Loading ...

Home Business

ഇല്ല, നമ്മൾ ഭയപ്പെടേണ്ടതില്ല - by പ്രഫ. അമൻ അഗർവാൾ

കഴിഞ്ഞ രണ്ടു വർഷമായി, പ്രത്യേകിച്ച് ഒരു മാസമായി ഉണ്ടായ സാമ്പത്തികവും ധനപരവുമായ സംഭവവികാസങ്ങൾ സമ്പദ്‌വ്യവസ്ഥയെ ആകെ സ്വാധീനിക്കുന്നവയാണ്. ധനസ്ഥിരതയ്ക്ക് അപകടഭീഷണിയാകുന്ന കാര്യങ്ങളാണിവ. ഇതിനു ഗുണവും ദോഷവുമുണ്ട്.ഇതിന്റെ ഗുണപരമായ വശം വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ 2015–16 സാമ്പത്തികവർഷം മുൻ സാമ്പത്തികവർഷത്തെക്കാൾ മെച്ചപ്പെട്ട വളർച്ചനിരക്കു പ്രകടമാക്കുന്നു. എണ്ണവില കാര്യമായി കുറഞ്ഞതും അവശ്യസാധനങ്ങളുടെ വിലയിൽ കുറവുണ്ടായതും കുറഞ്ഞ പലിശനിരക്കുമെല്ലാം 2015–16ൽ വളർച്ചനിരക്കു മെച്ചപ്പെടാൻ സഹായിച്ചു.

2007–2013 കാലയളവിലെ സാമ്പത്തികമാന്ദ്യത്തെ നേരിടാൻ വികസിത – വികസ്വര രാഷ്ട്രങ്ങളിലെ കേന്ദ്ര ബാങ്കുകൾ നയങ്ങളിൽ വരുത്തിയ മാറ്റവും വളർച്ചയ്ക്ക് ഉത്തേജനം നൽകി. വികസിത യുഎസ്, യൂറോ മേഖല, ജപ്പാൻ എന്നിവിടങ്ങളിലെ വായ്പാരംഗത്തു സ്ഥിരത ദൃശ്യമായി. ഓഹരിവിപണികൾ കുതിച്ചു. യൂറോ, യെൻ എന്നിവയുടെ മൂല്യശോഷണം നാണ്യപ്പെരുപ്പത്തിന്റെ സൂചനകൾ നൽകി.ഇതേസമയം, സാമ്പത്തിക നയങ്ങളിലെ പരസ്പരം യോജിക്കാത്ത കാര്യങ്ങളുടെ ഫലമായി ഡോളറിന്റെ മൂല്യം കാര്യമായി ഉയർന്നു. 1981നുശേഷം മറ്റു കറൻസികൾക്കെതിരെ ഡോളർ ഇത്രയേറെ കരുത്താർജിക്കുന്നതും ഇതാദ്യമാണ്. ഡോളറുമായുള്ള മറ്റു കറൻസികളുടെ വിനിമയനിരക്കിൽ വന്ന ഈ മാറ്റം വളർച്ചനിരക്കിലും പ്രകടമായി. എണ്ണവില കാര്യമായി കുറഞ്ഞത് ആഗോളതലത്തിൽ സാമ്പത്തിക ഉണർവിനും സഹായിച്ചു. എങ്കിലും സാമ്പത്തിക സ്ഥിരതയ്ക്കു വെല്ലുവിളികളേറെയായിരുന്നു.വളർച്ചനിരക്കിലെ അടിസ്ഥാനഘടകങ്ങൾ മെച്ചപ്പെട്ടതിന്റെ ഗുണം പ്രകടമായെങ്കിലും സമീപകാലത്തു ചില മേഖലകളിലുണ്ടായ ആഘാതങ്ങൾ സമ്പദ്‌രംഗത്തിന്റെ പരിമിതികളെ തുറന്നുകാട്ടുകയും ചെയ്തു. സാമ്പത്തികസ്ഥിരതാ വെല്ലുവിളികളും വായ്പാമേഖലയിലെ മാറ്റങ്ങളും വികസിത – വികസ്വര വിപണികളിലെങ്ങും പ്രകടമാകുകയും ചെയ്തു. ബാങ്കുകളിലും മറ്റു സാമ്പത്തികസ്ഥാപനങ്ങളിലും ഓഹരിവിപണികളിലുമെല്ലാം ഇതിന്റെ അനുരണനമുണ്ടായി. നിലവിലുള്ള സംവിധാനം വെല്ലുവിളികൾ നേരിട്ടു.ആഗോള ഓഹരിവിപണികളെ കഴിഞ്ഞ മൂന്നാഴ്ചയായി ഉലയ്ക്കുന്ന ചുഴലിക്കാറ്റിനു പ്രധാനമായും കാരണമാകുന്നതു ചൈനയാണ്. ലോക സമ്പദ്‌വ്യവസ്ഥയ്ക്കു കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചൈനയുടെ സംഭാവന ഏറെ വലുതാണ്. ആഗോളവളർച്ചയും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാൻ മാത്രം സ്വാധീനം അവർക്കുണ്ടായി.ചൈനയുടെ കറുത്ത തിങ്കൾ (ഓഗസ്റ്റ് 24) ലോകമെങ്ങുമുള്ള ഓഹരിവിപണികളുടെ കറുത്ത തിങ്കളായി. വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ സൂചകമാണോ ഇതെന്നു ലോകം ചിന്തിച്ചുതുടങ്ങി. എന്നാൽ, 2010 മുതൽ വളർച്ചയുടെ പാതയിലായിരുന്ന ഏഷ്യൻ വിപണികളുടെ തിരുത്തലായി ഇതിനെ കാണാം.കഴിഞ്ഞ 24 മണിക്കൂറിൽ ആഗോള സമ്പദ്‌രംഗത്തുണ്ടായ വൻ ചലനങ്ങൾ ഇവയാണ്: ∙ യുഎസ് ഓഹരിവിപണി കഴിഞ്ഞ നാലു വർഷത്തെ ഏറ്റവും വലിയം നഷ്ടം നേരിട്ടു. ഡൗ ജോൺസ് സൂചിക ഒറ്റദിനം 588 പോയിന്റ് കുറഞ്ഞ് (3.5%) 15,871ൽ എത്തി. എസ് ആൻഡ് പി 500 പോയിന്റ് (3.9%) കുറഞ്ഞു. നസ്ഡാക്കിനു നഷ്ടം 3.8%. 1160 കോടി ഓഹരികളാണു വിപണിയിൽ കൈമറിഞ്ഞത്.∙ ലണ്ടനിൽ എഫ്ടിഎസ്ഇ 100 സൂചികയ്ക്കു നഷ്ടമായത് 7400 കോടി പൗണ്ട്. ഖനി ഓഹരികൾക്കായിരുന്നു ഏറ്റവും കനത്ത നഷ്ടം.∙ യൂറോപ്പിലെ ഓഹരിവിപണികൾ 2011നുശേഷം ഏറ്റവും വലിയം നഷ്ടം രേഖപ്പെടുത്തി. ∙ ഏഷ്യൻ വിപണികളിൽ ഓസ്ട്രേലിയൻ വിപണി 2009നുശേഷം ഏറ്റവും വലിയ നഷ്ടത്തിൽ. ജപ്പാന്റെ നിക്കി സൂചികയിൽ നാലു ശതമാനം ഇടിവ്.∙ ഇന്ത്യയുടെ ഓഹരിവിപണിയിൽ സെൻസെക്സിൽ 2009നുശേഷമുണ്ടായ ഏറ്റവും കനത്ത ഇടിവ്. നിക്ഷേപകരുടെ സമ്പത്തിൽ ഒറ്റദിനം ഉണ്ടായ ചോർച്ച ഏഴുലക്ഷം കോടി രൂപ.∙ എണ്ണവില നഷ്ടം കുറച്ചു നികത്തിയെങ്കിലും 2009ലെ വിലയായ 43.30 ഡോളറിൽ തുടരുന്നു.∙ ഏറ്റവും കനത്ത ആഘാതം ചൈനയ്ക്ക്. ഷാങ്ഹായ് സൂചിക 8.5% കുറഞ്ഞു. എണ്ണവിലയിലെ കയറ്റിറക്കങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം തടയാൻ ഇന്ത്യ 1988–89 മുതൽ പ്രത്യേക ഓയിൽ പൂൾ അക്കൗണ്ട് റിസർവ് ഉണ്ടാക്കിയിരുന്നു(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ചെയർമാനും പ്രഫസറുമായിരുന്ന ജെ. ഡി. അഗർവാൾ നൽകിയ നിർദേശം അന്നത്തെ ധനമന്ത്രി എൻ. ഡി. തിവാരി നടപ്പാക്കിയതിന്റെ ഫലം).2004–07ൽ എണ്ണവിലയിലുണ്ടായ വൻ വ്യതിയാനത്തിലും രൂപയുടെ മൂല്യശോഷണത്തിലും ഇന്ത്യ പിടിച്ചുനിന്നത് ഇതിന്റെ ബലത്തിലായിരുന്നു. യുഎസ് ഡോളറിന്റെ മൂല്യശോഷണത്തിന് അനുസൃതമായി രൂപയുടെ മൂല്യവർധന അനുവദിക്കുകയും ധനവികസനത്തിനു നിയന്ത്രണം ഏർപ്പെടുത്താതെയും ഇരുന്നാൽ രാജ്യത്തെ സാമ്പത്തികസ്ഥിതി മോശമാകുന്നതു തടയാനാകും.കുറെ വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുന്നതായാണ് മൂഡീസ് നിക്ഷേപക സേവന സൂചകങ്ങൾ വ്യക്തമാക്കുന്നത്. വരുംമാസങ്ങളിൽ ആഗോള ധന ഒഴുക്കിലുണ്ടാകുന്ന വൻമാറ്റത്തെ അതിജീവിക്കാൻ ഇന്ത്യയെ തുണയ്ക്കുന്ന കാര്യങ്ങളാണിവ.പണലഭ്യതാവളർച്ച 13 – 15 ശതമാനത്തിൽ നിയന്ത്രിച്ചു നിർത്താൻ റിസർവ് ബാങ്കും ശ്രദ്ധിക്കുന്നുണ്ട്. 2005–2008ൽ ഇതു 17 – 22% ആയിരുന്നു. നയരൂപീകരണത്തിൽ ആർബിഐ പ്രകടമാക്കുന്ന വൈദഗ്ധ്യവും വേണ്ടസമയത്തു വരുത്തുന്ന തിരുത്തലുകളും സാമ്പത്തികമേഖലയ്ക്കാകെ കരുത്തു പകരുന്നുണ്ട്. ഇടപാടുകൾ സുതാര്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയും നിഴൽബാങ്കുകളുടെ ഇടപാടുകൾ കർശനമായി നിയന്ത്രിച്ചും റിസർവ് ബാങ്ക് നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുണ്ട്.സെബി, ആർബിഐ, ധനമന്ത്രാലയം എന്നിവയിലെ പ്രതിസന്ധികൾ മുൻകരുതലുകൾ എടുക്കുന്നതിനും സഹായിച്ചു. ആഗോള സമ്പദ്‌രംഗത്തെ ചലനങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു കഴിയുന്നു.നിക്ഷേപനിരക്ക് 33 ശതമാനമായി തുടരാനാവുന്നു. 1995ൽ യുഎസിൽനിന്നും 1997–99ൽ ദക്ഷിണ – പൂർവ ഏഷ്യയിൽനിന്നും 2001–03ൽ യുഎസിൽനിന്നും 2008–12ൽ യൂറോപ്പിലും യുഎസിലുംനിന്നും മറ്റുമായി തിരിച്ചെത്തിയ തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇതു സഹായിച്ചു.ഇന്ത്യയിൽ കരുത്തുറ്റ സമാന്തര സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഏതു വലിയ മാന്ദ്യത്തെയും നേരിടാൻ കരുത്തുള്ളതാണിത്. 1.75% നിക്ഷേപനിരക്കും മൊത്തം ആഭ്യന്തര ഉൽപാദന നിരക്ക് ഔദ്യോഗിക സൂചകങ്ങളെക്കാൾ 1.5% കൂടുതലുള്ളതുമായ സമാന്തര വിപണിയാണിത്. വിദേശനാണ്യശേഖരം 38,000 കോടി ഡോളറിനടുത്തു നിൽക്കുന്നതും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു സുരക്ഷ ഒരുക്കുന്നു.നല്ല മഴ ലഭിച്ചതിനാൽ കാർഷികമേഖലയിൽ 2015–16ൽ അഞ്ചു ശതമാനം വളർച്ച നേടാനാവുന്നതും സർക്കാർ പദ്ധതികളിലൂടെ അടിസ്ഥാനസൗകര്യ മേഖലയിലുണ്ടായ കുതിപ്പും ആഗോള സമ്മർദങ്ങളെ കാര്യക്ഷമമായി അതിജീവിക്കാനും വിലക്കയറ്റത്തെ നേരിടാനും ഇന്ത്യയ്ക്കു കരുത്തേകുന്നു. 2017ൽ 2000 കോടി ഡോളറിന്റെ വിദേശനിക്ഷേപം പ്രതീക്ഷിക്കുന്നു. ഓഹരി – നാണയ വിപണികളിൽ ആവശ്യമായ തിരുത്തലുകൾക്ക് അവയെ നിയന്ത്രിക്കുന്ന ഏജൻസികൾ പ്രത്യേകശ്രദ്ധ ചെലുത്തുന്നു.പണലഭ്യത നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്കും കരുതലോടെ നീങ്ങുന്നു. ഇന്ത്യയിലെ ഓഹരിവിപണിക്ക് ആഗോളവിപണികളുമായി പങ്കാളിത്തം അനുവദിക്കാത്തതിനാൽ ആഗോളവിപണിയിലെ ചലനങ്ങളിൽനിന്ന് ഒട്ടൊക്കെ സംരക്ഷണവുമുണ്ട്.കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇടപാടുകളിൽ ക്രമക്കേടുകാട്ടിയ തൊള്ളായിരത്തിലേറെ കമ്പനികളെ സെബി വിലക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിദേശ ധനകാര്യസ്ഥാപനങ്ങൾ 3500 കോടിയിലേറെ രൂപ ഇന്ത്യയിലെ വിപണികളിൽനിന്നു പിൻവലിച്ചിരുന്നു.ഇന്ത്യ ഗ്രാമങ്ങളിലാണു ജീവിക്കുന്നത്. ജനസംഖ്യയിൽ 78 ശതമാനവും നിക്ഷേപത്തിൽ 87 ശതമാനവും കാർഷികമേഖലയും അനുബന്ധ സേവനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇന്ത്യയ്ക്ക് ആഗോള സാമ്പത്തികമാന്ദ്യത്തെ ഏറെ ഭയപ്പെടാനില്ല. ഇന്ത്യയിലെ ഓഹരിവിപണി രാഷ്ട്രത്തിന്റെ സമ്പത്തിന്റെ വെറും 8 – 12% മാത്രം വരുന്നതാണ്. അതുകൊണ്ടുതന്നെ 75% സമ്പത്ത് നിയന്ത്രിക്കുന്ന യുഎസ് – യൂറോപ്യൻ വിപണികളിലെ ചലനങ്ങൾ അവിടത്തെ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നതു നാം ഭയപ്പെടേണ്ടതുമില്ല.(ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിൽ പ്രഫസറും ‘ഫിനാൻസ് ഇന്ത്യ’ എക്സിക്യൂട്ടീവ് എഡിറ്ററുമാണു ലേഖകൻ)

Related News