Loading ...

Home Kerala

ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

തിരുവനന്തപുരം: മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കര്‍ക്ക് പരിക്കേറ്റതെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ സുദേഷ് കുമാര്‍ ആരോപിച്ചു. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചുവെന്ന പോലീസ് ഡ്രൈവറുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നീക്കം.

പോലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് സുദേഷ് കുമാര്‍ പരാതി നല്‍കിയിട്ടുള്ളത്. തന്റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം അലക്ഷ്യമായാണ് ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം ഓടിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. എഡിജിപി നല്‍കിയ പരാതിയും ഡിജിപി ലോക്‌നാഥ് ബഹ്‌റ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിട്ടുണ്ട്.

പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റുവെന്ന പരാതിക്ക് പിന്നാലെ എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍നിന്ന് നീക്കിയിരുന്നു. സുദേഷ് കുമാറിന്റെ മകള്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചുവെന്നും ദാസ്യവേലയ്ക്ക് നിര്‍ബന്ധിച്ചുവെന്നും ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ആയിരുന്നു നടപടി. മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് ഗവാസ്‌കറുടെ ഭാര്യ പരാതി കൈമാറിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പരാതി സ്വീകരിച്ചശേഷം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

Related News