Loading ...

Home celebrity

തിരനോട്ടം - by മധുസൂദനൻ കർത്താ


ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

മിനുക്കു വേഷത്തിൽ പതിനഞ്ചു കടക്കാത്തൊരു പയ്യൻ തന്റെ കഥകളി അരങ്ങേറ്റം നടത്തി. 85 വർഷം മുൻപ് കഥകളി അരങ്ങേറിയ അതേ വേദിയിൽ വീണ്ടും നാട്യാചാര്യനെത്തി. മിനുക്കണിഞ്ഞ് കിരാതത്തിലെ പരമശിവനായി ആടി. കഥകളി ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേൾക്കുമെന്നു കരുതാനാവാത്തതുമായ സംഗതി. നൂറാം വയസ്സിലേക്ക് കഥകളി ആടിക്കൊണ്ട് ഒരാളുടെ കടന്നുവരവ്.കോഴിക്കോട് ജില്ലയിലെ കീഴ്പയൂർ കുനിയിൽ പരദേവതാക്ഷേത്രത്തിലെ ആ അരങ്ങ് കഥകളിയുടെ ചരിത്രത്തിലെ സാമ്യമില്ലാത്ത അധ്യായമാണ്. ഒരു പക്ഷേ, 85 വർഷം നീണ്ട അരങ്ങുവാഴ്ചയുടെ ധനാശിയായിരുന്നു രണ്ടു മാസം മുൻപു നടന്ന ആ കഥകളി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് മുൻപിൽ കാലം തിരശ്ശീല മാറ്റിക്കൊടുക്കുകയാണ്. ആടിത്തീർക്കാൻ ഇനിയുമേറെ വേഷങ്ങൾ ബാക്കിയുണ്ടെന്നപോലെ...

മിഥുനത്തിലെ കാർത്തിക നക്ഷത്രത്തിൽ പിറന്നാളാഘോഷിക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ഇന്നു നൂറാം വയസ്സിലേക്കു തിരനോട്ടമാണ്. ആസ്വാദക ഹൃദയങ്ങളെ അനേകശതം കൃഷ്ണവേഷങ്ങളിലൂടെ കവർന്നെടുത്ത കഥകളി– നൃത്ത ആചാര്യന്റെ ജന്മശതാബ്ദി വർഷത്തിലേക്കുള്ള കാൽവയ്പ്. നെറ്റി നിറഞ്ഞ ഭസ്മക്കുറി, അതിനു മുകളിൽ പ്രകാശിക്കുന്ന കുങ്കുമക്കുറി, നെറ്റിയുടെ നടുവിൽ തിളങ്ങുന്ന കുങ്കുമ തിലകം. ഗുരുവിന്റെ മുഖത്തിനു പ്രായത്തിന്റെ വാട്ടം തെല്ലുമില്ല. ആ മനസ്സിലെ കലാപ്രേമത്തിനും കഥകളി ലഹരിക്കും ലേശമില്ല കോട്ടം. ജീവിതം സമ്പൂർണമേ ആസ്വാദ്യകരം... സജീവം.രാവിലെ ഗുരുവിനെ അങ്ങാടിയിൽ കാണാം. കാലത്തെഴുന്നേൽക്കും. തനിയെ ഷേവ് ചെയ്യും. അതിനു കണ്ണാടി വേണ്ട. പരസഹായം ഒന്നിനും േവണ്ട. അങ്ങാടിയിലേക്കുള്ള നടപ്പ് വേഗം കുറച്ചല്ല. അവിടെയെത്തിയാൽ അങ്ങാടി ഉണരുംപോലെ ഗുരുവും ഉണരും. ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങും. വാങ്ങിയവയുടെ ഫലം നോക്കും.
kiredam
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
പകൽ പ്രധാനം വായന. പത്രപാരായണം കഴിഞ്ഞാൽ കലയ്ക്കും ഭക്തിക്കും പ്രാധാന്യമുള്ള പുസ്തകങ്ങൾ വായിക്കും. പത്രവായനയിൽ ചരമവാർത്തകളുടെ േപജ് പ്രധാനം. പരിചയമുള്ള ആരെങ്കിലും മരിച്ചെന്നു കണ്ടാൽ ഉടനെ അവിടെ പോകണമല്ലോ.ഉദ്ഘാടനങ്ങൾക്കും സ്വീകരണങ്ങൾക്കും ആരു വിളിച്ചാലും ഗുരു വഴങ്ങും. അഥവാ, പറ്റില്ല എന്നു പറയാൻ അദ്ദേഹത്തിനറിയില്ല. പോയാൽ പരിപാടി കഴിയുംവരെ അവിടെയുണ്ടാകും. രാത്രി 11.30ന് ഉറക്കം. അതുവരെ ടിവി കാണും. പുരാണ പരമ്പരകളൊക്കെയാണു പ്രിയം. കഥകളിയുണ്ടെങ്കിൽ തേടിപ്പിടിച്ചു കാണും. എത്ര യാത്ര ചെയ്താലും ക്ഷീണം ബാധിക്കാറില്ല. സംസാരിക്കുമ്പോൾ ഓരോ വാചകത്തിനും മനോഹരമായ ചിരി അകമ്പടിയാണ്. അതുതന്നെയല്ലേ ഈ ആരോഗ്യത്തിന്റെ രഹസ്യവും. ഒപ്പം ചിട്ടയായ ജീവിതവും.നൃത്തസംഗീത പരിശീലനത്തിനു പ്രാധാന്യം നൽകുന്ന പൂക്കാട് കലാലയവും കഥകളിയുടെ യശസ്സുയർത്താൻ യത്നിക്കുന്ന ചേലിയ കഥകളി വിദ്യാലയവും ഗുരുവിന്റെ സാന്നിധ്യംകൊണ്ട് ഇന്നും അനുഗൃഹീതം.മതിവരാതെ കൃഷ്ണവേഷംകഥകളിയരങ്ങിൽ ഏറ്റവും കൂടുതൽ കൃഷ്ണവേഷം ചെയ്തത് ഗുരു ചേമഞ്ചേരിയാണോ എന്നതിനു കണക്കില്ല.‌ പക്ഷേ, എട്ടു പതിറ്റാണ്ടിലേറെ നീണ്ട അരങ്ങു ജീവിതത്തിൽ ഗുരു കെട്ടിയാടിയത് എണ്ണമറ്റ കൃഷ്ണവേഷങ്ങളാണ്. ഗുരുവിന് ഏറ്റവും പ്രിയം എന്നതുപോലെ ആസ്വാദകർക്കും ഏറെ പ്രിയം ആ കൃഷ്ണവേഷമായിരുന്നു. കുഞ്ഞിരാമൻ നായരുടെ ഗുരു കരുണാകര മേനോൻ തന്റെ പ്രിയ ശിഷ്യനു കരുതിവച്ചതും ആ പീലിത്തിരുമുടിയായിരുന്നു.സന്താനഗോപാലം, രുക്മിണീസ്വയംവരം, രാജസൂയം തുടങ്ങിയ കഥകളിലെയും കൃഷ്ണവേഷം ചെയ്തിട്ടുണ്ടെങ്കിലും ദുര്യോധനവധത്തിലെ മാധവൻ തന്നെ ഗുരുവിനു പ്രിയം. ആശാൻ കരുണാകര മേനോന്റെ കുചേലനും ശിഷ്യൻ ചേമഞ്ചേരിയുടെ ശ്രീകൃഷ്ണനും ഏറെ അരങ്ങുകളിൽ സതീർഥ്യ സ്നേഹത്തിന്റെയും ദയാവായ്പിന്റെയും രംഗങ്ങൾ തീർത്തിട്ടുണ്ട്, കുചേലവൃത്തത്തിലൂടെ.അരങ്ങ് വിളിച്ചപ്പോൾകോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് മടയങ്കണ്ടിയിൽ ചാത്തുക്കുട്ടി നായരുടെയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടെയും മകനായി 1916 ജൂൺ‌ 20ന് (1091 മിഥുനത്തിലെ കാർത്തിക നക്ഷത്രം) ചേലിയയിൽ കുഞ്ഞിരാമൻ നായർ ജനിച്ചു. കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട മേലൂർ ദേശത്താണു ചേലിയ ഗ്രാമം. ഇവിടെയായിരുന്നു കാർഷിക കുടുംബമായ കിണറ്റിൻകര തറവാട്. പറയത്തക്ക കലാപാരമ്പര്യമൊന്നുമില്ല. മൂന്നാം വയസ്സിൽ അമ്മ മരിച്ചതോടെ അച്ഛന്റെ വീട്ടിലേക്കു താമസം മാറ്റി. ആ തറവാട്ടുകാർ കോൽക്കളി ആശാന്മാരായിരുന്നു.ചുവടിനും താളത്തിനും ഏറെ പ്രാധാന്യം നൽകിയുള്ള കോൽക്കളിയിലെ കാലുകൾ അമർത്തിച്ചവിട്ടിയുള്ള അഭ്യാസമാണ് ഗുരു ചേമഞ്ചേരിയുടെ താളബോധത്തിന് ആധാരം. വേനൽകൃഷിക്ക് വെള്ളരിപ്പന്തലിനു കാവൽനിൽക്കുമ്പോൾ അരങ്ങേറിയിരുന്ന പൊറാട്ടുനാടകവും മറ്റു നാടൻ കലാരൂപങ്ങളും കലാബോധവും പകർന്നു. നാലു വർഷം മാത്രം നീണ്ട സ്കൂൾ ജീവിതത്തിനിടെ കണ്ട സോളമന്റെ നീതി എന്ന നാടകത്തിലെ പെൺകുട്ടിയുടെ അഭിനയതീവ്രത മനസ്സിൽ അഭിനയമോഹം ജനിപ്പിച്ചു.മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗമാണ് കുഞ്ഞിരാമൻ നായരുടെ ആദ്യ കളരി. കഥകളി ഗ്രാമമായ വെള്ളിനേഴിയിലെ കരുണാകര മേനോൻ കഥകളി സംഘത്തിന്റെ നടത്തിപ്പിനായാണ് കോഴിക്കോട്ടെത്തുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് കുഞ്ഞിരാമൻ നായർ മേപ്പയൂർ കഥകളി യോഗത്തിലെത്തിയത്. കരുണാകര മേനോൻ അക്കാര്യംകൊണ്ടുതന്നെ ആദ്യം മടക്കാൻ ശ്രമിച്ചു. എന്നാൽ കഥകളി പഠിക്കണമെന്ന ദൃഢനിശ്ചയം അറിഞ്ഞപ്പോൾ വിലക്കിയില്ല.ഒരിക്കൽ കണ്ണൂർ ചിറയ്ക്കൽ വട്ടളത്ത് ഇല്ലത്ത് കളിക്കിടെ കുഞ്ഞിരാമൻ നായരുടെ കൃഷ്ണനെ കെട്ടിപ്പുണർന്ന ഗുരുവിന്റെ കുചേലൻ ആ മാറിൽനിന്ന് എഴുന്നേറ്റില്ല. ആ തളർച്ച പിന്നീട് കളിയരങ്ങുകളിൽനിന്നു കരുണാകരമേനോനെ അകറ്റി. വൈകാതെ അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു. ചുട്ടി മുതൽ പാട്ടും വേഷവും വരെ കൈകാര്യം ചെയ്തിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു ഗുരു കരുണാകരമേനോൻ.നൃത്യത്തിൽനിന്നു നൃത്തത്തിലേക്ക്ആശാന്റെ മരണം കുഞ്ഞിരാമൻ നായരുടെ മനസ്സിൽ വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു. കളിയരങ്ങിലെ ജീവിതം മതിയാക്കാനുറച്ചാണ് നാട്ടിലെത്തി കൃഷിപ്പണിക്കിറങ്ങിയത്. എന്നാൽ ഇതിനകം അരങ്ങിൽ തിളങ്ങിക്കഴിഞ്ഞിരുന്ന ആ വേഷക്കാരനെ കടത്തനാട്ട് രാജാവ് തന്റെ കളരിയിൽ വിളിച്ചുവരുത്തി. കടത്തനാട്ട് രാമുണ്ണി നായരുടെ കീഴിലായിരുന്നു തുടർന്നുള്ള ചൊല്ലിയാട്ടം.അവിടെവച്ചാണ് കേരള ചരിത്രത്തിൽ ത്യാഗത്തിന്റെ പര്യായമെന്നു പുകൾകൊണ്ട കൗമുദി ടീച്ചർ (മഹാത്മജിക്ക് തന്റെ ആഭരണങ്ങൾ മുഴുവൻ ഊരിക്കൊടുത്ത പെൺകുട്ടി) കുഞ്ഞിരാമൻ നായരെ നൃത്തരംഗത്തേക്കു ക്ഷണിക്കുന്നത്. കണ്ണൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്ന കൗമുദി ടീച്ചർ വിദ്യാർഥികളെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹത്തെ നിയോഗിച്ചു. അവർക്കുവേണ്ടി കൃഷ്ണലീല എന്ന നൃത്തരൂപം തയാറാക്കി കുഞ്ഞിരാമൻ നായർ നൃത്തത്തിൽ ഗുരുവായി. കഥകളിയിലെ സാരിയും കുമ്മിയുമെല്ലാം കൂടിച്ചേർന്ന ഒരു നൃത്തരൂപം. കലാമണ്ഡലത്തിൽ മഹാകവി വള്ളത്തോളിന്റെ ഷഷ്ടിപൂർത്തി ആഘോഷത്തിന് അവതരിപ്പിച്ചു പ്രശംസ നേടിയത് ഈ നൃത്തം തന്നെ. നൃത്താധ്യാപനം തുടരണമെന്ന അവസ്ഥ വന്നതോടെ കലാമണ്ഡലം മാധവൻനായരിൽനിന്നു രംഗപൂജ, ശിവതാണ്ഡവം, വേടനൃത്തം എന്നിവ പഠിച്ചു. തുടർന്നു കണ്ണൂരിലെത്തി മുഴുവൻ‌സമയ നൃത്താധ്യാപകനായി.ഇതിനിടെ തമിഴ്നാട്ടിലെ ബാലചന്ദ്ര ഭായിയിൽനിന്നു ഭരതനാട്യം പഠിച്ചു. അവരുടെ വേദികളിൽ നൃത്താവതരണവുമായി നടക്കുമ്പോഴാണ് തലശ്ശേരിയിലെ ഫെയറി സർക്കസിന്റെ വിളി. സർക്കസ് താരങ്ങളെവച്ചു രൂപംകൊടുത്ത കൃഷ്ണ ഗോപികാ നൃത്തം വൈകാതെ സർക്കസിലെ മുഖ്യ ആകർഷണമായി. അഷ്ടപദിയിലെ ദശാവതാരത്തിനു പ്രാമുഖ്യം നൽകി ചിട്ടപ്പെടുത്തിയ നൃത്തരൂപവും ശ്രദ്ധേയമായി. കേരളപ്പിറവിയോടനുബന്ധിച്ച് ഗുരു ഗോപിനാഥിനൊപ്പം കേരളവിജയം എന്ന നൃത്തശിൽപവും അവതരിപ്പിച്ചു. നൃത്തത്തിന്റെ ചുവടുകളും കഥകളിയുടെ മുദ്രകളും ചേർന്നുള്ള ഈ അവതരണമാണ് കേരള നടനത്തിനു നാന്ദി കുറിച്ചതെന്നു പറയാം.സ്വാതന്ത്ര്യലബ്ധിയോടടുത്ത കാലഘട്ടത്തിൽ കേരളത്തിലെ ജന്മി വ്യവസ്ഥയ്ക്കുണ്ടായ തകർച്ച ഒരർഥത്തിൽ കഥകളിയോഗങ്ങൾക്കു ക്ഷീണമുണ്ടാക്കി. ഇതാണു കഥകളിയിൽനിന്നു നൃത്തത്തിലേക്കു ചേക്കേറാൻ ഗുരുവിനെ പ്രേരിപ്പിച്ച മുഖ്യഘടകം. 1944ൽ കണ്ണൂരിൽ ഭാരതീയ നൃത്യകലാലയം തുടങ്ങി (പിന്നീടത് ഭാരതീയ നാട്യ കലാലയമായി). ഉത്തരകേരളത്തിലെ ആദ്യ നൃത്തവിദ്യാലയമാണിത്. 1946ൽ തലശ്ശേരിയിൽ ഭാരതീയ നാട്യകലാലയം തുടങ്ങി. 1974ൽ കോഴിക്കോട് ജില്ലയിലെ പൂക്കാട് കുഞ്ഞിക്കുളങ്ങര ഗണപതി ക്ഷേത്രത്തിന്റെ മണ്ഡപത്തിനു മുകളിൽ യുവജന കലാലയം തുടങ്ങി. പിന്നീടതു സ്വന്തം കെട്ടിടത്തിലേക്കു മാറ്റി. അതാണ് ഇന്നത്തെ പൂക്കാട് കലാലയം.പൂക്കാട് കലാലയം സ്ഥാപിച്ചതു മലബാർ സുകുമാരൻ ഭാഗവതരും ചേമഞ്ചേരി ശിവദാസനും ഗുരു കുഞ്ഞിരാമൻ നായരും ചേർന്നാണ്. പൂക്കാട് കലാലയവുമായുള്ള അടുപ്പവും അവിടത്തെ പ്രവൃത്തിയുമാണ് ഗുരുവിനെ ചേമഞ്ചേരി കു‍ഞ്ഞിരാമൻ നായരാക്കിയത്. ഏറെക്കാലം നൃത്തനാടക രംഗത്തും നൃത്തപഠനത്തിലും മുഴുകിയപ്പോഴും കിട്ടിയ കഥകളിയരങ്ങുകൾ കുഞ്ഞിരാമൻ നായർ സമർഥമായി ഉപയോഗപ്പെടുത്തി. നൃത്തത്തിൽ മികവിലേക്കുയരുമ്പോഴും മനസ്സു മുഴുവൻ കഥകളിയായിരുന്നു. കഥകളിയുടെ ഉന്നമനം ലക്ഷ്യമിട്ട് 1983ൽ ചേലിയയിൽ കഥകളി വിദ്യാലയം തുടങ്ങി.കുടുംബംമുപ്പത്തിരണ്ടാം വയസ്സിൽ ഗുരു വിവാഹിതനായി. തലശ്ശേരി പുന്നോൽ സ്കൂളിലെ അധ്യാപിക ജാനകിയായിരുന്നു വധു. ഹേമലത, പവിത്രൻ (ബാബു) എന്നു രണ്ടു മക്കൾ കു‍‍ഞ്ഞിരാമൻ നായർ–ജാനകി ദമ്പതിമാർക്കുണ്ടായി. ചെറുപ്പത്തിൽത്തന്നെ രോഗബാധിതയായി ഹേമലത മരിച്ചു. ആ ആഘാതത്തിൽ വിഷാദത്തിനടിപ്പെട്ട ജാനകിയും വൈകാതെ ഗുരുവിനെയും മകനെയും വിട്ടുപോയി. മകൻ ബാബുവിന് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ ദുരന്തം. വീണ്ടും വിവാഹംകഴിക്കാൻ പലരും നിർബന്ധിച്ചെങ്കിലും ജാനകിയുടെ ഓർമകളുമായി മകനെ വളർത്തി കഴിയാനായിരുന്നു ആ പിതാവിന്റെ തീരുമാനം.കഥകളിയിലും ഗാനാലാപനത്തിലും മികവു കാട്ടിയിരുന്നെങ്കിലും മകനെ ആ വഴി നടക്കാൻ പിതാവ് പ്രേരിപ്പിച്ചില്ല. മകൻ പവിത്രൻ ഉദ്യോഗവുമായി കുടുംബസമേതം മുംബൈയിലാണിപ്പോൾ. ചേലിയ കഥകളി വിദ്യാലയത്തിനു സമീപംതന്നെ അനന്തരവൻ ശങ്കരനോടൊപ്പമാണ് ഗുരുവിന്റെ വാസം.അരങ്ങിലെ അനുഭവങ്ങൾകൊയിലാണ്ടി കോതമംഗലത്ത് ജസ്റ്റിസ് വി.‌ആർ. കൃഷ്ണയ്യരുടെ പിതാവ് രാമയ്യരുടെ വീട്ടിൽ ദുര്യോധനവധം കഥകളി. വക്കീലന്മാരും ഗുമസ്തന്മാരുമെല്ലാമായി കനപ്പെട്ട സദസ്സ്. ഗുരുവിന്റെ ശ്രീകൃഷ്ണൻ വിശ്വരൂപം കൈക്കൊണ്ടു. വിശ്വരൂപത്തിന്റെ ഔന്നത്യം കാണിക്കാൻ ഉരലിനു മുകളിൽ കയറി നിവർന്നു വിരിഞ്ഞുനിന്ന ഗുരുവിന്റെ കാൽക്കൽ രാമയ്യർ ഉൾപ്പെടെ സദസ്യർ വീണു നമസ്കരിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ് ഗുരുവിന് ആ അനുഭവം.‌നടുക്കുന്ന മറ്റൊരോർമ ജീവാപായത്തിന് അടുത്തെത്തിയ ദുരന്തമാണ്. നീലേശ്വരത്തു നരകാസുരവധം കളി. ഗുരുവിനു പതിവുപോലെ കൃഷ്ണവേഷം. കളി തുടങ്ങി. വൈകാതെ ഭീകരമായ കാറ്റും മഴയും ഇടിമിന്നലും. മേളക്കാരും പാട്ടുകാരും പിന്നാലെ വേഷക്കാരും അടുത്തുള്ള വീട്ടിൽ ഓടിക്കയറി. കുഞ്ഞിരാമൻ നായർക്ക് അകത്തുകടക്കാൻ കഴിയുംമുൻപേ അതിശക്തമായ ഇടിമിന്നൽ. അദ്ദേഹം തെറിച്ചു മുറ്റത്തു വീണു. ചുട്ടി മുഴുവൻ ഇളകിപ്പോയി. ഏതാനും പേർ മിന്നലേറ്റു മരിച്ചു. കുഞ്ഞിരാമൻ നായരും മരിച്ചെന്നാണ് പിറ്റേന്നു വാർത്ത പരന്നത്. വിവരമറിഞ്ഞു നാട്ടിൽനിന്നു ബന്ധുക്കളെത്തി. എന്നാൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഭഗവാൻ തന്നെ കാത്തു എന്നു പറയുന്നു ഗുരു.എളിമയുടെ പാഠംനൃത്തവും കഥകളിയും മാത്രമല്ല ഗുരു ചേമഞ്ചേരിയിൽനിന്നു പഠിക്കാവുന്നത്. എളിമയും ലാളിത്യവും പെരുമാറ്റത്തിലെ മാന്യതയും ആ ഗുരുവിൽനിന്ന് അദ്ദേഹമറിയാതെ പഠിച്ചെടുക്കാം. ചേലിയയുടെ ചെറുവീഥികളിലൂടെ വെളുത്ത മുണ്ടും ജുബ്ബയുമണിഞ്ഞ് കുടയും ചൂടി നടക്കുന്ന ഗുരു ആ ഗ്രാമത്തിന്റെ ഐശ്വര്യമാണ്. ഒരിക്കൽ കലാമണ്ഡലം രാമൻകുട്ടി നായർ പറഞ്ഞു: ത്യാഗമെന്നതേ നേട്ടം താഴ്മ താൻ അഭ്യുന്നതി എന്നു വള്ളത്തോൾ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ചേമഞ്ചേരി ആശാനും അക്ഷരംപ്രതി യോജിക്കും.‌ഇന്നും ഗുരുവിന്റെ വേഷം തേടിയെത്തുന്നവർ ധാരാളമാണ്. എന്നാൽ പ്രായത്തിന്റെ അലട്ടലുകൾ അവ നിരസിക്കാൻ പ്രേരിപ്പിക്കുന്നു. ചെറിയ സോദാഹരണ ക്ലാസുകളെടുക്കാനും ചടങ്ങുകളിൽ സംബന്ധിക്കാനും ഗുരുവിന് താൽപര്യമാണ്. അരങ്ങിൽ ആടാൻ ഇനിയും വന്നുകൂടെന്നുമില്ല.ഒരിക്കലും ഒടുങ്ങാത്ത കലാതൃഷ്ണയുടെ പച്ചപ്പ് ഇനിയും മനയോല തേക്കാൻ ആ മുഖത്തെ മിനുക്കിയിരിക്കുന്നു.

Related News