ്ക്കുന്നവർ കൂടുതലുമുള്ളത് ഐടി നഗരങ്ങളായി ബെഗളൂരുവിലും ഹൈദരാബാദിലുമാണ്. ശ്രീനഗറിലും ഗുവാഹത്തിയിലും ഐഎസ് നിലയുറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. സാമൂഹിക മാധ്യമങ്ങളിൽ ഐഎസിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന നഗരങ്ങളിൽ ഒന്ന് മുംബൈയാണ്. ഐഎസിനെ പിന്തുണയ്ക്കുന്ന ഏകമെട്രോപൊളീറ്റൻ നഗരവും മുംബൈയാണ്. ആറു നഗരങ്ങളെയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഞ്ചാം സ്ഥാനമാണ് മുംബൈയ്ക്കുള്ളത്.ഇന്ത്യയിൽ മുസ്‌ലിമുകൾ അധികമായുള്ള ശ്രീനഗറിലാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കൂടുതൽ. ഗുവാഹത്തി, പൂനെയിലെ ചിഞ്ച്‌വാധ്, ഹൗറ, കൺപൂരിനു സമീപമുള്ള ഉന്നാവോ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളതെന്നും സർ‌വെയിൽ കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് സാമൂഹിക മാധ്യമങ്ങളിൽ കൂടി നടത്തുന്ന പ്രചരണങ്ങളെ ഇന്ത്യൻ യുവത്വവും പിന്തുണയ്ക്കുന്നുവെന്നത് സർക്കാർ പ്രധാന്യത്തോടെയാണെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ആവശ്യത്തിനു മുൻകരുതലുകളെടുത്തിട്ടുണ്ട്. ജമ്മു കശ്മീർ, അസം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഐഎസിന്റെ സ്വാധീനം വലുതാണെന്ന് സർവെയിൽ കണ്ടെത്തിയിട്ടുണ്ട്.

Related News